| Friday, 3rd May 2019, 11:10 pm

ഇഷ്ടവസ്ത്രം ധരിക്കാൻ അനുവദിക്കണം: കേന്ദ്രമന്ത്രി പിയുഷ് ഗോയൽ

ഡൂള്‍ന്യൂസ് ഡെസ്‌ക്

ന്യൂദൽഹി: എം.ഇ.എസ്. ബുര്‍ഖ വിവാദത്തിൽ പ്രതികരണവുമായി കേന്ദ്രമന്ത്രി പിയുഷ് ഗോയൽ. മുസ്‌ലിം സ്ത്രീകള്‍ക്ക് ഇഷ്ട വസ്ത്രം ധരിക്കാനുള്ള സ്വാതന്ത്രമുണ്ടെന്നും അതിൽ സര്‍ക്കാര്‍ ഇടപെടാൻ പാടില്ലെന്നുമാണ് ഗോയൽ അഭിപ്രായപ്പെട്ടത്. വസ്ത്രധാരണം വ്യക്തിസ്വാതന്ത്രത്തിൻ്റെ ഭാഗമാണെന്നും മാതാചാരങ്ങളിൽ വിലക്ക് ഏര്‍പ്പെടുത്താൻ പാടില്ലെന്നും അദ്ദേഹം പറഞ്ഞു.

കഴിഞ്ഞ ദിവസമാണ് പെണ്‍കുട്ടികള്‍ മുഖം മറയ്‍ക്കുന്ന വസ്ത്രം ധരിച്ച് കോളജില്‍ വരരുതെന്ന് മുസ്‌ലിം എജ്യുക്കേഷന്‍ സൊസൈറ്റി സര്‍ക്കുലര്‍ പുറത്തിറക്കിയത്. മതമൗലിക വാദത്തിന് എതിരെയാണ് നിലപാട് എന്നാണ് എം.ഇ.എസ‍്‍. നിലപാടെടുത്തിരിക്കുന്നത്. ഹൈക്കോടതി ഉത്തരവ് അനുസരിച്ചാണ് സര്‍ക്കുലര്‍ ഇറക്കിയതെന്നും നിയമം നടപ്പാക്കുമെന്നും എം.ഇ.എസ്. അധ്യക്ഷന്‍ ഫസല്‍ ഗഫൂര്‍ പറഞ്ഞിരുന്നു.

അടുത്ത അധ്യയന വര്‍ഷം മുതല്‍ മുഖം മറച്ചുള്ള വസ്ത്രധാരണം പാടില്ലെന്നാണ് എം.ഇ.എസ് പുറത്തിറക്കിയ സര്‍ക്കുലറില്‍ പറയുന്നത്. പൊതുസമൂഹത്തിന് സ്വീകാര്യമല്ലാത്ത വസ്ത്രധാരണം മതാചാരങ്ങളുടെ പേരിലായാലും ആധുനികതയുടെ പേരിലായാലും അംഗീകരിക്കാന്‍ കഴിയില്ലെന്ന് സര്‍ക്കുലറില്‍ പറയുയുന്നുണ്ട്. എന്നാല്‍ ഇതിനെതിരെ രൂക്ഷ പ്രതികരണവുമായി ഇ.കെ സുന്നി അടക്കമുള്ള മുസ് ലിം സംഘടനകള്‍ രംഗത്തെത്തിയിരുന്നു.

എന്നാൽ എം.ഇ.എസ് സ്ഥാപനങ്ങളില്‍ അടുത്ത അധ്യയന വര്‍ഷം മുതല്‍ നിഖാബ് നിരോധിച്ച നടപടിക്കെതിരെ കാസര്‍ഗോഡ് ജില്ലാ എം.ഇ.എസ് പ്രസിഡന്റ് രംഗത്തെത്തി. മുഖം മറക്കുന്ന വസ്ത്രധാരണത്തെ കുറിച്ച് എം.ഇ.എസ് പ്രസിഡന്റ് ഡോ.ഫസല്‍ ഗഫൂര്‍ എടുത്ത തീരുമാനത്തോട് യോജിക്കാനാവില്ലെന്ന് കണ്ണൂര്‍ സര്‍വകലാശാല മുന്‍ വൈസ് ചാന്‍സലറും കോണ്‍ഗ്രസ് നേതാവുമായ ഡോ.ഖാദര്‍ മാങ്ങാട് പുറത്തിറക്കിയ പ്രസ്താവനയില്‍ പറയുന്നു.

ജില്ലാ ജനറല്‍ സെക്രട്ടറി സി. മുഹമ്മദ് കുഞ്ഞി, ട്രഷറര്‍ എ ഹമീദ്ഹാജി എന്നിവരും പ്രസ്താവനയില്‍ ഒപ്പുവച്ചിട്ടുണ്ട്. നിഖാബ് നിരോധിച്ചത് ഡോ.ഫസല്‍ ഗഫൂറിന്റെ ഏകപക്ഷീയമായ തീരുമാനമാണെന്നും എം.ഇ.എസിന്റെ മുഴുവന്‍ നിലപാടല്ലെന്നും പ്രസ്താവനയില്‍ പറയുന്നുണ്ട്.

We use cookies to give you the best possible experience. Learn more