| Thursday, 21st March 2019, 1:38 pm

ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ മത്സരിച്ചില്ലെങ്കിലും പ്രധാനമന്ത്രി ആകാം: സൂചനയുമായി മായാവതി

ഡൂള്‍ന്യൂസ് ഡെസ്‌ക്

ന്യൂദല്‍ഹി: ലോക്‌സഭ തെരഞ്ഞെടുപ്പില്‍ മല്‍സരിച്ചില്ലെങ്കിലും പ്രധാനമന്ത്രിയാകാനാവുമെന്ന് ബി.എസ്.പി അധ്യക്ഷ മായാവതി. ലോക്‌സഭ തെരഞ്ഞെടുപ്പില്‍ മല്‍സരിക്കില്ലെന്ന പ്രസ്താവനക്ക് പിന്നാലെയാണ് വിശദീകരണവുമായി മായാവതി എത്തിയത്. ട്വിറ്ററിലുടെയായിരുന്നു മായാവതി നിലപാട് വ്യക്തമാക്കിയത്.

ലോക്‌സഭ തെരഞ്ഞെടുപ്പില്‍ മല്‍സരിക്കില്ലെന്ന തീരുമാനത്തില്‍ പാര്‍ട്ടി പ്രവര്‍ത്തകര്‍ നിരാശരാകേണ്ടെന്നും പ്രധാനമന്ത്രി പദത്തിലെത്തി ആറു മാസത്തിനകം ലോക്‌സഭയിലേക്കോ രാജ്യസഭയിലേക്കാ ജയിച്ചാല്‍ മതിയാകുമെന്നും മായാവതി ട്വിറ്ററില്‍ കുറിച്ചു.
1995 ല്‍ ആദ്യമായി യു.പി മുഖ്യമന്ത്രിയായിരുന്നപ്പോള്‍ നിയമസഭയിലോ കൗണ്‍സിലിലോ അംഗമായിരുന്നില്ലെന്നും മായാവതി ട്വിറ്ററില്‍ പറഞ്ഞു. അതേ രീതിയില്‍ പ്രധാനമന്ത്രിയാകാന്‍ കഴിയുമെന്നാണ് മായാവതി സൂചിപ്പിച്ചത്.


”മനുഷ്യര്‍ക്ക് മാത്രമേ മൗലികാവകാശമുള്ളൂ, കാളയ്ക്കില്ല”; ശബരിമല വിധിയെ ജെല്ലിക്കെട്ടുമായി താരതമ്യം ചെയ്ത് വാദിച്ച് വോട്ടു ചോദിച്ച കെ. സുധാകരനും ബിന്ദു അമ്മിണിയും നേര്‍ക്കുനേര്‍


“”1995 ല്‍ ആദ്യമായി യു.പി മുഖ്യമന്ത്രിയാകുമ്പോള്‍ ഞാന്‍ യു.പി അസംബ്ലിയിലോ കൗണ്‍സിലിലോ അംഗമായിരുന്നില്ല. ഇതേരീതിയില്‍ പ്രധാനമന്ത്രി പദത്തിലെത്തി ആറു മാസത്തിനകം ലോക്‌സഭയിലേക്കോ രാജ്യസഭയിലേക്കാ ജയിച്ചാല്‍ മതിയാകും. ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ മത്സരിക്കാനില്ലെന്ന തീരുമാനത്തില്‍ പ്രവര്‍ത്തകര്‍ നിരാശരാകരുത്”- മായാവതി ട്വിറ്ററില്‍ കുറിച്ചു.

നേരത്തെ പ്രധാനമന്ത്രി പദവിക്ക് അവകാശവാദമുന്നയിച്ച് മായാവതി രംഗത്തെത്തിയിരുന്നു. എന്നാല്‍, ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ മത്സരിക്കാനില്ലെന്ന് മായാവതി പറഞ്ഞതോടെ പ്രധാനമന്ത്രി പദത്തിലേക്ക് മായാവതിയില്ലെന്ന രീതിയില്‍ പ്രചരണം ശക്തമായിരുന്നു. ഇതിന് പിന്നാലെയാണ് നിലപാട് വിശദീകരിച്ച് എത്തിച്ചത്. ലോക്സഭാ തെരഞ്ഞെടുപ്പില്‍ മത്സരിക്കാനില്ലെന്ന് ഇന്നലെയാണ് മായാവതി വ്യക്തമാക്കിയത്.

തന്റെ വിജയത്തേക്കാളും സ്ഥാനാര്‍ത്ഥിത്വത്തേക്കാളും വലുത് എസ്.പി-ബി.എസ്.പി സഖ്യത്തിന്റെ വിജയമാണെന്നും മായാവതി പറഞ്ഞിരുന്നു. ” ഏത് സീറ്റില്‍ മത്സരിച്ചാലും ഞാന്‍ വിജയിക്കുമെന്ന് എനിക്കറിയാം. നോമിനേഷന്‍ കൊടുക്കുക എന്ന ഒരു ജോലി മാത്രമേ എനിക്കുള്ളൂ. ബാക്കി എല്ലാം എന്റെ പ്രവര്‍ത്തകര്‍ നോക്കും.

ആര്‍.എല്‍.ഡിയുമായും എസ്.പിയുമായും ചേര്‍ന്ന് ശക്തമായ ഒരു കൂട്ടുകെട്ടാണ് ഇപ്പോള്‍ ഉണ്ടാക്കിയിരിക്കുന്നത്. ബി.ജെ.പിയെ തോല്‍പ്പിക്കുക എന്ന ഒരൊറ്റ ലക്ഷ്യം മാത്രമാണ് അതിന് പിറകില്‍. ഞാന്‍ ഒരു സീറ്റില്‍ വിജയിക്കുന്നതിനേക്കാള്‍ ഞങ്ങളുടെ സഖ്യം നിരവധി സീറ്റുകളില്‍ മത്സരിച്ചു ജയിച്ചു കാണാനാണ് ഞാന്‍ ആഗ്രഹിക്കുന്നത്. ഞങ്ങളുടെ പ്രവര്‍ത്തനങ്ങള്‍ കൂടുതല്‍ സജീവമാക്കുന്നതിന്റെ ഭാഗമായി ഞാന്‍ നേരത്തെ രാജ്യസഭയില്‍ നിന്ന് രാജിവെച്ചിരുന്നു. ഇപ്പോഴത്തെ ഈ പ്രത്യേക സാഹചര്യത്തില്‍ ഞാന്‍ മത്സരിക്കേണ്ടതില്ലെന്നാണ് എന്റെ തീരുമാനം- എന്നായിരുന്നു മായാവതിയുടെ വാക്കുകള്‍.

We use cookies to give you the best possible experience. Learn more