| Thursday, 15th March 2018, 7:21 pm

കള്ളങ്ങള്‍ പ്രചരിപ്പിക്കാനും വര്‍ഗീയ കലഹങ്ങള്‍ സൃഷ്ടിക്കാനും ആദിത്യനാഥ് കര്‍ണാടകയിലേക്ക് വരേണ്ടതില്ല: കോണ്‍ഗ്രസ്

ഡൂള്‍ന്യൂസ് ഡെസ്‌ക്

ബംഗലൂരു:  ഉത്തര്‍ പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥിനോട് കള്ളങ്ങള്‍ പ്രചരിപ്പിക്കാനായി കര്‍ണാടകയിലേക്ക് വരരുതെന്ന് കര്‍ണാടക പ്രദേശ് കോണ്‍ഗ്രസ് കമ്മിറ്റി (കെ.പി.സി.സി). ഉപതെരഞ്ഞെടുപ്പിലെ ബി.ജെ.പിയുടെ പരാജയത്തെ മുന്‍നിറുത്തി സംസാരിക്കുകയായിരുന്നു കെ.പി.സി.സി പ്രസിഡന്റ് ദിനേശ് ഗുണ്‍ടു റാവു.

“ഉത്തര്‍ പ്രദേശ് ഉപതെരഞ്ഞെടുപ്പില്‍ ബി.ജെ.പി. പരാജയപ്പെട്ടു. കള്ളങ്ങള്‍ പ്രചരിപ്പിക്കാനും വര്‍ഗീയ കലഹങ്ങള്‍ സൃഷ്ടിക്കാനും ആദിത്യനാഥ് കര്‍ണാടകയിലേക്ക് വരേണ്ടതില്ല. എന്നാല്‍ ജനക്ഷേമ നടപടികളെ കുറിച്ചും വികസനപ്രവര്‍ത്തനങ്ങളെ കുറിച്ചും ചര്‍ച്ച ചെയ്യാന്‍ അദ്ദേഹത്തിനു വരാം”, റാവു പറഞ്ഞു. ബി.ജെ.പി. നേതാക്കളായ ശോഭ കരന്ദ്‌ലാജ്, അനന്ത്കുമാര്‍ ഹെഡ്‌ഗെ, സി.ടി. രവി എന്നിവര്‍ വര്‍ഗീയ കലഹങ്ങള്‍ സൃഷ്ടിക്കാനും ജാതിയുടെ പേരില്‍ സമൂഹത്തെ വിഭജിക്കാനും ശ്രമിക്കുന്നതായും അദ്ദേഹം ആരോപിച്ചു.


Related News: ലിംഗായത്തുകളെ പ്രത്യേക മതവിഭാഗങ്ങളായി പരിഗണിക്കാനാവില്ലെന്ന് ആര്‍.എസ്.എസ്


എന്നാല്‍, ലിംഗായത്തുകാര്‍ക്ക് പ്രത്യേക മതവിഭാഗ പദവി നല്‍കണമെന്ന വിവാദത്തില്‍ കോണ്‍ഗ്രസ് പാര്‍ട്ടിക്ക് ഒന്നും ചെയ്യാനില്ലെന്ന് റാവു പറഞ്ഞു. തങ്ങള്‍ ഹിന്ദുക്കളല്ലെന്നും പ്രത്യേക മതമായി അംഗീകരിക്കണമെന്നുമാവശ്യപ്പെട്ട് കഴിഞ്ഞ വര്‍ഷം ലിംഗായത്തുകള്‍ ബലഗാവിയില്‍ പടൂകൂറ്റന്‍ റാലി നടത്തിയിരുന്നു.
ലിംഗായത്തുകളെ പ്രത്യേക മതവിഭാഗങ്ങളായി പരിഗണിക്കാനാവില്ലെന്ന് ആര്‍.എസ്.എസും നിലപാട് വ്യക്തമാക്കിയിരുന്നു.

We use cookies to give you the best possible experience. Learn more