ബംഗളുരു: ഗൗരി ലങ്കേഷ് വധക്കേസില്‍ അറസ്റ്റിലായ പരശുറാം വാഗ്മാറിന് തീവ്രഹിന്ദുത്വ സംഘടനകളുമായുള്ള ബന്ധം പരിശോധിച്ചു വരുന്നതിനിടെ, ഇയാള്‍ ശ്രീരാമസേന നേതാവ് പ്രമോദ് മുത്തലിക്കിനൊപ്പം നില്‍ക്കുന്ന ചിത്രങ്ങള്‍ സമൂഹമാധ്യമങ്ങളില്‍ പ്രചരിക്കുന്നു. തിങ്കളാഴ്ച കര്‍ണാടകയിലെ ബീജാപ്പൂരില്‍ നിന്നും അറസ്റ്റുചെയ്ത വാഗ്മാറാണ് ഗൗരിയെ വെടിവച്ചു വീഴ്ത്തിയതെന്നാണ് റിപ്പോര്‍ട്ടുകള്‍.
പരശുറാം വാഗ്മാറിന് ഹൈന്ദവസംഘടനകളുമായുള്ള ബന്ധത്തെക്കുറിച്ച് വ്യക്തമായ സൂചനകള്‍ നല്‍കുന്നതാണ് വര്‍ഷങ്ങള്‍ക്കുമുമ്പെടുത്ത ഈ ചിത്രങ്ങള്‍. എന്നാല്‍ ഇയാളെ അറിയില്ലെന്നും, തന്റെ സംഘടനയുമായി ഇയാള്‍ക്ക് ബന്ധങ്ങളൊന്നുമില്ലെന്നും പ്രസ്താവിച്ചുകൊണ്ട് മുത്തലിക്കും രംഗത്തെത്തിയിട്ടുണ്ട്.
“ഹിന്ദുമതവും സംസ്‌കാരവും സംരക്ഷിക്കാനായി പ്രവര്‍ത്തിക്കുന്നയാളെന്ന നിലയ്ക്ക് ധാരാളം പേര്‍ എന്നെ സന്ദര്‍ശിക്കാറും ഒപ്പം നിന്ന് ചിത്രങ്ങളെടുക്കാറുമുണ്ട്. അവരെയൊന്നും എനിക്ക് പരിചയമുണ്ടാകണമെന്നില്ല.” മുത്തലിക്ക് മാധ്യമങ്ങളോടു പറഞ്ഞു.
ഗൗരി ലങ്കേഷ് വധക്കേസില്‍ പ്രതിചേര്‍ക്കപ്പെട്ടിട്ടുള്ള മറ്റൊരാളുമായി മുത്തലിക്കിനുള്ള പരിചയം പരസ്യമായി സമ്മതിച്ചതിനടുത്ത ദിവസമാണ് ചിത്രങ്ങള്‍ പുറത്തായിരിക്കുന്നത്. അറസ്റ്റിലുള്ള നവീന്‍ കുമാര്‍ ഒപ്പിട്ടു കോടതിയില്‍ സമര്‍പ്പിച്ച സ്റ്റേറ്റ്‌മെന്റില്‍ മുത്തലിക്കിനെ സന്ദര്‍ശിച്ചതായും, താന്‍ താമസിക്കുന്ന മഡ്ഡൂരില്‍ ഹിന്ദു ധര്‍മം പ്രചരിപ്പിക്കാന്‍ മുത്തലിക്ക് തന്നോടാവശ്യപ്പെട്ടതായും വ്യക്തമാക്കുന്നുണ്ട്.
നവീന്‍ കുമാറിനെ അറിയാമെന്നും, എന്നാല്‍ വധക്കേസിലെ മറ്റു പ്രതികളുമായി പരിചയമൊന്നുമില്ലെന്നും മുത്തലിക്ക് മാധ്യമങ്ങളോടു പറഞ്ഞിരുന്നു. കേസിലെ മുഖ്യ പ്രതിയായ വാഗ്മാര്‍ സിന്‍ഡാഗി തഹസില്‍ദാര്‍ ഓഫീസിനു മുന്നില്‍ പാക്കിസ്ഥാന്റെ ദേശീയപതാകയുയര്‍ത്തി വര്‍ഗ്ഗീയലഹളയുണ്ടാക്കാന്‍ ശ്രമിച്ചതിന്റെ പേരില്‍ 2012ല്‍ അറസ്റ്റിലായിരുന്നു. അന്നും ഇയാള്‍ ശ്രീരാമസേനയുടെ പ്രവര്‍ത്തകനാണെന്ന ആരോപണങ്ങളുയര്‍ന്നിരുന്നു.