| Thursday, 12th April 2018, 12:36 am

ഉന്നാവോ ബലാത്സംഗ കേസ്: യുവതിയുടെ പിതാവിന്റെ മൃതദേഹസംസ്‌കാരം ഇനിയും കഴിഞ്ഞിട്ടില്ലെങ്കില്‍ സംസ്‌കരിക്കരുതെന്ന് ഹൈക്കോടതി

ഡൂള്‍ന്യൂസ് ഡെസ്‌ക്

ലക്‌നൗ: ഉന്നാവോയില്‍ ബി.ജെ.പി എം.എല്‍.എ ബലാത്സംഗം ചെയ്ത യുവതിയുടെ പിതാവ് പൊലീസ് കസ്റ്റഡിയില്‍ കൊല്ലപ്പെട്ട സംഭവത്തില്‍ മൃതദേഹം സംസ്‌കരിക്കരുതെന്ന് ഹൈക്കോടതി. കേസില്‍ കൂടുതല്‍ വിശദമായ അന്വേഷണങ്ങള്‍ ആവശ്യമാണെന്ന് ചൂണ്ടിക്കാട്ടിയാണ് കോടതി ഉത്തരവ്. ഇനിയും മൃതദേഹത്തിന്റെ സംസ്‌കാരം കഴിഞ്ഞിട്ടില്ലെങ്കില്‍ ഇപ്പോള്‍ സംസ്‌കരിക്കരുതെന്നാണ് അലഹബാദ് ഹൈക്കോടതി ആവശ്യപ്പെട്ടിരിക്കുന്നത്.

18 വയസ് പ്രായമുള്ള തന്റെ മകളെ ബി.ജെ.പി എം.എല്‍.എയായ കുല്‍ദീപ് സെന്‍ഗാര്‍ ബലാത്സംഗം ചെയ്‌തെന്ന് ആരോപിച്ച് യുവതിയുടെ പിതാവ് പപ്പുവും കുടുംബവും മുഖ്യമന്ത്രി യോഗി ആദിത്യനാഥിന്റെ വസതിയ്ക്കുമുന്നില്‍ നേരത്തെ പ്രതിഷേധിക്കുകയും ആത്മഹത്യാ ശ്രമം നടത്തുകയും ചെയ്തിരുന്നു. ഇതിനുപിന്നാലെ ആര്‍ംസ് ആക്ട് പ്രകാരം പപ്പുവിനെ പൊലീസ് അറസ്റ്റ് ചെയ്തു. പിന്നീട് കുല്‍ദീപ് സെന്‍ഗാറിന്റെ സഹോദരന്‍ അതുല്‍ സെന്‍ഗാറിന്റെ മര്‍ദ്ദനത്തെ തുടര്‍ന്ന് പപ്പു പൊലീസ് കസ്റ്റഡിയില്‍വെച്ച് മരണപ്പെടുകയായിരുന്നു.


Also Read: ബി.ജെ.പി നേതാവിനെതിരായ 11 ക്രിമിനല്‍ കേസുകള്‍ പിന്‍വലിക്കാന്‍ യോഗി സര്‍ക്കാരിന്റെ നിര്‍ദ്ദേശം


സംഭവം വിശദീകരിച്ച് മുതിര്‍ന്ന അഭിഭാഷകന്‍ ഗോപാല്‍ സ്വരൂപ് ചതുര്‍വേദി കോടതിക്ക് കത്തയച്ചിരുന്നു. യുവതിയെ ബലാത്സംഗം ചെയ്ത കേസിലും പിതാവിന്റെ കൊലപാതകത്തിലും ന്യായമായ അന്വേഷണം നടത്തണമെന്നും ചതുര്‍വേദി കത്തില്‍ ആവശ്യപ്പെട്ടിരുന്നു. കത്തിനെ പരിഗണിച്ചാണ് ചീഫ് ജസ്റ്റിസ് ഡി. ബി. ഭോസലെയും ജസ്റ്റിസ് സുനീത് കുമാറും ഉള്‍പ്പെടുന്ന ബെഞ്ച് ഉത്തരവ് പുറപ്പെടുവിച്ചത്. “മൃതദേഹം ഇനിയും സംസ്‌കരിച്ചിട്ടില്ലെങ്കില്‍ ഇപ്പോള്‍ സംസ്‌കരിക്കരുത്”, കോടതി പറഞ്ഞു.

ഏപ്രില്‍ 12 ന് അടുത്ത വിചാരണ നിശ്ചയിച്ച കേസില്‍ കോടതി യു.പി സര്‍ക്കാരിനോട് നിലപാട് വ്യക്തമാക്കാനും ആവശ്യപ്പെട്ടിട്ടുണ്ട്. യുവതിയുടെ പിതാവിന്റെ മരണവുമായി ബന്ധപ്പെട്ട് കുല്‍ദീപ് സിംഗ് സെന്‍ഗാറിന്റെ സഹോദരന്‍ അതുല്‍ സെന്‍ഗാറിനെ പോലീസ് അറസ്റ്റ് ചെയ്തു.


Watch DoolNews Video:

We use cookies to give you the best possible experience. Learn more