ബി.ജെ.പിക്ക് വോട്ട് ചെയ്യരുതെന്ന് ഗിരീഷ് കര്‍ണാട്, പ്രകാശ് ബാരെ, നസ്‌റുദ്ദീന്‍ ഷാ അടക്കമുള്ള അറുന്നൂറിലധികം നാടകപ്രവര്‍ത്തകരുടെ സംയുക്ത പ്രസ്താവന
D' Election 2019
ബി.ജെ.പിക്ക് വോട്ട് ചെയ്യരുതെന്ന് ഗിരീഷ് കര്‍ണാട്, പ്രകാശ് ബാരെ, നസ്‌റുദ്ദീന്‍ ഷാ അടക്കമുള്ള അറുന്നൂറിലധികം നാടകപ്രവര്‍ത്തകരുടെ സംയുക്ത പ്രസ്താവന
ഡൂള്‍ന്യൂസ് ഡെസ്‌ക്
Thursday, 4th April 2019, 11:06 pm

കോഴിക്കോട്: വരുന്ന ലോക്‌സഭ തെരഞ്ഞെടുപ്പില്‍ ബി.ജെ.പിക്ക് വോട്ട് ചെയ്യരുതെന്ന് രാജ്യത്തെ നാടക പ്രവര്‍ത്തകരുടെ സംയുക്ത പ്രസ്താവന. ഗിരീഷ് കര്‍ണാട്, മാലാപാര്‍വ്വതി, പ്രകാശ് ബാരെ തുടങ്ങി 600ല്‍ അധികം നാടക പ്രവര്‍ത്തകരാണ് സംയുക്ത പ്രസ്താവനയില്‍ ഒപ്പുവെച്ചത്.

മലയാളം ഉള്‍പ്പടെ 12 ഭാഷകളിലായിട്ടാണ്  (ഇംഗ്ലീഷ്, ഹിന്ദി, ബംഗാളി, ബംഗാളി, മറാത്തി, മലയാളം, കന്നഡ, ആസാമീസ്, തെലുങ്ക്, പഞ്ചാബി, കൊങ്കണി, ഉർദു) പ്രസ്താവനയിറക്കിയിരിക്കുന്നത്. 

സാമൂഹികാന്തരീക്ഷത്തെയും നമ്മുടെ ഭരണഘടനയെയും മതനിരപേക്ഷ മൂല്യങ്ങളെയും സംരക്ഷിക്കാനായി ഇന്ത്യന്‍ ജനതയുടെ സഹായം തേടുകയാണെന്നും സ്‌നേഹത്തിനും അനുകമ്പയ്ക്കും വേണ്ടി, തുല്യതയ്ക്കും സാമൂഹിക നീതിയ്ക്കും വേണ്ടി വോട്ടു ചെയ്ത്, ബി.ജെ.പി. പ്രതിനിധാനം ചെയ്യുന്ന പ്രാകൃതരാഷ്ട്രീയത്തെ പരാജയപ്പെടുത്തണമെന്നും സംയുക്ത പ്രസ്താവനയിലൂടെ നാടക പ്രവര്‍ത്തകര്‍ ആവശ്യപ്പെട്ടു.

Also Read  പുസ്തകങ്ങളെയെങ്കിലും പൊലീസ് രാജില്‍ നിന്ന് ഒഴിവാക്കണം ; ആര്‍.കെ ബിജുരാജ് എഴുതുന്നു

മതേതരവും ജനാധിപത്യപരവും നീതിയുക്തവുമായ ഒരു ഇന്ത്യ എന്ന ആശയം തന്നെ ഇന്ന് ഭീഷണിയിലാണ്. പാട്ടും നൃത്തവും ചിരിയുമെല്ലാം ഇന്ന് അപായത്തിലാണ്. മഹത്തായ നമ്മുടെ ഭരണഘടന അപകടത്തിലാണെന്നും പ്രസ്താവനയില്‍ പറയുന്നു.

ചര്‍ച്ചകള്‍ക്കും സംവാദങ്ങള്‍ക്കും സ്വതന്ത്ര അഭിപ്രായങ്ങള്‍ക്കുമുള്ള നമ്മുടെ സ്ഥാപനങ്ങളെല്ലാം ഞെരിച്ചു കൊല്ലപ്പെടുകയാണ്. ചോദ്യം ചെയ്യുന്നതും സത്യം വിളിച്ചു പറയുന്നതും ദേശവിരുദ്ധതയായി വ്യാഖ്യാനിക്കപ്പെടുന്നു. വെറുപ്പിന്റെ വിത്തുകള്‍ നമ്മുടെ ആഹാരത്തിലേക്കും ആഘോഷങ്ങളിലേയ്ക്കും പ്രാര്‍ത്ഥനകളിലേയ്ക്കും കടന്നുകഴിഞ്ഞു. നമ്മുടെ ദൈനംദിന ജീവിതവ്യവഹാരങ്ങളിലേയ്ക്ക് ഈ വെറുപ്പ് വരുന്ന വഴി ഭയാനകമാണ്. അതവസാനിപ്പിക്കണം.

രാജ്യത്ത് നടക്കാനിരിക്കുന്ന പൊതുതെരഞ്ഞെടുപ്പ് ഇന്ത്യയുടെ ചരിത്രത്തിലെ ഏറ്റവും നിര്‍ണ്ണായകമായ തെരഞ്ഞെടുപ്പാണെന്നതില്‍ സംശയമില്ലെന്നും. അഞ്ചു വര്ഷം മുന്‍പ് വികസന വാഗ്ദാനം നല്‍കി അധികാരത്തില്‍ വന്ന ബി.ജെ.പി, ഹിന്ദുത്വ ഗുണ്ടകള്‍ക്ക് വെറുപ്പിന്റെ രാഷ്ട്രീയത്തില്‍ അക്രമങ്ങള്‍ക്കും അഴിഞ്ഞാട്ടത്തിനും അവസരം നല്‍കുകയാണു ചെയ്തതെന്നും നാടകപ്രവര്‍ത്തകര്‍ പറഞ്ഞു.

Also Read  അമ്പതിനായിരം വോട്ടര്‍മാര്‍ മാത്രമുള്ള ലക്ഷദ്വീപ് 11-ന് പോളിങ് ബൂത്തിലേക്ക്; വീണ്ടും മത്സരം എന്‍.സി.പിയുടെ ഫൈസലും കോണ്‍ഗ്രസിന്റെ ഹംദുല്ല സെയ്ദും തമ്മില്‍

നാടിന്റെ രക്ഷകനായി അഞ്ചു വര്ഷം മുമ്പ് ചിത്രീകരിക്കപ്പെട്ട പ്രധാനമന്ത്രി വികലമായ സ്വന്തം നയങ്ങള്‍ കൊണ്ട് കോടിക്കണക്കിനു വരുന്ന ജനങ്ങളുടെ ജീവിതമാര്‍ഗ്ഗമാണ് തകര്‍ത്തെറിഞ്ഞത്. കള്ളപ്പണം പിടിച്ചെടുത്ത് പൊതുഖജനാവിലേക്ക് തിരിച്ചുകൊണ്ട് വരുമെന്നാണദ്ദേഹം വാഗ്ദാനം ചെയ്തത്. എന്നാല്‍ സംഭവിച്ചതോ, കള്ളക്കച്ചവടക്കാര്‍ രാജ്യത്തെ കൊള്ളയടിച്ചു കടന്നു കളഞ്ഞു. സമ്പന്നരുടെ സ്വത്ത് വാനോളമുയര്‍ന്നു, ദരിദ്രര്‍ എന്നത്തേക്കാളുമേറെ ദരിദ്രരായിയെന്നും പ്രസ്താവനയില്‍ ചൂണ്ടികാണിക്കുന്നു.

പ്രസ്താവനയുടെ പൂര്‍ണരൂപം,

ബ്രിട്ടീഷ് ഭരണകാലം മുതല്‍ തന്നെ ഇന്ത്യയുടെ സാമൂഹിക സാംസ്‌കാരിക വൈവിധ്യത്തെ നാടകങ്ങളിലൂടെ ആവിഷ്‌കരിച്ചിട്ടുള്ളവരാണ് ഇന്ത്യയിലെ നാടകപ്രവര്‍ത്തകര്‍. നാടകങ്ങള്‍ നമ്മുടെ സ്വാതന്ത്ര്യസമരത്തിന്റെ ഭാഗമായിരുന്നു. കലയിലൂടെ നാം സാമൂഹികതിന്മകളെ നേരിട്ടിട്ടുണ്ട്, തുല്യതയ്ക്കും ബഹുസ്വരതയ്ക്കും വേണ്ടി നിലകൊണ്ടിട്ടുണ്ട്, പുരുഷാധിപത്യത്തിനും ബ്രാഹ്മണാധിപത്യത്തിനും ജാതീയ അടിച്ചമര്‍ത്തലിനുമെതിരെ നാം ശക്തമായി ആഞ്ഞടിച്ചിട്ടുണ്ട്. വിഭാഗീയതയ്ക്കും സങ്കുചിതത്വത്തിനും യുക്തിരാഹിത്യത്തിനുമെതിരായ നിലപാടുകളുടെ അഭിമാനകരമായ പാരമ്പര്യമുള്ളവരാണ് ഇന്ത്യന്‍ നാടകപ്രവര്‍ത്തകര്‍. പാര്‍ശ്വവല്‍ക്കരിക്കപ്പെട്ടവരുടെ ജീവിതയാഥാര്‍ഥ്യങ്ങളില്‍ നിന്നുകൊണ്ട് നാം സംസാരിച്ചിട്ടുണ്ട്. കഴിഞ്ഞ നൂറ്റമ്പതിലേറെ വര്‍ഷമായി, പാട്ടും നൃത്തവും തമാശയും സങ്കടവും നിറഞ്ഞ മനുഷ്യകഥകള്‍ കൊണ്ട്, മതേതരവും ജനാധിപത്യപരവും നീതിയുക്തവുമായ ഒരു ഇന്ത്യയെയാണ് നാം രൂപപ്പെടുത്തിക്കൊണ്ടിരുന്നത്.

എന്നാല്‍, അത്തരമൊരു ഇന്ത്യ എന്ന ആശയം തന്നെ ഇന്ന് ഭീഷണിയിലാണ്. പാട്ടും നൃത്തവും ചിരിയുമെല്ലാം ഇന്ന് അപായത്തിലാണ്. മഹത്തായ നമ്മുടെ ഭരണഘടന അപകടത്തിലാണ്. ചര്‍ച്ചകള്‍ക്കും സംവാദങ്ങള്‍ക്കും സ്വതന്ത്ര അഭിപ്രായങ്ങള്‍ക്കുമുള്ള നമ്മുടെ സ്ഥാപനങ്ങളെല്ലാം ഞെരിച്ചു കൊല്ലപ്പെടുകയാണ്. ചോദ്യം ചെയ്യുന്നതും സത്യം വിളിച്ചു പറയുന്നതും ദേശവിരുദ്ധതയായി വ്യാഖ്യാനിക്കപ്പെടുന്നു. വെറുപ്പിന്റെ വിത്തുകള്‍ നമ്മുടെ ആഹാരത്തിലേക്കും ആഘോഷങ്ങളിലേയ്ക്കും പ്രാര്‍ത്ഥനകളിലേയ്ക്കും കടന്നുകഴിഞ്ഞു. നമ്മുടെ ദൈനംദിന ജീവിതവ്യവഹാരങ്ങളിലേയ്ക്ക് ഈ വെറുപ്പ് വരുന്ന വഴി ഭയാനകമാണ്. അതവസാനിപ്പിക്കണം.

ഈ പശ്ചാത്തലത്തില്‍ വേണം, രാജ്യത്ത് നടക്കാനിരിക്കുന്ന പൊതുതെരഞ്ഞെടുപ്പിനെ നാം കാണേണ്ടത്. ഇത് ഇന്ത്യയുടെ ചരിത്രത്തിലെ ഏറ്റവും നിര്‍ണ്ണായകമായ തെരഞ്ഞെടുപ്പാണെന്നതില്‍ സംശയമില്ല. ഒരു ജനാധിപത്യ വ്യവസ്ഥ ശക്തിപ്പെടുത്തേണ്ടത് അതിലെ ഏറ്റവും ദുര്‍ബ്ബലരായവരെയാണ്, . ചോദ്യം ചെയ്യലില്ലാതെ, സംവാദങ്ങളില്ലാതെ, ശക്തമായൊരു പ്രതിപക്ഷമില്ലാതെ ഒരു ജനാധിപത്യവ്യവസ്ഥയ്ക്ക് നിലനില്‍പ്പില്ല. എന്നാല്‍ അഞ്ചു വര്ഷം മുന്‍പ് വികസന വാഗ്ദാനം നല്‍കി അധികാരത്തില്‍ വന്ന ബി.ജെ.പി, ഹിന്ദുത്വ ഗുണ്ടകള്‍ക്ക് വെറുപ്പിന്റെ രാഷ്ട്രീയത്തില്‍ അക്രമങ്ങള്‍ക്കും അഴിഞ്ഞാട്ടത്തിനും അവസരം നല്‍കുകയാണു ചെയ്തത്. നാടിന്റെ രക്ഷകനായി അഞ്ചു വര്ഷം മുമ്പ് ചിത്രീകരിക്കപ്പെട്ട പ്രധാനമന്ത്രി വികലമായ സ്വന്തം നയങ്ങള്‍ കൊണ്ട് കോടിക്കണക്കിനു വരുന്ന ജനങ്ങളുടെ ജീവിതമാര്‍ഗ്ഗമാണ് തകര്‍ത്തെറിഞ്ഞത്. കള്ളപ്പണം പിടിച്ചെടുത്ത് പൊതുഖജനാവിലേക്ക് തിരിച്ചുകൊണ്ട് വരുമെന്നാണദ്ദേഹം വാഗ്ദാനം ചെയ്തത്. എന്നാല്‍ സംഭവിച്ചതോ, കള്ളക്കച്ചവടക്കാര്‍ രാജ്യത്തെ കൊള്ളയടിച്ചു കടന്നു കളഞ്ഞു. സമ്പന്നരുടെ സ്വത്ത് വാനോളമുയര്‍ന്നു, ദരിദ്രര്‍ എന്നത്തേക്കാളുമേറെ ദരിദ്രരായി.

അതുകൊണ്ട്, ഞങ്ങള്‍ ഇന്ത്യയിലെ നാടകപ്രവര്‍ത്തകര്‍, നന്മയെ സ്വാംശീകരിക്കാനുള്ള നമ്മുടെ സാമൂഹികാന്തരീക്ഷത്തെയും നമ്മുടെ ഭരണഘടനയെയും മതനിരപേക്ഷ മൂല്യങ്ങളെയും സംരക്ഷിക്കാനായി ഇന്ത്യന്‍ ജനതയുടെ സഹായം തേടുകയാണ്. സ്‌നേഹത്തിനും അനുകമ്പയ്ക്കും വേണ്ടി, തുല്യതയ്ക്കും സാമൂഹിക നീതിയ്ക്കും വേണ്ടി വോട്ടു ചെയ്ത്, ബി.ജെ.പി. പ്രതിനിധാനം ചെയ്യുന്ന പ്രാകൃതരാഷ്ട്രീയത്തെ പരാജയപ്പെടുത്തണമെന്ന് എല്ലാവരോടും ഞങ്ങള്‍ അഭ്യര്‍ത്ഥിക്കുകയാണ്.

ഒരിക്കല്‍ കൂടി പറയട്ടെ, മതഭ്രാന്തിനെയും വെറുപ്പിനെയും അധികാരത്തില്‍ നിന്ന് പുറത്താക്കുന്നതിന് ബി.ജെ.പി.യ്ക്കും സഖ്യകക്ഷികള്‍ക്കും എതിരായിത്തന്നെ ഈ തെരഞ്ഞെടുപ്പില്‍ വോട്ട് ചെയ്യണം. നമ്മില്‍ ഏറ്റവും ദുര്‍ബ്ബലരായവരെ ശക്തിപ്പെടുത്താനും, നമ്മുടെ സ്വാതന്ത്ര്യത്തിനും പരിസ്ഥിതിയ്ക്കും ശാസ്ത്രീയചിന്താഗതിയുടെ വളര്‍ച്ചയ്ക്ക് വേണ്ടിയും വോട്ടു ചെയ്യുക. എല്ലാവരെയും ഉള്‍ക്കൊള്ളുന്ന മതേതര, ജനാധിപത്യ ഇന്ത്യയ്ക്കു വേണ്ടി വോട്ടു ചെയ്യുക. സര്‍വ്വോപരി, സ്വപ്നം കാണാനുള്ള സ്വാതന്ത്ര്യത്തിനു വേണ്ടി, ബുദ്ധിപൂര്‍വ്വം വോട്ടു ചെയ്യുക.

മറിച്ചായാല്‍, ഇങ്ങനെയൊരു അഭ്യര്‍ത്ഥനയ്ക്കുപോലും ഇനി ഇടമുണ്ടാവില്ല എന്ന യാഥാര്‍ഥ്യം തിരിച്ചറിഞ്ഞ് വോട്ടു ചെയ്യുക…

Endorsed by:


DoolNews Video