പാറ്റ്‌ന: പത്ത് പതിനഞ്ച് ദിവസത്തേക്കെങ്കിലും കുറ്റകൃത്യങ്ങളൊന്നും ചെയ്യരുതെന്ന് സംസ്ഥാനത്തെ ക്രിമിനലുകളോട് ആവശ്യപ്പെട്ട ബീഹാര്‍ ഉപമുഖ്യമന്ത്രി സുശീല്‍ മോദിക്കെതിരെ വിമര്‍ശനം ശക്തമാകുന്നു.
ഹിന്ദുക്കള്‍ തങ്ങളുടെ പൂര്‍വികര്‍ക്ക് ആദരാഞ്ജലിയര്‍പ്പിച്ചുകൊണ്ട് ചെയ്യുന്ന “പിത്രി പക്ഷ “എന്ന രണ്ടാഴ്ച നീണ്ടുനില്‍ക്കുന്ന പരിപാടി ഉദ്ഘാടനം ചെയ്ത് സംസാരിക്കവേയായിരുന്നു വിചിത്ര പ്രസ്താവനയുമായി മുതിര്‍ന്ന ബി.ജെ.പി നേതാവുകൂടിയായ സുശീല്‍ മോദി രംഗത്തെത്തിയത്.
ജനവികാരം അനുകൂലമാക്കാന്‍ ബി.ജെ.പിക്ക് ഈ മൂന്ന് കാര്യങ്ങള്‍ മാത്രം മതി: കട്ജു
“”അടുത്ത ഒരു പതിനഞ്ച് ദിവസത്തേങ്കിലും നിങ്ങള്‍ കുറ്റകൃത്യങ്ങളൊന്നും ചെയ്യരുത്. ഞാന്‍ കൈകൂപ്പി അപേക്ഷിക്കുകയാണ്. “”- എന്നായിരുന്നു സുശീല്‍ മോദിയുടെ വാക്കുകള്‍. എന്നാല്‍ സംഭവം വിവാദമായതോടെ കുറ്റകൃത്യം ചെയ്യുന്നതില്‍ നിന്ന് അവരെ പിന്തിരിക്കുക എന്ന ലക്ഷ്യം മാത്രമേ അതിന് പിന്നിലുണ്ടായിരുന്നുള്ളൂവെന്നായിരുന്നു സുശീല്‍ മോദിയുടെ വിശദീകരണം.
സുശീല്‍ മോദിയുടെ പ്രസ്താവനക്കെതിരെ വിവിധ രാഷ്ട്രീയനേതാക്കള്‍ വിമര്‍ശനവുമായി രംഗത്തെത്തി. “”ആഘോഷ വേളകളില്‍ മാത്രം നിങ്ങള്‍ കുറ്റകൃത്യങ്ങള്‍ ചെയ്യരുത്. അത് കഴിഞ്ഞാല്‍ നിങ്ങള്‍ സ്വതന്ത്രരാണ്. തട്ടിക്കൊണ്ടുപോകുകയോ കൊള്ളയടിക്കുകയോ കൊലപ്പെടുത്തുകയോ എന്തുവേണമെങ്കിലും ചെയ്യാം. എന്നല്ലേ ആ പറഞ്ഞതിന് അര്‍ത്ഥം. നാണമില്ലേ നിങ്ങള്‍ക്ക്””- എന്നായിരുന്നു മുന്‍മുഖ്യമന്ത്രി ലാലു പ്രസാദ് യാദവിന്റെ മകനും ആര്‍.ജെ.ഡി നേതാവുമായ തേജസ്വി യാദവിന്റെ പ്രതികരണം.
ബീഹാറിലെ നിതീഷ്‌കുമാര്‍ സര്‍ക്കാരിനെതിരെ വലിയ ജനവികാരമാണ് സംസ്ഥാനത്ത് ഉയരുന്നത്. സംസ്ഥാനത്തെ ക്രമസമാധാന നില പൂര്‍ണമായും തകര്‍ന്ന അവസ്ഥയിലാണെന്ന് പ്രതിപക്ഷം ആരോപിച്ചിരുന്നു. കഴിഞ്ഞ ഞായറാഴ്ചയായിരുന്നു മുന്‍ മേയറായ വ്യക്തിയെ അഞ്ജാത സംഘം വെടിവെച്ച് കൊലപ്പെടുത്തിയത്.