| Wednesday, 8th June 2022, 12:22 am

ഗോള്‍ഡ് നേരത്തോട് സാമ്യമുള്ള ചിത്രമാണ്, എന്നാല്‍ വ്യത്യസ്തവുമാണ്: അല്‍ഫോണ്‍സ് പുത്രന്‍

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

പ്രേമത്തിന് ശേഷം അല്‍ഫോണ്‍സ് പുത്രന്‍ സംവിധാനം ചെയ്യുന്ന ചിത്രമാണ് ഗോള്‍ഡ്. ചിത്രത്തിനായുള്ള പ്രതീക്ഷകള്‍ വാനോളമാണ് പ്രേക്ഷകര്‍ക്ക്.
സിനിമയുടെ പോസ്റ്റര്‍ അല്‍ഫോണ്‍സ് പുത്രന്‍ തന്റെ ഫേസ്ബുക്ക് പേജിലൂടെ കഴിഞ്ഞ ദിവസം പുറത്തുവിട്ടിരുന്നു.

കഥാപാത്രങ്ങളെയെല്ലാം ഉള്‍ക്കൊള്ളിച്ചുള്ള കളര്‍ ഫുള്‍ പോസ്റ്റായിരുന്നു പുറത്തുവിട്ടത്. തലതിരിഞ്ഞ രീതിയിലും ചില കഥാപാത്രങ്ങള്‍ പോസ്റ്ററില്‍ ഉണ്ടായിരുന്നു. പോസ്റ്റര്‍ പുറത്ത് വന്ന് നിമിഷങ്ങള്‍ക്കകം തന്നെ സോഷ്യല്‍ മീഡിയയില്‍ വൈറലായിരുന്നു.

എന്നാല്‍ ഇപ്പോള്‍ തന്നില്‍ നിന്ന് പ്രേമമോ നേരമോ പ്രതിക്ഷിക്കരുത് എന്ന് പറഞ്ഞിരിക്കുകയാണ് അല്‍ഫോണ്‍സ്. ‘ഗോള്‍ഡ് നേരത്തോട് സാമ്യമുള്ള ചിത്രമാണ് എന്നാല്‍ വ്യത്യസ്തവുമാണ്. നാല്‍പത് പുതിയ കഥാപാത്രങ്ങളാണ് ഗോള്‍ഡിന് വേണ്ടി എഴുതിയിട്ടുള്ളത്.

ഞങ്ങള്‍ നിങ്ങളെ പരമാവധി എന്റര്‍ടെയിന്‍ ചെയ്യിപ്പിക്കാന്‍ ശ്രമിക്കും. അത് ഞങ്ങളുടെ ടീം ഉറപ്പ് നല്‍കുന്നു’ എന്നാണ് സാമൂഹിക മാധ്യമങ്ങളില്‍ പങ്കുവെച്ച കുറിപ്പില്‍ അല്‍ഫോണ്‍സ് പറയുന്നത്.

നയന്‍തായരയും പൃഥ്വിരാജുമാണ് ഗോള്‍ഡില്‍ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്.
മല്ലിക സുകുമാരന്‍, ബാബുരാജ്, ഷമ്മി തിലകന്‍, അബു സലീം, അജ്മല്‍ അമീര്‍, റോഷന്‍ മാത്യൂ, ഇടവേള ബാബു എന്നിങ്ങനെ വലിയൊരു താരനിര തന്നെ ഗോള്‍ഡിലെത്തുന്നുണ്ട്.

പൃഥ്വിരാജ് -നയന്‍താര-അല്‍ഫോണ്‍സ് കോംബോയില്‍ ഒന്നിക്കുന്ന ആദ്യ ചിത്രം കൂടിയാണ് ഗോള്‍ഡ്. പൃഥ്വിരാജ് പ്രൊഡക്ഷന്‍സ്, മാജിക് ഫ്രെയിംസ് എന്നീ ബാനറുകളില്‍ പൃഥ്വിരാജും ലിസ്റ്റിന്‍ സ്റ്റീഫനും ചേര്‍ന്നാണ് നിര്‍മാണം.

Content Highlight : dont expect premam or neram from me says Alphonse Puthran

We use cookies to give you the best possible experience. Learn more