| Tuesday, 1st March 2016, 12:45 pm

'നിങ്ങളുടെ അഭിമാനമോര്‍ത്ത് മിണ്ടരുത്' ജാട് കലാപത്തില്‍ കൂട്ടബലാത്സംഗത്തിന് വിധേയയായ യുവതിക്ക് പോലീസിന്റെ താക്കീത്

ഡൂള്‍ന്യൂസ് ഡെസ്‌ക്

മര്‍ത്തല്‍: ജാട്ട് പ്രതിഷേധത്തിനിടെ കൂട്ടബലാത്സംഗത്തിനിരയായ തങ്ങളുടെ പരാതി പോലീസ് സ്വീകരിക്കാന്‍ തയ്യാറായില്ലെന്ന ആരോപണവുമായി ഇരകള്‍. ഫെബ്രുവരി 22ന് വൈകുന്നേരം മര്‍ത്തല്‍ ഹൈവേയില്‍ ജാട്ട് പ്രക്ഷോഭകര്‍ തങ്ങളെ ലൈംഗികമായി പീഡിപ്പിച്ചു എന്ന ആരോപണവുമായി രണ്ടുപേരാണ് രംഗത്തെത്തിയത്.

ഇക്കാര്യം പരാതിപ്പെടുന്നതില്‍ നിന്നും പോലീസ് തങ്ങളെ വിലക്കിയെന്നും ഇവര്‍ പറയുന്നു. “അഭിമാനമോര്‍ത്ത് ഇക്കാര്യം പുറത്തുപറയരുത്” എന്നു പറഞ്ഞു പോലീസ് തങ്ങളെ വിലക്കുകയായിരുന്നെന്നാണ് ഇവര്‍ പറയുന്നത്.

ജാട്ട് പ്രക്ഷോഭസമയത്ത് ഒട്ടേറെപ്പേര്‍ കൂട്ടബലാത്സംഗത്തിന് ഇരയായതായി മാദ്ധ്യമ റിപ്പോര്‍ട്ടുകള്‍ വന്നിരുന്നു. ഇതേത്തുടര്‍ന്ന് കോടതി ഇക്കാര്യത്തില്‍ ഇടപെട്ടപ്പോള്‍ തങ്ങള്‍ക്ക് ഇത്തരം പരാതികള്‍ ലഭിച്ചിട്ടില്ലെന്നു പറഞ്ഞ് പോലീസ് ഒഴിയുകയാണുണ്ടായത്.

“ദല്‍ഹിയില്‍ നിന്നും ഭര്‍ത്താവിനൊപ്പം വീട്ടിലേക്കു പോകുകയായിരുന്നു ഞാന്‍. സുഖ്‌ദേവ് ധാബ (പ്രമുഖ ഹോട്ടല്‍) യില്‍ നിന്നും ഒരു കിലോമീറ്റര്‍ അകലെ വരെ കലാപകാരികള്‍ ബസ് തടഞ്ഞുവെച്ചിരിക്കുകയായിരുന്നു. കുറേപ്പേര്‍ക്കൊപ്പം ഭര്‍ത്താവിനെയും എന്നെയും അവര്‍ പുറത്തേക്ക് വലിച്ചിഴച്ച് റോഡരികിലെ ഒറ്റപ്പെട്ട ഒരു സ്ഥലത്തേക്ക് കൊണ്ടുപോയി. അവിടെവെച്ച് എനിക്ക് ബോധം നഷ്ടപ്പെടും വരെ അവര്‍ എന്ന കൂട്ടബലാത്സംഗത്തിനിരയാക്കി.

ബസിലുണ്ടായിരുന്ന മറ്റൊരു സ്ത്രീയും ഇതേരീതിയില്‍ ആക്രമിക്കപ്പെട്ടു. എനിക്കു ബോധം തിരിച്ചുകിട്ടിയപ്പോള്‍ ചില ആണുങ്ങള്‍ അവിടെ എന്തോ തിരയുന്നതാണ് കണ്ടത്. കടുത്ത വേദനയുണ്ടായിരുന്നിട്ടും ഞാന്‍ മിണ്ടാതിരുന്നു. അവര്‍ കലാപകാരികളാണെന്നു തെറ്റുദ്ധരിച്ച് ഒളിക്കാന്‍ ശ്രമിച്ചു. പക്ഷെ ചിലര്‍ എന്നെ കണ്ടു. അവര്‍ എന്റെയടുത്ത് വന്നു സഹായിച്ചു. അവര്‍ എന്നെ ഭര്‍ത്താവിന്റെ അടുത്തെത്തിച്ചു. ഭര്‍ത്താവിനെ ഗുണ്ടകള്‍ കൊള്ളയടിക്കുകയും ക്രൂരമായി മര്‍ദ്ദിക്കുകയും ചെയ്തിരുന്നു. എന്റെ വസ്ത്രങ്ങള്‍ കീറിയിരുന്നു. ഇതിനിടെ ചില പോലീസുകാര്‍ അവിടെയെത്തി. അവര്‍ ഞങ്ങള്‍ക്ക് വാഹനം തരപ്പെടുത്തി തന്നു.” കൂട്ടബലാത്സംഗത്തിന് ഇരയായ 27 കാരി പറഞ്ഞതായി ഫസ്റ്റ്‌പോസ്റ്റ് റിപ്പോര്‍ട്ടു ചെയ്യുന്നു.

അവിടെ നിന്നും എങ്ങനെയെങ്കിലും രക്ഷപ്പെടുകയെന്നതായിരുന്നു തങ്ങളുടെ ആദ്യ ലക്ഷ്യം. “ഒരിക്കലും സംഭവിക്കാന്‍ പാടില്ലാത്ത കാര്യങ്ങളാണ് സംഭവിച്ചത്. അതിനാല്‍ അഭിമാനമോര്‍ത്ത് ഇക്കാര്യം റിപ്പോര്‍ട്ടു ചെയ്യരുത്.” എന്ന് പോലീസ് തങ്ങളെ വിലക്കിയിരുന്നു. അതുകൊണ്ടാണ് പരാതി നല്‍കാതിരുന്നതെന്നും അവര്‍ പറയുന്നു.

സംഭവത്തെക്കുറിച്ച് അന്വേഷിക്കുന്ന പ്രത്യേക അന്വേഷണ സംഘത്തിനു പരാതി നല്‍കുമോയെന്ന ചോദ്യത്തിന് പരാതി നല്‍കിയാലും ഗുണമുണ്ടാകുമെന്നു തോന്നുന്നില്ല എന്ന മറുപടിയാണ് അവരുടെ ഭര്‍ത്താവ് നല്‍കിയത്. ക്രിമിനലുകളെ പോലീസ് സംരക്ഷിക്കുമെന്ന് ഞങ്ങള്‍ക്ക് ഉറപ്പാണെന്നും അദ്ദേഹം പറഞ്ഞു.

Latest Stories

We use cookies to give you the best possible experience. Learn more