| Monday, 20th May 2019, 8:15 am

'മെയ് 23 വരെ കാത്തിരിക്കൂ, അതു നിങ്ങളെ ആശ്ചര്യപ്പെടുത്തും'; എക്‌സിറ്റ് പോളുകള്‍ തള്ളി കോണ്‍ഗ്രസ്

ഡൂള്‍ന്യൂസ് ഡെസ്‌ക്

ന്യൂദല്‍ഹി: എന്‍.ഡി.എ വീണ്ടും ഭരണത്തിലേറുമെന്ന സൂചനകള്‍ നല്‍കുന്ന എക്‌സിറ്റ് പോള്‍ ഫലങ്ങള്‍ തള്ളി കോണ്‍ഗ്രസ്. മെയ് 23 വരെ കാത്തിരിക്കാനും അതു നിങ്ങളെ ആശ്ചര്യപ്പെടുത്തുമെന്നും കോണ്‍ഗ്രസ് വക്താവ് രാജീവ് ഗൗഡ പറഞ്ഞു.

‘മുഴുവന്‍ വോട്ട് ശതമാനവും സീറ്റ് വിഹിതത്തിലേക്കു മാറ്റുന്നതു ശ്രമകരമാണ്. രാജ്യത്തു ഭയം നിലനില്‍ക്കുന്നതിനാല്‍ ജനങ്ങള്‍ അവരുടെ കാഴ്ചപ്പാട് തുറന്നുപറയില്ല.’- അദ്ദേഹം പറഞ്ഞു.

ഇലക്ട്രോണിക് വോട്ടിംഗ് മെഷീനുകളില്‍ മാറ്റം വരുത്താനോ അല്ലെങ്കില്‍ തിരിമറി നടത്താനോ ഉള്ള തന്ത്രമാണ് ഇപ്പോള്‍ വന്ന എക്സിറ്റ് പോള്‍ ഫലമെന്ന് ബംഗാള്‍ മുഖ്യമന്ത്രി മമതാ ബാനര്‍ജി ട്വിറ്ററില്‍ കുറിച്ചു. തനിക്ക് ഈ എക്സിറ്റ് പോള്‍ ഫലത്തില്‍ വിശ്വാസമില്ലെന്നും മമത ട്വിറ്ററില്‍ കുറിച്ചു. എല്ലാ പ്രതിപക്ഷ പാര്‍ട്ടികളും ഒരുമിച്ചു നില്‍ക്കുമെന്നും ഒന്നിച്ച് നിന്ന് പോരാടുമെന്നും മമത പറഞ്ഞു.

എക്സിറ്റ് പോളുകളൊന്നും എക്സാറ്റ് ( യഥാര്‍ത്ഥ)പോളുകളല്ലെന്ന് ഉപരാഷ്ട്രപതി വെങ്കയ്യ നായിഡു അഭിപ്രായപ്പെട്ടിരുന്നു. 1999 മുതലുള്ള എക്സിറ്റ് പോളുകള്‍ പരിശോധിച്ചാല്‍ നമുക്കത് മനസിലാവുമെന്നും വെങ്കയ്യനായിഡു പറഞ്ഞു.

‘എക്സിറ്റ് പോളുകളൊന്നും എക്സാറ്റ് പോളുകളല്ല. നമുക്കത് മനസ്സിലാവും. 1999മുതല്‍ എക്സിറ്റ് പോള്‍ ഫലങ്ങളെല്ലാം തെറ്റായാണ് വരാറ്.’-വെങ്കയ്യനായിഡു പറഞ്ഞു.

ഇപ്പോള്‍ നടക്കുന്ന പൊതുതെരഞ്ഞെടുപ്പ് തന്നെ പരിശോധിച്ചാല്‍ എല്ലാ പാര്‍ട്ടികള്‍ക്കും അമിത ആത്മവിശ്വാസമാണെന്നും നായിഡു പറഞ്ഞു.

ഫലം വരുന്നത് വരെ എല്ലാവരും അവരുടെ ആത്മവിശ്വാസം പ്രകടിപ്പിക്കുന്നു.അതിന് അടിസ്ഥാനമൊന്നുമില്ല. അതുകൊണ്ട് നമുക്ക് 23 വരെ കാത്തിരിക്കാം.

രാജ്യത്തിനും സംസ്ഥാനങ്ങള്‍ക്കും വേണ്ടത് യോജിച്ച നേതാക്കളെയും സ്ഥിരമായ സര്‍ക്കാരിനെയാണെന്നും അത് ആരൊക്കെയാണോ അവരെയൊക്കെയാണ് വേണ്ടെതെന്നും സാമൂഹത്തിലെ മാറ്റങ്ങളുടെ അടിസ്ഥാനം രാഷ്ട്രീയപാര്‍ട്ടികളാണെന്നും വെങ്കയ്യനായിഡു പറഞ്ഞു.

എക്സിറ്റ് പോള്‍ ഫലങ്ങളെല്ലാം തെറ്റാണെന്ന് വിശ്വസിക്കുന്നുവെന്ന് കോണ്‍ഗ്രസ് നേതാവ് ശശി തരൂരും അഭിപ്രായപ്പെട്ടിരുന്നു. കഴിഞ്ഞ ആഴ്ച്ച ഓസ്ട്രേലിയയില്‍ 56 എക്സിറ്റ് പോള്‍ ഫലങ്ങളാണ് തെറ്റായി വന്നതെന്നും മേയ് 13 ന് യഥാര്‍ത്ഥ ഫലം വരുന്നതുവരെ കാത്തിരിക്കാമെന്നും ശശിതരൂര്‍ ട്വിറ്ററില്‍ കുറിച്ചു.

‘എക്സിറ്റ് പോള്‍ഫലങ്ങളെല്ലാം തെറ്റാണെന്ന് വിശ്വസിക്കുന്നു. ഓസ്ട്രേലിയയില്‍ കഴിഞ്ഞ ആഴ്ച്ച 56 എക്സിറ്റ് പോള്‍ ഫലങ്ങളാണ് തെറ്റാണെന്ന് തെളിഞ്ഞത്. ഇന്ത്യയിലെ ജനങ്ങള്‍ ആര്‍ക്കാണ് വോട്ട് ചെയ്തതെന്ന് വെളിപ്പെടുത്താറില്ല,പലപ്പോഴും അങ്ങനെ ചോദിക്കുന്നവര്‍ സര്‍ക്കാരില്‍ നിന്നുള്ളവാരാണെന്നാണ് അവര്‍ ഭയപ്പെടുന്നു. മേയ് 23 ന് യഥാര്‍ത്ഥഫലം വരുന്നത് വരെ കാത്തിരിക്കും.’- ശശിതരൂര്‍ ട്വിറ്ററില്‍ കുറിച്ചു.

We use cookies to give you the best possible experience. Learn more