കേന്ദ്രത്തിലെ മോദിയും കേരളത്തിലെ പിണറായിയും ഒരേ തൂവല്‍പക്ഷികളാകരുത്
Daily News
കേന്ദ്രത്തിലെ മോദിയും കേരളത്തിലെ പിണറായിയും ഒരേ തൂവല്‍പക്ഷികളാകരുത്
ഡൂള്‍ന്യൂസ് ഡെസ്‌ക്
Friday, 16th December 2016, 6:18 pm

കേരളത്തില്‍ അങ്ങോളമിങ്ങോളം മത വിദ്വേഷ പ്രസംഗം നടത്തുന്ന ഹിന്ദു ഐക്യവേദി നേതാവ് ശശികലയ്‌ക്കെതിരെ കാസര്‍ഗോഡ് പോലീസ് 153 എ വകുപ്പ് പ്രകാരം കേസെടുത്തിട്ടുണ്ട്. അറസ്റ്റോ തടങ്കലോ സര്‍ക്കാര്‍ സ്‌കൂളിലെ അധ്യാപന ജോലിയില്‍ നിന്നോ സസ്‌പെന്റ് ചെയ്തതായി ഒരു അറിവുമില്ല. ഈ അവസരത്തിലാണ് രജീഷിന് നേരെ യു.എ.പി.എ ചുമത്താന്‍ ഭരണകൂടം തുനിയുന്നത്.


sp


ഓരോരുത്തരും മറ്റുള്ളവരുടെ അവകാശത്തിന് വേണ്ടി നിലകൊള്ളുക എന്ന ആഹ്വാനത്തോടെയാണ് ഐക്യരാഷ്ട്ര സംഘടന ഈ വര്‍ഷം മനുഷ്യാവകാശ ദിനം ആചരിച്ചത്. അന്നേ ദിവസം കേരള മുഖ്യമന്ത്രി പിണറായി വിജയന്‍ ഫേസ്ബുക്കില്‍ കുറിച്ച പോസ്റ്റില്‍ ഇങ്ങനെ പറയുന്നു.

“രാജ്യത്തുടനീളവും ലോകത്താകമാനവും മനുഷ്യാവകാശ ലംഘനങ്ങള്‍ തുടര്‍ക്കഥയാകുന്ന സവിശേഷ സാഹചര്യമാണ് നിലവിലുള്ളത്. ആംനെസ്റ്റി ഇന്റര്‍നാഷണല്‍ പ്രസിദ്ധീകരിച്ച 2015-2016 വര്‍ഷത്തെ വാര്‍ഷിക റിപ്പോര്‍ട്ടില്‍ പറയുന്നത് പ്രകാരം നമ്മുടെ രാജ്യത്ത് വര്‍ഗീയ സംഘര്‍ഷങ്ങള്‍, ലിംഗ/ജാതി വിവേചനം, പാര്‍ശ്വവല്‍ക്കരിക്കപ്പെട്ടവര്‍ക്കു നേരെയുള്ള അതിക്രമങ്ങള്‍ മുതലായവ വര്‍ദ്ധിച്ചു വരികയാണ്. ആവിഷ്‌ക്കാര, അഭിപ്രായ സ്വാതന്ത്ര്യങ്ങള്‍ക്കു മേലുള്ള കടന്നു കയറ്റം, അനധികൃത ഭൂമികയ്യേറ്റം, സാധാരണക്കാരുടെ പൗരാവകാശത്തിനുമേലുള്ള കടന്നുകയറ്റം,  അധികാര ദുര്‍വിനിയോഗം, ഭരണകൂടപിന്തുണയോടെ നടത്തപ്പെടുന്ന പീഡനങ്ങള്‍, അവഹേളനങ്ങള്‍, കൊലപാതകങ്ങള്‍ മുതലായവയും വ്യാപകമായിക്കൊണ്ടിരിക്കുന്നു. ഈ സാഹചര്യത്തില്‍ മനുഷ്യാവകാശമുറപ്പു വരുത്തുന്നതില്‍ വീഴ്ച വരാതിരിക്കുവാനുള്ള ബോധപൂര്‍വമായ ശ്രമങ്ങളാണ് സര്‍ക്കാര്‍ സ്വീകരിക്കുന്നത്.”

nilambur-maoist

അദ്ദേഹത്തിന്റെ ഈ വാക്കുകള്‍ പരമാധികാരം കയ്യാളുന്ന കാപട്യം നിറഞ്ഞ ഒരു ഭരണാധികാരിയുടേതെന്നു മനസ്സിലാക്കാന്‍ നിലമ്പൂര്‍ വ്യാജ ഏറ്റുമുട്ടല്‍ കൊലപാതകം മാത്രം മതി. പക്ഷെ അത്തരം ഫാസിസ്റ്റ് രീതി അവിടം കൊണ്ട് തീരുന്നില്ല. കഴിഞ്ഞ ദിവസങ്ങളില്‍ പുറത്തുവരുന്ന വാര്‍ത്തകള്‍ സൂചിപ്പിക്കുന്നത് അത് തന്നെയാണ്. നവംബര്‍ 24 ന് നിലമ്പൂര്‍ കരുളായി വനമേഖലയില്‍ പൊലീസ് വ്യാജ ഏറ്റുമുട്ടലിലൂടെ കൊലപ്പെടുത്തിയ മാവോയിസ്റ്റ് നേതാക്കളായ കുപ്പു ദേവരാജിന്റെയും അജിതയുടെയും കൊലപാതകത്തിനെതിരെ പ്രതിഷേധിച്ചതിന് മുപ്പതോളം രാഷ്ട്രീയമനുഷ്യാവകാശസാംസ്‌കാരിക പ്രവര്‍ത്തകര്‍ക്ക് നേരെ കലാപത്തിന് ശ്രമിച്ചെന്ന കേസ് എടുത്ത് അടിച്ചമര്‍ത്തലിനെ ന്യായീകരിച്ചു.

ഇപ്പോള്‍ ഇതാ മനുഷ്യാവകാശ പ്രവര്‍ത്തകനും ജനകീയ മനുഷ്യാവകാശ പ്രസ്ഥാനം സംസ്ഥാന സമിതി അംഗവും കോഴിക്കോട് വെസ്റ്റ്ഹില്‍ പോളിടെക്‌നിക് ജീവനക്കാരനായ രജീഷ് കൊല്ലക്കണ്ടിയെ വേട്ടയാടുന്നു. രജീഷിനെ അന്വേഷണ വിധേയമായി സര്‍വീസില്‍ നിന്നും സസ്‌പെന്റ് ചെയ്തു ഡിസംബര്‍ 7 ന് ഉത്തരവ് പുറപ്പെടുവിച്ചിരിക്കുന്നു.

സാങ്കേതിക വിദ്യാഭ്യാസ വകുപ്പ് ഡയറക്ടര്‍ ഇറക്കിയ ഉത്തരവ് ഇങ്ങനെ.” കോഴിക്കോട് ജില്ലാ പോലീസ് മേധാവിയുടെ കത്തിനെ തുടര്‍ന്നാണ് നടപടി. നിയമവിരുദ്ധ പ്രവര്‍ത്തന നിരോധന നിയമപ്രകാരം(യു.എ.പി.എ) കുറ്റം ചെയ്തു. തീവ്ര ഇടതുപക്ഷ സംഘടനാ പ്രവര്‍ത്തനം നടത്തുന്നു. ഇത് സര്‍വീസ് ചട്ടങ്ങള്‍ക്ക് വിരുദ്ധമാണ് “.

eduu

മനുഷ്യാവകാശ പ്രവര്‍ത്തകനായ രജീഷിനെതിരെ ഒരു യു.എ.പി.എ കേസുപോലും നിലവില്‍ ഇല്ല. പക്ഷെ അദ്ദേഹം ഭരണകൂടത്തിന് ശത്രുവാണ്. കാരണം അദ്ദേഹം ഉയര്‍ത്തിപ്പിടിക്കുന്ന മനുഷ്യത്വവും നൈതികതയുമാണ്, ജനകീയസമരങ്ങള്‍ക്ക് ഒപ്പം നില്‍ക്കുന്ന മനുഷ്യാവകാശ പ്രവര്‍ത്തകനാണ്, വ്യാജ ഏറ്റുമുട്ടലില്‍ കൊല്ലപ്പെട്ട മാവോയിസ്റ്റ് നേതാക്കളുടെ മൃതദേഹം ബന്ധുക്കള്‍ക്ക് വിട്ടുകിട്ടുവാന്‍ വേണ്ടി പ്രവര്‍ത്തിച്ചു എന്നതാണ്. അദ്ദേഹത്തിന്റെ സാമൂഹിക രാഷ്ട്രീയ പ്രവര്‍ത്തനത്തിന്റെ ഭാഗമായി കുപ്പു ദേവരാജിന്റെ ബന്ധുക്കള്‍ക്ക് താമസ സൗകര്യം ഏര്‍പ്പെടുത്തി എന്നത് ഭീകരവാദ പ്രവര്‍ത്തനമായാണ് ഭരണകൂടം ചിത്രീകരിക്കുന്നത്.

യഥാര്‍ത്ഥത്തില്‍ രജീഷ് നടത്തിയത് നിയമവിധേയ പ്രവര്‍ത്തനമാണ്. രജീഷിന് ഇങ്ങനൊരു വിഷയത്തില്‍ ഇടപെടേണ്ടി വന്നത് പൊലീസ് നടത്തിയ നിയമവിരുദ്ധ പ്രവര്‍ത്തനം തുറന്നു കാട്ടുവാന്‍ അല്ലേ?. കീഴടങ്ങാന്‍ തയ്യാറായ രോഗാവസ്ഥയില്‍ ആയിരുന്ന രണ്ട് രാഷ്ട്രീയ പ്രവര്‍ത്തകരെ കഥകള്‍ മെനഞ്ഞു ഏറ്റുമുട്ടലാണെന്നു വരുത്തി കൊലപ്പെടുത്തിയ പൊലീസുകാര്‍ അല്ലെ കുറ്റക്കാര്‍?.

മൃതദേഹത്തോട് അനാദരവ് കാണിക്കുകയോ ശവസംസ്‌കാര ചടങ്ങുകള്‍ തടസ്സപ്പെടുത്തുന്നതും ഇന്ത്യന്‍ ശിക്ഷാ നിയമം 297 വകുപ്പ് പ്രകാരം ഒരു വര്‍ഷം വരെ തടവ് ശിക്ഷ ലഭിക്കാവുന്ന ഒരു കുറ്റകൃത്യമാണ്. മാവോയിസ്റ്റ് നേതാവ് കുപ്പു ദേവരാജിന്റെ മൃതദേഹം പൊതുദര്‍ശനത്തിന് വയ്ക്കുന്നത് പൊലീസും യുവമോര്‍ച്ചയും തടഞ്ഞിരുന്നു. അങ്ങനൊരു കുറ്റകൃത്യത്തിന് നേതൃത്വം നല്‍കിയ യുവമോര്‍ച്ച പ്രവര്‍ത്തകരും ഇതിന് വഴിയൊരുക്കിയ അസിസ്റ്റന്റ് പോലീസ് കമ്മീഷണര്‍ പ്രേംദാസും കുറ്റക്കാരല്ലേ?.

rajeesh-kollakandy

അപ്പോള്‍ രണ്ടു നീതിയാണ് ഇവിടെ നടപ്പിലാക്കുന്നതെന്നു സാരം. അതുകൊണ്ടാണ് രജീഷിനെ പോലുള്ള മനുഷ്യാവകാശ പ്രവര്‍ത്തകര്‍ അടിച്ചമര്‍ത്തപ്പെടുന്ന ജനതയ്‌ക്കൊപ്പം നിലകൊള്ളുന്നത്. കേരളത്തില്‍ അങ്ങോളമിങ്ങോളം മത വിദ്വേഷ പ്രസംഗം നടത്തുന്ന ഹിന്ദു ഐക്യവേദി നേതാവ് ശശികലയ്‌ക്കെതിരെ കാസര്‍ഗോഡ് പോലീസ് 153 എ വകുപ്പ് പ്രകാരം കേസെടുത്തിട്ടുണ്ട്. അറസ്റ്റോ തടങ്കലോ സര്‍ക്കാര്‍ സ്‌കൂളിലെ അധ്യാപന ജോലിയില്‍ നിന്നോ സസ്‌പെന്റ് ചെയ്തതായി ഒരു അറിവുമില്ല. ഈ അവസരത്തിലാണ് രജീഷിന് നേരെ യു.എ.പി.എ ചുമത്താന്‍ ഭരണകൂടം തുനിയുന്നത്.

മനുഷ്യാവകാശ പ്രവര്‍ത്തനം കുറ്റകൃത്യമായി ഭരണകൂടം കാണുന്നത് ഇത് ആദ്യമായല്ല. ബിനായക് സെന്‍, സോണി സോറി, ഖുറാം പര്‍വേസ് തുടങ്ങി ഇങ്ങു കേരളത്തില്‍ അഡ്വ. തുഷാര്‍ അടക്കം അനവധി മനുഷ്യാവകാശ പ്രവര്‍ത്തകര്‍ യു.എ.പി.എ പ്രകാരം തടവില്‍ കഴിയേണ്ടി വന്നിട്ടുണ്ട്.

ഈ ഭരണകൂട തീരുമാനങ്ങള്‍ എടുത്തതാകട്ടെ ബി.ജെ.പി, കോണ്‍ഗ്രസ് ഭരണത്തിലാണ്. പക്ഷെ രജീഷിനെതിരെ യു.എ.പി.എ ചുമത്തുന്നത്, യു.എ.പി.എ ചുമത്തുന്നത് നമ്മുടെ നയമല്ലെന്നു പറയുന്ന സി.പി.ഐ.എം നേതൃത്വത്തിലുള്ള ഇടത് സര്‍ക്കാര്‍ എന്നത് പ്രതിഷേധാര്‍ഹമാണ്. തിരഞ്ഞെടുപ്പെന്ന കേവല ജനാധിപത്യത്തിലേക്ക് ഇവിടത്തെ ജനാധിപത്യ വ്യവസ്ഥിതി ചുരുങ്ങിയിരിക്കുന്നു.

ഭരണകൂടത്തിലധിഷ്ഠിതമായ, സ്വന്തം ജനതയെ ശത്രുപക്ഷത്തു നിര്‍ത്തുന്ന വ്യവസ്ഥിതി ഇന്ന് പൗരസ്വാതന്ത്ര്യത്തെ ഇല്ലായ്മ ചെയ്യുകയാണ്. ഇങ്ങനെയൊരു മാറ്റത്തിനൊപ്പം നടന്നവര്‍ ഇവിടത്തെ മുഖ്യധാരാ രാഷ്ട്രീയ പ്രസ്ഥാനങ്ങളാണ്. അതുകൊണ്ട് തന്നെയാണ് സി.പി.ഐ.എം നേതൃത്വം നല്‍കുന്ന സര്‍ക്കാരിന് ഇത്രയും ജനാധിപത്യ വിരുദ്ധമായി പ്രവര്‍ത്തിക്കേണ്ടി വരുന്നത്.

ഈ സര്‍ക്കാര്‍ അധികാരത്തില്‍ വന്നിട്ട് ആറുമാസം പിന്നിടുമ്പോള്‍ പത്തു യു.എ.പി.എ കേസുകളാണ് രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്. രൂപത്തിലും ഭാവത്തിലും ജനാധിപത്യമാണ്, പക്ഷെ അധികാര സംവിധാനങ്ങള്‍ ഭരണകൂടത്തില്‍ അര്‍പ്പിതാവുമായ പരമാധികാരമാണ് നടപ്പിലാക്കുന്നത്. കേന്ദ്രത്തിലെ മോദിയും കേരളത്തിലെ പിണറായിയും ഒരേ തൂവല്‍പക്ഷികള്‍ ആകുന്നതും.

നീതിക്ക് വേണ്ടി സംസാരിക്കുന്നവരെ തടവറയിലേക്ക് തള്ളിവിടുന്ന ഫാസിസ്റ്റ് അടിച്ചമര്‍ത്തലിന്റെ പുതിയ ഇരയായി രജീഷ് മാറുന്നത് ചെറുത്തു തോല്‍പ്പിച്ചേ മതിയാകൂ, ജനാധിപത്യ അവകാശങ്ങള്‍ക്ക് വേണ്ടിയുള്ള പോരാട്ടത്തിന് ശക്തിപകരാന്‍.