ന്യൂദല്‍ഹി: ഗണിതശാസ്ത്ര മേഖലയില്‍ ഇന്ത്യ നല്‍കിയ സംഭാവങ്ങളുടെ ക്രഡിറ്റ് ഗ്രീക്കുകാരും അറബികളും നേടുകയാണുണ്ടായതെന്ന് കേന്ദ്രമന്ത്രി ഹര്‍ഷ വര്‍ധന്റെ പ്രസ്താവനയെ പിന്തുണച്ച് ശശി തരൂര്‍ എം.പി. ട്വിറ്ററിലൂടെയാണ് തരൂര്‍ തന്റെ അഭിപ്രായം രേഖപ്പെടുത്തിയത്.
“ഹര്‍ഷവര്‍ധനെ പരിഹസിക്കുന്ന അധുനികതാ വാദികള്‍ മനസിലാക്കേണ്ടതുണ്ട്, അദ്ദേഹം പറഞ്ഞത് ശരിയാണെന്ന്.” തരൂര്‍ ട്വീറ്റ് ചെയ്തു. ശാസ്ത്രീയ രംഗത്ത് പുരാതന ഇന്ത്യയുടെ നേട്ടത്തെ വിസ്മരിക്കരുതെന്നും തരൂര്‍ ആവശ്യപ്പെട്ടു. ഈ വിഷയത്തിലുള്ള തരൂരിന്റെ ആര്‍ട്ടിക്കിള്‍ ഉദ്ധരിച്ചുകൊണ്ടായിരുന്നു അദ്ദേഹത്തിന്റെ ട്വീറ്റ്.
ശനിയാഴ്ച മുംബൈയില്‍ നടന്ന ഇന്ത്യന്‍ സയന്‍സ് കോണ്‍ഗ്രസില്‍ പൈഥഗോറസ് സിദ്ധാന്തവും ബീജഗണിതവും ഇന്ത്യക്കാരുടെ സംഭാവനയാണെന്നായിരുന്നു കേന്ദ്രമന്ത്രി ഹര്‍ഷ വര്‍ധന്റെ പ്രസ്താവന. അതിന്റെ ക്രഡിറ്റ് ഇന്ത്യക്കാരില്‍ നിന്നും ഗ്രീക്കുകാരും അറബികളും തട്ടിയെടുത്തതാണെന്നും അദ്ദേഹം പറഞ്ഞിരുന്നു.
അദ്ദേഹത്തിന്റെ പ്രസ്താവന വിവാദമായിരുന്നു. ഈ സാഹചര്യത്തിലാണ് ഹര്‍ഷ വര്‍ധന് പിന്തുണയുമായി ശശി തരൂര്‍ രംഗത്തെത്തിയത്.
ഒക്ടോബറില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയെ പ്രശംസിച്ച് സംസാരിച്ചതിന് കോണ്‍ഗ്രസ് വക്താവ് സ്ഥാനത്തുനിന്നും തരൂരിനെ പുറത്താക്കിയിരുന്നു.
പ്രാചീന കാലത്തേ വ്യോമഗതാഗത സൗകര്യമുണ്ടായിരുന്നെന്നും പ്രാചീന മനുഷ്യര്‍ ഒരു ഗ്രഹത്തില്‍ നിന്നും മറ്റു ഗ്രഹത്തിലേക്ക് സഞ്ചരിച്ചിരുന്നുവെന്നുമുള്ള പ്രസ്താവനയും വിവാദമായിട്ടുണ്ട്. ക്യാപ്റ്റന്‍ ആനന്ദ് ബോഡാസിന്റേതായിരുന്നു ഈ പ്രസ്താവന.
ഇതിനെതിരെ നാസ ഗവേഷണ കേന്ദ്രത്തിലെ ശാസ്ത്രജ്ഞര്‍ രംഗത്തെത്തിയിട്ടുണ്ട്. പുരാണങ്ങളും സയന്‍സും കൂട്ടിച്ചേര്‍ത്ത് ആളുകളെ വഴിതെറ്റിക്കാന്‍ ശ്രമിക്കുന്നെന്നാരോപിച്ച് സയന്‍സ് കോണ്‍ഗ്രസില്‍ ഷെഡ്യൂല്‍ ചെയ്ത ക്ലാസുകള്‍ റദ്ദാക്കണമെന്നും അവര്‍ ആവശ്യപ്പെട്ടുണ്ട്. ഈ ആവശ്യമുന്നയിച്ച് 200 ശാസ്ത്രജ്ഞന്‍മാര്‍ ഒപ്പിട്ട ഓണ്‍ലൈന്‍ പരാതിയും രംഗത്തുണ്ട്.