ഗുന(മധ്യപ്രദേശ്): പെണ്‍കുട്ടികള്‍ ആണ്‍കുട്ടികളെ സുഹൃത്തുക്കളാക്കരുതെന്ന് ബി.ജെ.പി എം.എല്‍.എ പന്നലാല്‍ ശഖ്യ. എന്തിനാണ് പെണ്‍കുട്ടികള്‍ക്ക് ആണ്‍ സുഹൃത്തുക്കള്‍? ആണ്‍കുട്ടികളെ സുഹൃത്തുക്കളാക്കുന്നത് നിര്‍ത്തിയാല്‍ പെണ്‍കുട്ടികള്‍ക്ക് നേരെയുള്ള അതിക്രമങ്ങള്‍ അവസാനിക്കുമെന്നും ഗുണ ഗവണ്‍മെന്റ് കോളജില്‍ നടന്ന പരിപാടിക്കിടെ ശഖ്യ പറഞ്ഞു.
“മധ്യപ്രദേശില്‍ വര്‍ദ്ധിച്ച് വരുന്ന സ്ത്രീപീഡനങ്ങളെക്കുറിച്ച് ഒരു ടി.വി ചാനല്‍ എന്നോട് അഭിപ്രായം ചോദിച്ചിരുന്നു. നിങ്ങളോട് ഇപ്പോള്‍ പറഞ്ഞത് തന്നെയാണ് അവരോടും ഞാന്‍ പറഞ്ഞത്”- ശഖ്യ പറഞ്ഞു.
Read Also: ബി.ജെ.പി നേതൃത്വത്തില്‍ നടന്ന രാമനവമി ഘോഷയാത്രക്കിടെ സംഘര്‍ഷം; ഒരാള്‍ കൊല്ലപ്പെട്ടു
ആണ്‍കുട്ടികള്‍ പശ്ചാത്യ സംസ്‌കാരം അനുകരിച്ച് ഗേള്‍ഫ്രണ്ട്‌സിനെ ഉണ്ടാക്കുന്നത് നിര്‍ത്തണമെന്നും അദ്ദേഹം പ്രസംഗിച്ചു. അന്താരാഷ്ട്ര വനിതാ ദിനം ആചരിക്കുന്നതും പശ്ചാത്യ സംസ്‌കാരമാണെന്ന് എം.എല്‍.എ പറഞ്ഞു.
“ഇന്ത്യന്‍ തത്വത്തില്‍ വനിതകള്‍ക്ക് ഉയര്‍ന്ന സ്ഥാനമാണ്. നമ്മള്‍ നാല് തവണ വനിതാ ദിനം ആഘോഷിക്കാറുണ്ട്. നമ്മള്‍ നാല് തവണ അവരെ ആരാധിക്കുന്നു”- ശഖ്യ തുടര്‍ന്നു.
അനുഷ്‌ക ശര്‍മയുമായുള്ള വിവാഹം ഇറ്റലിയില്‍ നിന്ന് നടത്തിയതിനെ തുടര്‍ന്ന് വിരാട് കൊഹ്‌ലിയുടെ ദേശസ്‌നേഹം ചോദ്യം ചെയ്ത് പന്നലാല്‍ ശഖ്യ വിവാദമുണ്ടാക്കിയിരുന്നു. ഇവിടെ നിന്ന് പണം സമ്പാദിച്ചിട്ട് അവിടെ ബില്ല്യണ്‍ ചെലവാക്കിയ കൊഹ്‌ലി രാജ്യത്തെ ബഹുമാനിക്കുന്നില്ലെന്നായിരുന്നു പന്നലാലിന്റെ വിമര്‍ശനം.