'ഇപ്പോഴെനിക്ക് കുറ്റബോധമുണ്ട്' കെജ്‌രിവാളിനെ അടിച്ച യുവാവ് പറയുന്നു
D' Election 2019
'ഇപ്പോഴെനിക്ക് കുറ്റബോധമുണ്ട്' കെജ്‌രിവാളിനെ അടിച്ച യുവാവ് പറയുന്നു
ഡൂള്‍ന്യൂസ് ഡെസ്‌ക്
Friday, 10th May 2019, 12:49 pm

 

ന്യൂദല്‍ഹി: ആരും പറഞ്ഞിട്ടല്ല ദല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാളിനെ അടിച്ചതെന്ന് ദല്‍ഹിയില്‍ കെജ്‌രിവാളിനെ അടിച്ച 33 കാരന്‍. അങ്ങനെ സംഭവിച്ചതില്‍ തനിക്ക് കുറ്റബോധമുണ്ടെന്നും അദ്ദേഹം പറഞ്ഞു.

സുരേഷ് ചൗഹാന്‍ എന്നയാളാണ് മെയ് നാലിന് ഒരു റോഡ് ഷോയ്ക്കിടെ കെജ്‌രിവാളിനെ അടിച്ചത്. കെജ്‌രിവാള്‍ സഞ്ചരിച്ച എസ്.യു.വിയുടെ ബോണറ്റിനു മുകളില്‍ കയറി നിന്ന് അദ്ദേഹത്തെ അടിക്കുകയായിരുന്നു. കൈലാഷ് പാര്‍ക്കില്‍ സ്‌പെയര്‍ പാട്‌സ് ബിസിനസ് നടത്തുകയാണ് ചൗഹാന്‍.

‘ ഞാനെന്തിനാണ് അയാളെ അടിച്ചതെന്ന് എനിക്ക് അറിയില്ല. അതിലെനിക്ക് കുറ്റബോധമുണ്ട്.’ ചൗഹാന്‍ പറഞ്ഞു.

സെക്ഷന്‍ 323 പ്രകാരമാണ് ചൗഹാനെതിരെ കേസെടുത്തത്. തനിക്കൊരു രാഷ്ട്രീയ പാര്‍ട്ടിയുമായും ബന്ധമില്ലെന്നാണ് ചൗഹാന്‍ അവകാശപ്പെടുന്നത്.

‘എനിക്കൊരു രാഷ്ട്രീയ പാര്‍ട്ടിയുമായും ബന്ധമില്ല. ആരും എന്നോട് ഇങ്ങനെ ചെയ്യണമെന്ന് ആവശ്യപ്പെട്ടിട്ടില്ല. പൊലീസ് എന്നോട് മോശമായി പെരുമാറിയിട്ടില്ല. ഞാന്‍ ചെയ്തത് തെറ്റാണെന്ന് മാത്രമാമ് അവര്‍ എന്നോട് പറഞ്ഞത്.’ അദ്ദേഹം വ്യക്തമാക്കി.

കെജ്രിവാളിനെതിരായ ആക്രമണം പ്രതിപക്ഷം ആസൂത്രണം ചെയ്തതാണെന്ന് എ.എ.പി ആരോപിച്ചിരുന്നു.

നേരത്തെയും കെജ്‌രിവാൡനെതിരെ ആക്രമണമുണ്ടായിരുന്നു. ബി.ജെ.പി പ്രവര്‍ത്തകരായിരുന്നു ഇതിനു പിന്നില്‍ ഫെബ്രുവരിയില്‍ നരേലയില്‍ വികസന പരിപാടികള്‍ ഉദ്ഘാടനം ചെയ്യാന്‍ പോകുന്ന സമയത്ത് ബി.ജെ.പി പ്രവര്‍ത്തകര്‍ അദ്ദേഹത്തിന്റെ കാര്‍ ആക്രമിച്ചിരുന്നു.

കഴിഞ്ഞ വര്‍ഷം നംവബറില്‍ ദല്‍ഹി സെക്രട്ടേറിയറ്റിന് പുറത്ത് വെച്ച് കെജ്‌രിവാളിനെതിരെ മുളകുപൊടിയെറിഞ്ഞ സംഭവമുണ്ടായിരുന്നു. 2016ല്‍ ഷൂവേറും മഷിയേറും കെജ്‌രിവാളിനെതിരെ ഉണ്ടായിരുന്നു.

2014ലും കെജ്രിവാളിന് നേരെ ദല്‍ഹിയില്‍ ആക്രമണമുണ്ടായിരുന്നു. 2014ല്‍ ദല്‍ഹി സുല്‍ത്താന്‍പുരിയില്‍ വെച്ച് റോഡ് ഷോയ്ക്കിടെ ഓട്ടോ ഡ്രൈവര്‍ കെജ്‌രിവാളിന്റെ മുഖത്തടിച്ചിരുന്നു.