| Saturday, 1st December 2018, 4:41 pm

'കന്യാസ്ത്രീകൾക്ക് നീതി കിട്ടുമെന്ന് കരുതുന്നില്ല': വനിതാ കമ്മീഷൻ അധ്യക്ഷ രേഖ ശർമ്മ

ഡൂള്‍ന്യൂസ് ഡെസ്‌ക്

കൊച്ചി: ക്രിസ്ത്യൻ സന്യാസീസഭകളിൽ കന്യാസ്ത്രീകൾക്ക് വേണ്ടി പ്രത്യേക ആഭ്യന്തര പരാതിപരിഹാര സമിതി വേണമെന്ന് ദേശീയ വനിതാ കമ്മീഷൻ അധ്യക്ഷ രേഖ ശർമ്മ പറഞ്ഞു. ബിഷപ്പിനെതിരെ പരാതിപ്പെടാൻ ധൈര്യം കാണിച്ച കന്യാസ്ത്രീകൾക്ക് നീതി കിട്ടുമെന്ന് താൻ കരുതുന്നില്ല. സഭ ഇപ്പോഴും ഫ്രാങ്കോ മുളയ്ക്കലിനെ സംരക്ഷിക്കാനാണ് ശ്രമിക്കുന്നതെന്നും രേഖാ ശർമ്മ പറഞ്ഞു.

Also Read ശബരിമലയില്‍ യുവതികളെ തടഞ്ഞ മൂന്നുപേര്‍ അറസ്റ്റില്‍

ഫ്രാങ്കോ മുളയ്ക്കലി​ന്റെ ചിത്രം കലണ്ടറിൽ കൊടുത്തത് പ്രതിയെ മഹത്വവൽക്കരിക്കുന്നതിനു തുല്യമാണ്. കേസുമായി മുന്നോട്ടു പോകുക തന്നെ ചെയ്യും. കന്യാസ്​ത്രീകളെ അപമാനിച്ച പി.സി ജോർജ് എം.എൽ.എയെ രണ്ടു തവണ വിളിപ്പിച്ചുവെങ്കിലും ഹാജരാകാൻ അയാൾ തയാറായില്ല. ഒരു തവണ മാത്രമാണ്​ പി.സി. ജോർജ് വിശദീകരണം നൽകാൻ തയാറായത്. മാപ്പു പറയാൻ പോലും പി.സി ജോർജ് ഇതുവരെ ശ്രമിച്ചില്ല. രേഖ ശർമ്മ കൂട്ടിച്ചേർത്തു.

പി.കെ ശശി എം.എൽ.എക്കെതിരായ പീഡന പരാതി പൊലീസിന് കൈമാറാത്തത് എന്താണെന്ന് മനസിലാകുന്നില്ല. പാർട്ടിയിൽ നിന്നും ആറു മാസത്തെ സസ്പെൻഷൻ നൽകിയത് മതിയായ ശിക്ഷയല്ല. ഈ വിഷയത്തിൽ ദേശീയ മനുഷ്യാവകാശ കമ്മീഷൻ സ്വമേധയാ കേസ് എടുത്തിട്ടുണ്ട്. പക്ഷെ പരാതിക്കാരി ഇതുവരെ ഹാജരായിട്ടില്ല. വിഷയത്തിൽ കമ്മീഷൻ നടപടികളുമായി മുന്നോട്ട് പോകാനാണ് തീരുമാനം. കേസിൽ ഡി.ജി.പിയോട് വിശദീകരണം ചോദിച്ചെങ്കിലും മറുപടി ലഭിച്ചിട്ടില്ല. രേഖ ശർമ അറിയിച്ചു.

Also Read ശബരിമലയിലെത്തിയ യുവതിയ്‌ക്കെതിരെ പ്രതിഷേധം: മരക്കൂട്ടംവരെയെത്തിയ യുവതിയെ പൊലീസ് തിരിച്ചയച്ചു

മലയാള സിനിമാ മേഖലയിൽ ആഭ്യന്തര പരാതി സെൽ വേണമെന്ന ആവശ്യത്തെ കമ്മീഷൻ സ്വാഗതം ചെയ്യുന്നു. എല്ലാ സംഘടനകളിലും പ്രാദേശിക തലം വരെ പരാതി പരിഹാരസെൽ ആരംഭിക്കണമെന്ന നിർദ്ദേശം വനിത കമ്മീഷൻ സർക്കാരിന് നൽകും. സർക്കാരി​ന്റെ പല വിഭാഗങ്ങളിലും ഇപ്പോഴും ആഭ്യന്തര പരാതി പരിഹാര സെൽ നിലവിലില്ല. ശബരിമല യുവതീപ്രവേശം കോടതിയുടെ പരിഗണനയിലായതിനാൽ പ്രതികരിക്കാനില്ലെന്നും അക്കാര്യത്തിൽ ത​​ന്റെ നിലപാട് നേരത്തേ വ്യക്തമാക്കിയതാണെന്നും രേഖ ശർമ പറഞ്ഞു.

We use cookies to give you the best possible experience. Learn more