| Friday, 17th August 2012, 12:12 am

ആസാം കലാപത്തിന് പകരം വീട്ടുമെന്ന് വ്യാജ എസ്.എം.എസ്: ആയിരക്കണക്കിന് പേര്‍ ബാംഗ്ലൂര്‍ നഗരം വിടുന്നു

ഡൂള്‍ന്യൂസ് ഡെസ്‌ക്

ബാംഗ്ലൂര്‍: ആസാമിലെ അക്രമ സംഭവങ്ങള്‍ക്ക് പകരം ചോദിക്കുമെന്ന അജ്ഞാത സന്ദേശം പടര്‍ന്നതിനെ തുടര്‍ന്ന് ആയിരക്കണക്കിന് വടക്കുകിഴക്കന്‍ സംസ്ഥാനക്കാര്‍ കൂട്ടത്തോടെ ബാംഗ്ലൂര്‍ നഗരം വിടുന്നു. ഏകദേശം 7000ത്തിലധികം പേര്‍ ബുധനാഴ്ച മാത്രം ബാംഗ്ലൂരില്‍ നിന്നും ഗുവാഹത്തിയിലേക്ക് പോയിട്ടുണ്ടെന്നാണ് കണക്ക്.[]

ഇന്നലെയും ആയിരക്കണക്കിന് ആളുകളാണ് ബാംഗ്ലൂരില്‍ നിന്നും സ്വദേശത്തേക്ക് പലായനം ചെയ്തത്. ആഗസ്റ്റ് 14ന് ആന്ധ്രയില്‍ പുറത്തിറങ്ങിയ തെലുങ്ക് ഭാഷാ പത്രമായ സാക്ഷിയില്‍ ആസാമിലെ അക്രമസംഭവങ്ങള്‍ക്ക് തങ്ങള്‍ തിരിച്ചടിക്കുമെന്നും ബാംഗ്ലൂര്‍ നഗരത്തെ കേന്ദ്രീകരിച്ചാവും അക്രമം അഴിച്ചുവിടുകയെന്നും റിപ്പോര്‍ട്ടുകളുണ്ടായിരുന്നു.

ഈ വാര്‍ത്തയുടെ ഉള്ളടക്കങ്ങള്‍ വെച്ച് ആസാമിലെ ദൈനിക് ആഗ്ര ദൂത് ദിനപത്രം ഒന്നാം പേജില്‍ മുഖ്യവാര്‍ത്ത നല്‍കിയതോടെ ആശങ്കയിലായ രക്ഷിതാക്കള്‍ മക്കളോട് തിരിച്ചു വരാന്‍ ആവശ്യപ്പെടുകയായിരുന്നു.

ആഗസ്റ്റ് 14ന് ഒരു തിബത്തന്‍ വിദ്യാര്‍ഥിക്ക് മൈസൂരില്‍ അജ്ഞാതരുടെ കുത്തേറ്റിരുന്നു. കര്‍ണാടകയില്‍ അക്രമമുണ്ടാവുമെന്ന വ്യാജ സന്ദേശം പ്രചരിക്കുകയും ചെയ്തതോടെ ആസാം, മണിപ്പൂര്‍ തുടങ്ങിയ സംസ്ഥാനങ്ങളിലെ വിദ്യാര്‍ഥികളും വിവിധ കമ്പനികളില്‍ ജോലി ചെയ്യുന്നവരും കൂട്ടത്തോടെ സ്ഥലം വിടുകയായിരുന്നു.

ബുധനാഴ്ച രാത്രി മുതല്‍ ബാംഗ്ലൂര്‍ സിറ്റി റെയില്‍വേ സ്‌റ്റേഷനില്‍ വന്‍ തിരക്കനുഭവപ്പെട്ടതോടെയാണ് സംഭവം അധികൃതരുടെ ശ്രദ്ധയില്‍ പെട്ടത്. തിരക്കിനെ തുടര്‍ന്ന് ബാംഗ്ലൂര്‍ ഗുവാഹതി ട്രെയിനിന് പുറമെ രാത്രി 11മണിക്ക് ശേഷം രണ്ടു പ്രത്യേക ട്രെയിനുകള്‍ കൂടി റെയില്‍വേക്ക് അനുവദിക്കേണ്ടി വന്നു.

സംഭവത്തിന്റെ ഗൗരവം കണക്കിലെടുത്ത് ആഭ്യന്തര മന്ത്രി അശോകിന്റെ നേതൃത്വത്തില്‍ പൊലീസ് സംഘം റെയില്‍വേ സ്‌റ്റേഷനില്‍ എത്തി ഭയപ്പെടേണ്ട സാഹചര്യമില്ലെന്ന് മൈക്കിലൂടെ അറിയിപ്പ് നല്‍കിയെങ്കിലും ജനങ്ങളുടെ പരിഭ്രാന്തി വിട്ടകന്നില്ല.

ദേശീയ മാധ്യമങ്ങളെല്ലാം ഒന്നാം പേജില്‍ വാര്‍ത്ത പ്രസിദ്ധീകരിച്ചതോടെ ഇന്നലെ രാവിലെയും നിരവധി പേര്‍ റെയില്‍വേ സ്‌റ്റേഷനുകളിലെത്തി. ബാംഗ്ലൂര്‍ വിടേണ്ട സാഹചര്യമില്ലെന്ന് മുഖ്യമന്ത്രി ജഗദീഷ് ഷെട്ടറും പറഞ്ഞു. ആസാം മുഖ്യമന്ത്രി തരുണ്‍ ഗൊഗോയിയും ഭയാശങ്കകള്‍ വേണ്ടെന്ന് ബംഗളൂരുവിലുള്ളവരെ അറിയിച്ചു.

അഭ്യൂഹം പരത്തിയ എസ്.എം.എസിന്റെ ഉറവിടത്തെക്കുറിച്ച് അന്വേഷണം ആരംഭിച്ചിട്ടുണ്ടെന്നും സുരക്ഷാ കാരണങ്ങളാല്‍ കൂടുതല്‍ വിശദാംശങ്ങള്‍ വെളിപ്പെടുത്താനാവില്ലെന്നും ആഭ്യന്തരമന്ത്രി അറിയിച്ചു.

We use cookies to give you the best possible experience. Learn more