| Saturday, 21st October 2017, 3:10 pm

മിസ്റ്റര്‍ മോദീ, തമിഴരുടെ അഭിമാനത്തെ ഡീ മോണറ്റേസ് ചെയ്യരുത് ; മെര്‍സലിന് പിന്തുണയുമായി രാഹുല്‍ ഗാന്ധി

ഡൂള്‍ന്യൂസ് ഡെസ്‌ക്

ന്യൂദല്‍ഹി: കേന്ദ്രസര്‍ക്കാര്‍ നയത്തെ വിമര്‍ശിച്ചതിന്റെ പേരില്‍ വിജയ് ചിത്രം മെര്‍സലിനെതിരായ ബി.ജെ.പി പ്രചരണത്തില്‍ ആഞ്ഞടിച്ച് കോണ്‍ഗ്രസ് ഉപാധ്യക്ഷന്‍ രാഹുല്‍ ഗാന്ധി. തമിഴ് സിനിമയെ ഇല്ലാതാക്കരുതെന്നായിരുന്നു രാഹുലിന്റെ പ്രതികരണം.

മിസ്റ്റര്‍ മോദി, തമിഴ് സംസ്‌ക്കാരത്തിന്റേയും തമിഴ്ഭാഷയുടേയും സുപ്രധാന ആവിഷ്‌കാരമാണ് സിനിമ. മെര്‍സലില്‍ ഇടപെട്ടുകൊണ്ട് തമിഴ് പ്രതാപത്തെ ഡീമോണറ്റൈസ് ചെയ്യരുത് -രാഹുല്‍ ഗാന്ധി ട്വിറ്ററില്‍ കുറിച്ചു.

മെര്‍സല്‍ വിവാദത്തില്‍ നിലപാട് വ്യക്തമാക്കി നേരത്തെ കോണ്‍ഗ്രസ് നേതാവ് പി. ചിദംബരവും രംഗത്തെത്തിയിരുന്നു.


Dont Miss അഫ്‌സല്‍ഗുരുവിന്റെ ദയാഹരജി തള്ളിയത് കേന്ദ്രത്തിന്റെ നിര്‍ദേശപ്രകാരം; വെളിപ്പെടുത്തലുമായി പ്രണാബ് മുഖര്‍ജി


ബി.ജെ.പി സര്‍ക്കാരിന്റെ നയങ്ങളെ പുകഴ്ത്തുന്ന ഡോക്യുമെന്ററികള്‍ക്കും സിനിമകള്‍ക്കും മാത്രമേ സെന്‍സര്‍ സര്‍ട്ടിഫിക്കറ്റ് നല്‍കൂ എന്ന അവസ്ഥയിലേക്കാണ് കാര്യങ്ങള്‍ പോകുന്നതെന്നായിരുന്നു ചിദംബരത്തിന്റെ വിമര്‍ശനം.

സിനിമ സംവിധായകര്‍ ഇനി ശ്രദ്ധിക്കണം. നിങ്ങള്‍ക്കുള്ള നിയമം അണിയറയില്‍ ഒരുങ്ങുന്നുണ്ട്. സര്‍ക്കാര്‍ നയങ്ങളെ പുകഴ്ത്തുകയും അഭിനന്ദിക്കുകയും ചെയ്യുന്ന സിനിമകള്‍ക്ക് മാത്രമേ ഇനി അനുമതി ലഭിക്കൂ എന്ന അവസ്ഥയിലേക്കാണ് കാര്യങ്ങള്‍ പോപകുന്നത്. ചിദംബരം പറഞ്ഞു.

ജി.എസ്.ടിയുള്‍പ്പെടെയുള്ള കേന്ദ്രസര്‍ക്കാര്‍ നയങ്ങളെ വിമര്‍ശിച്ചതിന്റെ പേരിലായിരുന്നു മെര്‍സലിനും നടന്‍ വിജയ്ക്കും എതിരെ ബി.ജെ.പി നേതാക്കള്‍ രംഗത്തുവന്നത്.

സര്‍ക്കാറിനെ വിമര്‍ശിക്കുന്ന ഭാഗങ്ങള്‍ മെര്‍സലില്‍ നിന്നും നീക്കം ചെയ്യണമെന്നായിരുന്നു ഇവരുടെ ആവശ്യപ്പെട്ടിരുന്നു. ഇത് അണിയറ പ്രവര്‍ത്തകര്‍ നിഷേധിച്ചതോടെ നായകന്‍ വിജയ്ക്കെതിരെ ബി.ജെ.പി പ്രചരണമഴിച്ചുവിടുകയും ചെയ്തിരുന്നു.

എന്നാല്‍ ഒരുകാരണവശാലും മെര്‍സലിലെ രംഗങ്ങള്‍ വെട്ടിമാറ്റരുതെന്ന് ആവശ്യപ്പെട്ട് നടന്‍ കമല്‍ഹാസന്‍ രംഗത്തെത്തിയിരുന്നു. മെര്‍സല്‍ സെര്‍ട്ടിഫൈ ചെയ്തതാണെന്നും അതുകൊണ്ട് തന്നെ ഇനി വീണ്ടും സെന്‍സര്‍ ചെയ്യേണ്ട ആവശ്യമില്ലെന്നുമായിരുന്നു കമല്‍ഹാസന്റെ വാക്കുകള്‍.

സിനിമയ്ക്ക് എതിരായുള്ള ഇത്തരം വിമര്‍ശനങ്ങള്‍ക്ക് യുക്തിപരമായ പ്രതികരണമാണ് ആവശ്യം. വിമര്‍ശനത്തിന് മുന്നില്‍ മൗനം അരുത്.അഭിപ്രായങ്ങള്‍ പറയുമ്പോള്‍ മാത്രമേ ഇന്ത്യ തിളങ്ങുകയുള്ളൂവെന്നും കമല്‍ഹാസന്‍ ട്വിറ്ററില്‍ കുറിച്ചിരുന്നു.

We use cookies to give you the best possible experience. Learn more