കൊളംബോ: ഈസറ്റര്‍ ദിനത്തില്‍ ശ്രീലങ്കയിലുണ്ടായ സ്‌ഫോടന പരമ്പരയ്ക്ക് ശേഷം രാജ്യത്തെ വ്യത്യസ്ഥ മതവിഭാഗങ്ങള്‍ക്കിടയിലുണ്ടായ അകല്‍ച്ചയില്‍ ആശങ്ക പ്രകടിപ്പിച്ച് പ്രസിഡന്റ് മൈത്രിപാല സിരിസേന. സ്‌ഫോടനത്തിന് ശേഷം രാജ്യത്തെ മുസ്‌ലിംങ്ങളെ ലക്ഷ്യം വെച്ച് ആക്രമണങ്ങള്‍ വര്‍ധിച്ച സാഹചര്യത്തില്‍, എല്‍.ടി.ടി.ഇ നേതാവ് പ്രഭാകരനെ പോലെ മുസ്‌ലിം മതവിഭാഗത്തില്‍ നിന്ന് ഒരാള്‍ ഉണ്ടാവാനുള്ള സാഹചര്യം സൃഷ്ടിക്കരുതെന്ന് സിരിസേന പറഞ്ഞു.
സ്‌ഫോടനത്തിന്റെ പശ്ചാത്തലത്തില്‍ രാജ്യത്തെ ജനങ്ങള്‍ വിഭജിക്കപ്പെട്ടു എന്ന് സമ്മതിച്ച സിരിസേന, രാജ്യത്തെ പുരോഹിതരും രാഷ്ട്രീയക്കാരും വിഭജിക്കപ്പെട്ടു എന്നും നിരീക്ഷിക്കുന്നു. ‘ഒരു മുസ്‌ലിം പ്രഭാകരന്‍ ഉണ്ടാവാനുള്ള സാഹചര്യം ഉണ്ടാക്കരുത്’- എല്‍.ടി.ടി.ഇ ശക്തി കേന്ദ്രമായിരുന്ന മുള്ളൈറ്റിവുയില്‍ സംസാരിക്കുകവെ സിരിസേന പറഞ്ഞതായി കൊളംബോ ഗസറ്റ് റിപ്പോര്‍ട്ടു ചെയ്യുന്നു.
തമിള്‍ ഏലത്തിന്‍റെ സ്ഥാപകനായിരുന്നു വേലുപ്പിള്ളൈ പ്രഭാകരന്‍. ശ്രീലങ്കയുടെ വടക്കുകിഴക്കന്‍ പ്രദേശത്ത് സ്വതന്ത്ര തമിഴ് സംസ്ഥാനം വേണമെന്ന് ആവശ്യപ്പെട്ട് എല്‍.ടി.ടി.ഇയുടെ നേതൃത്വത്തില്‍ നടന്ന നീക്കങ്ങള്‍ ശ്രീലങ്കയെ ആഭ്യന്തര കലാപത്തിലേക്ക് നയിച്ചിരുന്നു. 2009ലാണ് ശ്രീലങ്കന്‍ സൈന്യം പ്രഭാകരനെ വധിക്കുന്നത്.
‘നമ്മള്‍ വിഭജിക്കപ്പെട്ടാല്‍ രാജ്യം ദുര്‍ബലമാവും, അത് മറ്റൊരു യുദ്ധത്തിലാണ് കലാശിക്കുക’- സിരിസേന പറയുന്നു. ഈസ്റ്റര്‍ ദിനത്തില്‍ മൂന്ന് ക്രിസ്ത്യന്‍ പള്ളികളും ആഡംബര ഹോട്ടലുകളും ലക്ഷ്യമിട്ട് ഐ.എസ് പിന്തുണയോടെ ശ്രീലങ്കയിലെ തീവ്ര ഇസ്‌ലാം സംഘടന നടത്തിയ സ്‌ഫോടന പരമ്പരയില്‍ 250ഓളം പേരാണ് കൊല്ലപ്പെട്ടത്.
രാജ്യത്തെ രാഷ്ട്രീയനേതാക്കള്‍ രാജ്യത്തെക്കാള്‍ പ്രാധാന്യം നല്‍കുന്നത് വരാനിരിക്കുന്ന തെരഞ്ഞെടുപ്പിനാണെന്നും സിരിസേന കുറ്റപ്പെടുത്തി. രാജ്യത്തെ തമിഴ് വിഭാഗത്തിന്റെ പ്രശ്‌നങ്ങള്‍ പരിഹരിക്കുന്നതിന് താന്‍ പ്രാധാന്യം നല്‍കുമെന്നും അദ്ദേഹം അറിയിച്ചു.