Entertainment news
അധികാരവും പണവും ഉള്ളവന്റെ കാലില്‍ വീഴരുത്; വൈറലായി രജിനികാന്തിന്റെ പഴയ പ്രസംഗം
മാതാപിതാക്കളുടെയും ദൈവത്തിന്റെയും അല്ലാതെ മറ്റാരുടെയും കാലില്‍ വീഴരുതെന്ന് മുമ്പ് രജിനികാന്ത് പറഞ്ഞ വിഡിയോ വീണ്ടും വൈറലാകുന്നു.
അഞ്ച് വര്‍ഷങ്ങള്‍ക്ക് മുമ്പ് ഒരു ഫാന്‍ മീറ്റില്‍ രജിനികാന്ത് പറഞ്ഞ വാക്കുകളാണ് ഇപ്പോള്‍ വീണ്ടും വൈറലാകുന്നത്.
മാതാപിതാക്കളുടെയും ദൈവത്തിന്റെയും കാലില്‍ അല്ലാതെ മറ്റാരുടെയും കാലില്‍ വീഴരുതെന്നും, അധികാരവും പണവും ഉള്ളവന്റെ കാലില്‍ വീഴേണ്ട ആവശ്യമില്ലായെന്നുമാണ് രജിനി വീഡിയോയില്‍ പറയുന്നത്.
കഴിഞ്ഞ ദിവസം ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥിനെ സന്ദര്‍ശിച്ചപ്പോള്‍ രജിനികാന്ത് അദ്ദേഹത്തിന്റെ കാലില്‍ വീണത് വലിയ വിമര്‍ശനങ്ങള്‍ക്ക് വഴിവെച്ചിരുന്നു. ഇതിന് പിന്നാലെയാണ് രജിനി തന്നെ ഇക്കാര്യം എതിര്‍ക്കുന്ന പഴയ വിഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലാകുന്നത്.
തമിഴ് ജനതയെ നാണം കെടുത്തി’, രജിനികാന്തിന്റെ പ്രവര്‍ത്തി അങ്ങേയറ്റം മോശമായി പോയി, ഇദ്ദേഹത്തില്‍ നിന്ന് ഇങ്ങനെ ഒന്ന് ഒട്ടും പ്രതീക്ഷിച്ചില്ല ഇങ്ങനെ നീളുന്നതായിരുന്നു ട്വിറ്ററില്‍ താരത്തിന് എതിരായ പ്രതിഷേധം.
രജിനികാന്ത് നായകനായ ജയിലര്‍ തിയേറ്ററുകളില്‍ മികച്ച പ്രതികരണം നേടി മുന്നേറുന്നതിനിടയിലായിരുന്നു ഈ പ്രതിഷേധവും സോഷ്യല്‍ മീഡിയയില്‍ നടന്നത്.
യോഗിയെ സന്ദര്‍ശിച്ചതിന് പിന്നാലെ മുമ്പ് താരം ഉപേക്ഷിച്ച രാഷ്ട്രീയ പ്രവേശനം വീണ്ടും ഉണ്ടാകുമോ എന്ന ചര്‍ച്ചകളും സോഷ്യല്‍ മീഡിയയില്‍ സജീവമായിരുന്നു.
യോഗി ആദിത്യനാഥിനെ കണ്ട ശേഷം സമാജ്വാദി പാര്‍ട്ടി നേതാവ് അഖിലേഷ് യാദവിനെയും രജിനികാന്ത് സന്ദര്‍ശിച്ചിരുന്നു.
അതേസമയം രജിനികാന്ത് കാലില്‍ വീഴുന്ന വിഡിയോ പുറത്തുവന്നതിന് പിന്നാലെ കമല്‍ഹാസന്‍ മുമ്പ് പറഞ്ഞ വാക്കുകളും സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ചയായിരുന്നു.
‘നാളെ ഏതെങ്കിലും മന്ത്രശക്തിയുള്ള സ്വാമിമാര്‍ ഒരു ദൈവത്തെ കൊണ്ട് നിര്‍ത്തായാലും കൈകൂപ്പി അവരെ വരവേല്‍ക്കും, പക്ഷേ അവരുടെ മുമ്പില്‍ കുമ്പിടില്ല,’ എന്ന് കമല്‍ ഹാസന്‍ പറഞ്ഞ വിഡിയോ ആണ് ചര്‍ച്ചയായത്. കമല്‍ ഹാസന്റേതായി 2015ല്‍ പുറത്തിറങ്ങിയ തൂങ്കാവനം എന്ന സിനിമയുടെ ഓഡിയോ ലോഞ്ചിങ്ങിനിടെ നടന്‍ നടത്തിയ പ്രസംഗമായിരുന്നു അത്.
രജിനിയുടെ ജയിലര്‍ തിയേറ്ററുകളില്‍ വലിയ വിജയം നേടി പ്രദര്‍ശനം തുടരുകയാണ്.
തമിഴ് സിനിമയിലെ ഏറ്റവും മികച്ച ആദ്യദിന കളക്ഷന്‍, അതിവേഗത്തില്‍ തമിഴ്നാട്ടില്‍ നിന്ന് 150 കോടി കളക്ഷന്‍ നേടിയ ചിത്രം, ഒരാഴ്ചയ്ക്കുള്ളില്‍ 400 കോടി ക്ലബിലെത്തുന്ന ആദ്യ തമിഴ് ചിത്രം, 2023-ലെ ഏറ്റവും ഉയര്‍ന്ന തമിഴ് ഗ്രോസര്‍ എന്നിങ്ങനെയുള്ള റെക്കോഡുകളാണ് ജയിലര്‍ ഇതിനോടകം സ്വന്തമാക്കി കഴിഞ്ഞത്.
സണ്‍ പിക്‌ചേഴ്‌സിന്റെ ബാനറില്‍ കലാനിധി മാരനാണ് ജയിലര്‍ നിര്‍മിച്ചിരിക്കുന്നത്. സിനിമയുടെ കേരളത്തിലെ വിതരണാവകാശം ശ്രീ ഗോകുലം മൂവീസിന്റെ ബാനറില്‍ ഗോകുലം ഗോപാലനാണ്.
Content Highlight: Dont fall in anyone’s feet says rajinikanth old speech went viral on social media