എന്നെക്കുറിച്ചോര്‍ത്ത് ആരും കരയരുത്: ആംസ്‌ട്രോങ്
DSport
എന്നെക്കുറിച്ചോര്‍ത്ത് ആരും കരയരുത്: ആംസ്‌ട്രോങ്
ഡൂള്‍ന്യൂസ് ഡെസ്‌ക്
Sunday, 26th August 2012, 11:46 am

ഓസ്റ്റിന്‍: തന്നെ കുറിച്ചോര്‍ത്ത് ആരും കരയരുതെന്ന് ഉത്തേജക മരുന്ന് വിവാദത്തില്‍പ്പെട്ട സൈക്ലിങ് ഇതിഹാസതാരം ലാന്‍സ് ആംസ്‌ട്രോങ്. ഉത്തേജക വിവാദങ്ങള്‍ക്ക് ശേഷം ആദ്യമായി ആരാധകര്‍ക്ക് മുന്നിലെത്തി സംസാരിക്കുകായിരുന്നു ആംസ്‌ട്രോങ്.[]

“അമേരിക്കയിലെ ഉത്തേജക വിരുദ്ധ ഏജന്‍സിയുടെ തീരുമാനത്തില്‍ എനിയ്ക്ക് വിഷമമില്ല. എന്റെ ജീവിതത്തില്‍ ഏറെ പ്രതിസന്ധികള്‍ തരണം ചെയ്താണ് ഞാന്‍ ഇവിടെയെത്തിയത്. എനിയ്ക്ക് ഭാര്യയും അഞ്ച് കുട്ടികളും ഉണ്ട്.

ആളുകള്‍ എന്നെ മനസിലാക്കുമെന്നാണ് ഞാന്‍ കരുതുന്നത്. എന്നെ സ്‌നേഹിക്കുന്ന നിരവധി പേരുണ്ട്, എന്നില്‍ എന്തൊക്കെ ആരോപണങ്ങള്‍ അടിച്ചേല്‍പ്പിക്കാന്‍ ശ്രമിച്ചാലും അതിലൊന്നും ഞാന്‍ പതറില്ല”- ആംസ്‌ട്രോങ് പറഞ്ഞു.

ഉത്തേജക മരുന്ന് വിവാദത്തില്‍ പെട്ടതിനെ തുടര്‍ന്ന് ആംസ്‌ട്രോങ് നേടിയ ഏഴ് ടൂര്‍ ഡി ഫ്രാന്‍സ് മെഡലുകളും തിരിച്ചുവാങ്ങാന്‍ ഏജന്‍സി തീരുമാനിച്ചിട്ടുണ്ട്.

സൈക്ലിങ്ങിലെ ഏറ്റവും വലിയ പോരാട്ടമായ ടൂര്‍ ഡി ഫ്രാന്‍സ് ഏഴുതവണ നേടിയിട്ടുള്ള ആംസ്‌ട്രോങ്  1999 മുതല്‍ 2005 വരെയുള്ള മത്സരങ്ങള്‍ വിജയിച്ചത് ഉത്തേജക മരുന്നടിച്ചതിന് ശേഷമാണെന്ന് തെളിഞ്ഞതിനെ തുടര്‍ന്നാണ് നടപടി. അതേസമയം ഏജന്‍സിക്കെതിരെ നിയമ യുദ്ധത്തിനില്ലെന്ന് ആംസ്‌ട്രോങ് വ്യക്തമാക്കിക്കഴിഞ്ഞു.

അര്‍ബുദ ബാധിതനായിരുന്ന ആംസ്‌ട്രോങ്, രോഗബാധയെ അതിജീവിച്ചശേഷമാണ് ലോകത്തെ ഏറ്റവും മികച്ച താരമായി മാറിയത്. 1996ലാണ് ഇദ്ദേഹത്തിന് അര്‍ബുദം സ്ഥിരീകരിച്ചത്. ലാന്‍സ് ആംസ്‌ട്രോങ് അന്താരാഷ്ട്ര മത്സരരംഗത്തുനിന്ന് കഴിഞ്ഞ വര്‍ഷമാണ് വിരമിച്ചത്.

2009-2010 കാലത്ത് ആംസ്‌ട്രോങ്ങിന്റെ രക്തം പരിശോധിച്ചപ്പോഴാണ് ഉത്തേജകം ഉപയോഗിച്ചിട്ടുണ്ടെന്നതിന് ഏജന്‍സിക്ക് തെളിവ് ലഭിക്കുന്നത്. എന്നാല്‍ തുടക്കം മുതല്‍ എല്ലാ ആരോപണങ്ങളും ഇദ്ദേഹം നിഷേധിക്കുകയായിരുന്നു.