national news
നിങ്ങളുടെ ജീവന്‍ നഷ്ടപ്പെടുത്തരുത്, നീറ്റ് റദ്ദാക്കും: എം.കെ സ്റ്റാലിന്‍
ചെന്നൈ: നീറ്റ് പരീക്ഷക്കായി തയ്യാറെടുക്കുന്നവര്‍ ആത്മഹത്യാപ്രവണതയില്‍ ഏര്‍പ്പെടരുതെന്നും ജീവിതത്തെ ആത്മവിശ്വാസത്തോടെ നേരിടണമെന്നും തമിഴ്‌നാട് മുഖ്യമന്ത്രി എം.കെ. സ്റ്റാലിന്‍. നീറ്റ് പരീക്ഷയില്‍ പരാജയപ്പെട്ടതിനെ തുടര്‍ന്ന് വിദ്യാര്‍ത്ഥിയും പിന്നാലെ അച്ഛനും ജീവനൊടുക്കിയതിന് പിന്നാലെയാണ് മുഖ്യമന്ത്രിയുടെ പ്രതികരണം.
ഏതാനും മാസങ്ങള്‍ക്കുള്ളില്‍ അധികാര മാറ്റം സംഭവിക്കുമെന്നും അതോടെ നീറ്റ് റദ്ദാക്കുമെന്നും അദ്ദേഹം പറഞ്ഞു. ‘ഇപ്പോള്‍ ഒപ്പിടില്ലെന്ന് പറയുന്നവരൊക്കെ അപ്പോള്‍ അപ്രത്യക്ഷമാകും,’ നീറ്റിനെതിരായ ബില്ലില്‍ ഒപ്പിടാന്‍ വിസമ്മതിച്ച ഗവര്‍ണര്‍ ആര്‍.എന്‍ രവിയെ പരാമര്‍ശിച്ചുകൊണ്ട് അദ്ദേഹം പറഞ്ഞു.
‘വിദ്യാര്‍ത്ഥി ജഗദീശ്വരന്റെയും പിതാവ് സെല്‍വ ശേഖറിന്റെയും വിയോഗത്തില്‍ അഗാദമായ അനുശോചനം രേഖപ്പെടുത്തുന്നു. നീറ്റ് മൂലമുള്ള അവസാനത്തെ മരണമാകട്ടെ ഇത്,’ അദ്ദേഹം പ്രസ്താവനയിലൂടെ പറഞ്ഞു. ജഗദീശ്വരന്റെ കുടുംബത്തെ എങ്ങനെയാണ് ആശ്വസിപ്പിക്കേണ്ടതെന്ന് തനിക്കറിയില്ലെന്നു മുഖ്യമന്ത്രി പറഞ്ഞു.
‘അവനെ ഡോക്ടറായി കാണാന്‍ അവന്റെ കുടുംബം ആഗ്രഹിച്ചു. എന്നാല്‍ നീറ്റ് പരീക്ഷയില്‍ പരാജയപ്പെട്ട് ജീവനൊടുക്കിയവരുടെ പട്ടികയിലേക്ക് എത്താനാണ് അവന് സാധിച്ചത്. ഇത് വളരെ ദൗര്‍ഭാഗ്യകരമായ സംഭവമാണ്,’ അദ്ദേഹം പറഞ്ഞു. നീറ്റുമായി ബന്ധപ്പെട്ട് നിരവധി ആത്മഹത്യകളാണ് കുറച്ച് വര്‍ഷങ്ങളായി സംസ്ഥാനത്ത് റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
‘ഏത് സാഹചര്യത്തിലും ജീവനൊടുക്കാനുള്ള തീരുമാനത്തിലേക്ക് വിദ്യാര്‍ത്ഥികള്‍ എത്തരുതെന്ന് ഞാന്‍ അഭ്യര്‍ത്ഥിക്കുന്നു. നിങ്ങളുടെ വളര്‍ച്ചക്ക് തടസമായിട്ടുള്ള നീറ്റ് റദ്ദാക്കും. ഇതിനായി നിയപരമായ ഇടപെടല്‍ സര്‍ക്കാര്‍ നടത്തുന്നുണ്ട്,’ പ്രസ്താവനയിലൂടെ സ്റ്റാലിന്‍ അറിയിച്ചു. തമിഴ്‌നാട്ടില്‍ നീറ്റ് ഒഴിവാക്കണമെന്ന് ആവശ്യപ്പെട്ടുള്ള ആദ്യ പ്രമേയം ഗവര്‍ണര്‍ തിരിച്ചയച്ചതായും രണ്ടാമത്തെ പ്രമേയം രാഷ്ട്രപതിക്ക് അയച്ചിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.
‘ഗവര്‍ണര്‍ രവി ബില്‍ മാറ്റിവെക്കാനാണ് ആഗ്രഹിക്കുന്നത്. നീറ്റ് പരീക്ഷ വളരെ ചെലവേറിയതാണ്. ധനികര്‍ക്ക് മാത്രമേ താങ്ങാന്‍ സാധിക്കുന്നുള്ളൂ. പണം ഉപയോഗിച്ച് പഠിക്കാന്‍ കഴിയാത്തവര്‍ പരാജയപ്പെടുകയാണ്. പണമുണ്ടെങ്കില്‍ മാത്രമേ നീറ്റ് വിജയിക്കാന്‍ കഴിയൂവെന്ന സാഹചര്യമാണുള്ളത്. എന്നാല്‍ മെഡിക്കല്‍ കോളേജില്‍ പാവപ്പെട്ട കുട്ടികള്‍ക്കായി 7.5 ശതമാനം സംവരണം സര്‍ക്കാര്‍ നല്‍കുന്നുണ്ട്. ഗവര്‍ണര്‍ ഇതൊന്നും മനസിലാക്കാന്‍ ശ്രമിക്കുന്നില്ല, കോച്ചിങ് സെന്ററുകള്‍ക്ക് ഗുണമുണ്ടാക്കാനാണ് അദ്ദേഹം പ്രവര്‍ത്തിക്കുന്നതെന്ന് സംശയമുണ്ട്,’ മുഖ്യമന്ത്രി പറഞ്ഞു. ഗവര്‍ണറുടെ ഹൃദയം കല്ലു പോലെയാണെന്നും ജഗദീശ്വരന്റെ പോലെ എത്ര ജീവനുകള്‍ നഷ്ടപ്പെട്ടാലും അത് ഉരുകില്ലെന്നും സ്റ്റാലിന്‍ കുറ്റപ്പെടുത്തി.
Content Highlights: Dont loss your life; neet will scrapped: M.K stalin