ന്യൂദല്‍ഹി: മഹാരാഷ്ട്ര ഉപമുഖ്യമന്ത്രി സ്ഥാനം രാജിവെക്കുമോ എന്ന മാധ്യമപ്രവര്‍ത്തകന്റെ ചോദ്യത്തിന് കൃത്യമായ മറുപടി നല്‍കാതെ എന്‍.സി.പി നേതാവ് അജിത് പവാര്‍.
മുംബൈയിലെ ഗവര്‍വാലെ ക്ലബ്ബില്‍ എന്‍.സി.പി നേതാക്കളുമായി കൂടിക്കാഴ്ച നടത്തിയ ശേഷം മടങ്ങുകയായിരുന്ന അജിത് പവാറിനെ ഇന്ത്യാ ടുഡെ മാധ്യമ പ്രവര്‍ത്തകന്‍ സഹില്‍ ജോഷി പിന്തുടര്‍ന്നായിരുന്നു ചോദ്യം ആരാഞ്ഞത്.
ഹോട്ടലിന്റെ ഇടനാഴിയിലൂടെ തനിച്ച് നടന്നുനീങ്ങുന്ന പവാറിനോട് ദാദാ, താങ്കള്‍ രാജിവെക്കുമോ എന്നായിരുന്നു മാധ്യമപ്രവര്‍ത്തകന്‍ ചോദിച്ചത്.
എന്നാല്‍ തിരിഞ്ഞുപോലും നോക്കാതെ ഇപ്പോള്‍ ഒന്നും പറയാനില്ലെന്നും ദയവുചെയ്ത് തന്നെ പിന്തുടരരുത് എന്നുമായിരുന്നു അജിത് പവാറിന്റെ മറുപടി. ഇതിന് പിന്നാലെ സെക്യൂരിറ്റി ജീവനക്കാരന്‍ ഓടിവരികയും മാധ്യമപ്രവര്‍ത്തനെ തടയുകയും ചെയ്തു.
എന്‍.സി.പി നേതാക്കളുമായുള്ള കൂടിക്കാഴ്ചയ്ക്ക് ശേഷമായിരുന്നു അജിത് പവാറിന്റെ ഈ പ്രതികരണം. ഇതിന് ശേഷം മുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്‌നാവിസിനെ കാണാനായി അജിത് പവാര്‍ ഇറങ്ങി.
കാറില്‍ കയറിയ ശേഷവും മാധ്യമപ്രവര്‍ത്തകന്‍ ചോദ്യവുമായി സമീപിച്ചെങ്കിലും രാജിവെക്കുമെന്നോ വെക്കില്ലെന്നോ ബി.ജെ.പിക്കൊപ്പം നില്‍ക്കുമെന്നോ മറുപടി നല്‍കാതെ പിന്തുടരുത് എന്ന് മാത്രം പറഞ്ഞ് മടങ്ങുകയായിരുന്നു അദ്ദേഹം. അജിത് പവാറിനൊപ്പം മറ്റാരും ഉണ്ടായിരുന്നില്ല. നീണ്ടുനില്‍ക്കുന്ന ഫോണ്‍ സംഭാഷണവും അദ്ദേഹം നടത്തുന്നുണ്ടായിരുന്നു.
ഡൂൾന്യൂസ് യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യാനായി ഇവിടെ ക്ലിക്ക് ചെയ്യൂ
ഉപമുഖ്യമന്ത്രിയായി സ്ഥാനമേറ്റെങ്കിലും രാജ്ഭവനിലെത്തുകയോ യോഗങ്ങളില്‍ പങ്കെടുക്കുകയോ ചെയ്തിരുന്നില്ല അദ്ദേഹം. ബി.ജെ.പിയുമായി സഖ്യമുണ്ടാക്കിയതിന് പിന്നാലെ ആദ്യമായിട്ടാണ് എന്‍.സി.പി നേതാക്കളുമായി അജിത് പവാര്‍ കൂടിക്കാഴ്ച നടത്തുന്നത്. സുപ്രിയ സുലെയുമായും ശരദ്പവാറുമായിട്ടാണ് കൂടിക്കാഴ്ച നടത്തിയതെന്നാണ് റിപ്പോര്‍ട്ട്.
അജിത് പവാറുമായുള്ള മീറ്റിങ്ങ് പ്രതീക്ഷ നല്‍കുന്നുണ്ടെന്നും അല്പസമയത്തിന് ശേഷം നല്ല വാര്‍ത്ത പ്രതീക്ഷിക്കാമെന്നും എന്‍.സി.പി നേതൃത്വം പ്രതികരിച്ചിരുന്നു.