തൊഴിലാളി വര്‍ഗം സ്വത്വരാഷ്ട്രീയത്തിന് അടിമപ്പെടരുത്: തപന്‍ സെന്‍
India
തൊഴിലാളി വര്‍ഗം സ്വത്വരാഷ്ട്രീയത്തിന് അടിമപ്പെടരുത്: തപന്‍ സെന്‍
ഡൂള്‍ന്യൂസ് ഡെസ്‌ക്
Saturday, 6th April 2013, 12:00 am

കണ്ണൂര്‍: ജാതി- വര്‍ഗം- ഗോത്രം- പ്രാദേശികത എന്നിവയുടെ പേരില്‍ ജനങ്ങളെ ഭിന്നിപ്പിക്കുന്ന സ്വത്വരാഷ്ട്രീയവാദം തൊഴിലാളിവര്‍ഗത്തിന്റെ ഐക്യത്തിന് തടസ്സം സൃഷ്ടിക്കുമെന്ന് സി.ഐ.ടി.യു. അഖിലേന്ത്യാ ജനറല്‍ സെക്രട്ടറി തപന്‍ സെന്‍.[]

സ്വത്വരാഷ്ട്രീയവാദം തൊഴിലാളിവര്‍ഗ രാഷ്ട്രീയത്തിന് വിരുദ്ധമാണ്. 14 ാമത് സി.ഐ.ടി.യു ദേശീയ സമ്മേളനത്തോടനുബന്ധിച്ചുള്ള പത്ര സമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

സി.ഐ.ടി.യു. അടക്കമുള്ള 11 കേന്ദ്ര ട്രേഡ് യൂണിയനുകള്‍ സംയുക്തമായി നടത്തിയ പ്രക്ഷോഭങ്ങള്‍ക്ക് സ്വത്വരാഷ്ട്രീയവാദികള്‍ തടസ്സം നിന്നതായും ആസാമിലെ ബോഡാ പ്രക്ഷോഭത്തിന്റെ മറവിലും ആന്ധ്രയില്‍ തെലുങ്കാന പ്രക്ഷോഭത്തിന്റെ മറവിലും സ്വത്വരാഷ്ട്രീയ വാദികള്‍ സി.ഐ.ടി.യുവിന്റെ സമരങ്ങള്‍ക്ക് തടസ്സം നില്‍ക്കുന്നതായും അദ്ദേഹം പറഞ്ഞു.

കേന്ദ്ര സര്‍ക്കാറിന്റെ നവ ഉദാരീകരണ നയങ്ങള്‍ക്കെതിരായ ചെറുത്ത് നില്‍പ്പ് തന്നെ സ്വത്വരാഷ്ട്രീയവാദത്തിനെതിരായ സമരത്തിനും നല്‍കണം. ദാരിദ്ര്യവും അവികസനവുമാണ് പല സ്ഥലങ്ങളിലും സ്വത്വ രാഷ്ട്രീയവാദികള്‍ ആയുധമാക്കുന്നത്. ഈ ആയുധമുപയോഗിച്ചാണ് അവര്‍ തൊഴിലാളി വര്‍ഗത്തെ ഭിന്നിപ്പിക്കുന്നത്. തപന്‍ സെന്‍ പറഞ്ഞു.
ദാരിദ്ര്യത്തിന് ജാതി, മത, വര്‍ഗ, ഗോത്ര വ്യത്യാസങ്ങളില്ല. തൊഴിലവസരങ്ങള്‍ ഇല്ലാതാക്കുന്ന സാമ്പത്തിക വളര്‍ച്ചയാണ് ഇപ്പോള്‍ രാജ്യത്ത് നടക്കുന്നത്. സാങ്കേതിക വികസനം തൊഴിലാളികളുടെ നിര്‍മാണശേഷി ഉയര്‍ത്തുന്നു.

ഈ സാഹചര്യത്തില്‍ ജോലിസമയം കുറയ്ക്കാന്‍ സര്‍ക്കാര്‍ നടപടിയെടുക്കുകയും തൊഴിലാളികളുടെ കൂലി അവരുടെ നിര്‍മാണശേഷിക്ക് ആനുപാതികമായി നിര്‍ണയിക്കുകയും വേണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.