[]മുംബൈ: മകന്‍ അര്‍ജ്ജുന്‍ ടെണ്ടുല്‍ക്കറെ വേട്ടയാടരുതെന്ന് മാധ്യമങ്ങളോട് ഇന്ത്യന്‍ ക്രിക്കറ്റ് ഇതിഹാസം സച്ചിന്‍ ടെണ്ടുല്‍ക്കറുടെ അഭ്യര്‍ത്ഥന. അനാവശ്യ സമ്മര്‍ദ്ദങ്ങള്‍ക്കിടവരുത്താതെ സ്വാഭാവികമായ കളി പുറത്തെടുക്കാന്‍ മകനെ വെറുതെ
വിടണമെന്ന് സച്ചിന്‍ മാധ്യമങ്ങളോട് പറഞ്ഞു.[]
കഴിഞ്ഞ ദിവസം സച്ചിന്റെ മകന്‍ ക്ലബ്ബ് ക്രിക്കറ്റില്‍ അരങ്ങേറ്റം കുറിച്ചിരുന്നു. മുംബൈ ക്രിക്കറ്റ് അസോസിയേഷന്റെ കംഗ ലീഗില്‍ യംഗ് പാര്‍സീ ക്രിക്കറ്റ് ക്ലബ്ബിന് വേണ്ടിയാണ് അര്‍ജ്ജുന്‍ അരങ്ങേറ്റം കുറിച്ചത്.
എന്നാല്‍ ആദ്യ പ്രെഫഷണല്‍ മത്സരത്തില്‍ തിളങ്ങാന്‍ അര്‍ജ്ജുന് കഴിഞ്ഞിരുന്നില്ല. ഒരു റണ്ണെടുക്കാനേ അര്‍ജ്ജുന് കഴിഞ്ഞുള്ളൂ. അര്‍ജ്ജുന്റെ അരങ്ങേറ്റ മത്സരത്തിന് വന്‍ വാര്‍ത്താ പ്രാധാന്യമാണ് ലഭിച്ചിരുന്നത്.
ഒരു റണ്ണെടുത്ത് പുറത്തായപ്പോഴും മാധ്യമങ്ങള്‍ അത് വാര്‍ത്തയാക്കി. തുടരെ ഫഌഷ് ന്യൂസുനല്‍കിയും മറ്റുമാണ് അര്‍ജ്ജുന്റെ പുറത്താകല്‍ മാധ്യമങ്ങള്‍ ആഘോഷമാക്കിയത്. ഇതാണ് സച്ചിനെ തന്റെ പതിനാലുകാരനായ മകന്റെ രക്ഷക്കെത്താന്‍ പ്രേരിപ്പിച്ചത്.
തന്റെ പിതാവ് ഒരു പ്രഫസറും സാഹിത്യവുമായി ബന്ധപ്പെട്ടയാളുമായിരുന്നു. ഒരിക്കല്‍പോലും അദ്ദേഹത്തിന്റെ പാത പിന്തുടരണമെന്ന സമ്മര്‍ദം തനിക്കുമേലുണ്ടായിട്ടില്ല. ഒരു തരത്തിലുളള താരതമ്യപ്പെടുത്തലുമുണ്ടായിട്ടില്ല.
അതേപോലെ, തന്റെ മകനെയും സാധാരണക്കാരനായ ഒരു പതിനാലുകാരനായി വളരാന്‍ അനുവദിക്കണം. സ്വന്തം മേല്‍വിലാസത്തില്‍ വളരാനും ക്രിക്കറ്റ് ആസ്വദിക്കാനും അര്‍ജുന് അവസരം നല്‍കണമെന്നും സച്ചിന്‍ പറഞ്ഞു.
ഇടം കൈയന്‍ ബാറ്റ്‌സ്മാനും, ഇടം കൈയന്‍ ബൗളറുമാണ് അര്‍ജുന്‍ ടെണ്ടുല്‍ക്കര്‍. കഴിഞ്ഞ വര്‍ഷം മുംബൈ അണ്ടര്‍ 14 വിഭാഗം സെലക്ഷന്‍ ട്രയല്‍സിനിടെ അര്‍ജ്ജുന്‍ തന്റെ കരിയറിലെ ആദ്യ സെഞ്ചുറി നേടിയിരുന്നു.