| Monday, 27th May 2019, 8:14 am

നാല് വര്‍ഷം മുന്‍പ് ബി.ജെ.പി അധികാരത്തില്‍ എത്തിയിരുന്നെങ്കില്‍ എന്താവുമായിരുന്നു ദല്‍ഹി;ആത്മവിശ്വാസം കൈവിടാതെ ആംആദ്മി

ഡൂള്‍ന്യൂസ് ഡെസ്‌ക്

ന്യൂദല്‍ഹി: ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ ദല്‍ഹിയിലടക്കം വന്‍പരാജയം നേരിടേണ്ടി വന്ന ആംആദ്മി പാര്‍ട്ടി പ്രവര്‍ത്തകര്‍ക്ക് ആവേശം പകര്‍ന്ന് ദല്‍ഹി മുഖ്യമന്ത്രിയും ആംആദ്മി നേതാവുമായ അരവിന്ദ് കെജ്‌രിവാള്‍. അടുത്ത വര്‍ഷം നടക്കാനിരിക്കുന്ന ദല്‍ഹി നിയമസഭാ തെരഞ്ഞെടുപ്പില്‍ വലിയ വിജയം നേടാന്‍ കഴിയുമെന്നും കെജ്‌രിവാള്‍ പറഞ്ഞു.

കഴിഞ്ഞ ദല്‍ഹി നിയമസഭാ തെരഞ്ഞെടുപ്പില്‍ നേടിയതുപോലെ 54ല്‍ കൂടുതല്‍ വോട്ടിങ് ശതമാനം വരാനിരിക്കുന്ന തെരഞ്ഞെടുപ്പില്‍ നേടുമെന്നുള്ള ആത്മവിശ്വാസം ഉണ്ട്. കെജ്‌രിവാള്‍ പറഞ്ഞു.അന്ന് ആംആദ്മി 70 സീറ്റില്‍ 67 ഉം നേടിയിരുന്നു.

പ്രധാനമന്ത്രി നരേന്ദ്രമോദി ലോക്‌സഭയില്‍ രണ്ടാമതും തെരഞ്ഞെടുക്കപ്പെട്ടതിനെ അഭിനന്ദിച്ചുകൊണ്ട് സംസ്ഥാന സര്‍ക്കാരുമായി ചേര്‍ന്ന് ദല്‍ഹിയില്‍ നല്ല ഭരണം കാഴ്ച്ചവെക്കട്ടെയന്നും കെജ്‌രിവാള്‍ പറഞ്ഞു.

പ്രധാനമന്ത്രി ആരാകണമെന്ന് ചിന്തിച്ചുകൊണ്ടാണ് ജനങ്ങള്‍ ഈ തെരഞ്ഞെടുപ്പില്‍ വോട്ട് ചെയ്തത്.പക്ഷെ ഇവിടെ സംസ്ഥാന തെരഞ്ഞെടുപ്പ് നടക്കാന്‍ പോവുകയാണെന്നും വ്യക്തികളെ അടിസ്ഥാനമാക്കി വോട്ട് ചെയ്യരുതെന്നും അവരുടെ പ്രവൃത്തി അനുസരിച്ചാണ് വോട്ട് ചെയ്യേണ്ടതെന്നും ജനങ്ങള്‍ക്ക് പറഞ്ഞുകൊടുക്കേണ്ട സമയം ഇതാണെന്നും കെജ്‌രിവാള്‍ പറഞ്ഞു.

നാല് വര്‍ഷങ്ങള്‍ക്ക് മുന്‍പ് ഇവിടെ ഒരു ബി.ജെ.പി സര്‍ക്കാരാണ് അധികാരത്തില്‍ എത്തിയിരുന്നതെങ്കില്‍ ഇവിടുത്തെ സ്‌ക്കൂളുകള്‍ക്ക് വളര്‍ച്ച ഉണ്ടാവുമായിരുന്നോ, മൊഹല്ല ക്ലിനിക്കുകള്‍ നിര്‍മ്മിക്കുമായിരുന്നോ, എന്നും വോട്ടര്‍മാരോട് ചോദിക്കണമെന്നും പാര്‍ട്ടി പ്രവര്‍ത്തകരോട് കെജ്‌രിവാള്‍ പറഞ്ഞു.

We use cookies to give you the best possible experience. Learn more