| Friday, 9th August 2019, 11:35 am

'നീ പെരുന്നാളിന് വീട്ടില്‍ വരേണ്ട'; മകനോട് ആ ഉമ്മ പറയുന്നതിങ്ങനെ; ആറുദിവസത്തിനുശേഷം സ്വന്തം മക്കളോട് സംസാരിച്ച് കശ്മീരി സ്ത്രീകള്‍

ഡൂള്‍ന്യൂസ് ഡെസ്‌ക്

ശ്രീനഗര്‍: ജമ്മു കശ്മീരിലെ മൊബൈല്‍, ഇന്റര്‍നെറ്റ് സേവനങ്ങള്‍ക്കുള്ള വിലക്കും ശ്രീനഗറിലെ നിരോധനാജ്ഞയും തുടരുമ്പോള്‍, ദൂരസ്ഥലത്തുള്ള മക്കളുമായും ബന്ധുക്കളുമായും ബന്ധപ്പെടാനാവാതെ നൂറുകണക്കിനു പേരാണ് ബുദ്ധിമുട്ടുന്നത്. ഇന്നലെ ശ്രീനഗര്‍ ഡെപ്യൂട്ടി കമ്മീഷണറുടെ ഓഫീസിനു മുന്നില്‍ കശ്മീരി സ്ത്രീകളുടെ നീണ്ടനിരയായിരുന്നു കാണാനായതെന്ന് ‘ദ പ്രിന്റ്’ റിപ്പോര്‍ട്ട് ചെയ്തു.

കശ്മീരിനു പുറത്തു പഠിക്കുകയും ജോലിയെടുക്കുകയും ചെയ്യുന്ന മക്കളെ ഫോണ്‍ ചെയ്യുന്നതിനായാണ് അവര്‍ ഓഫീസിലെത്തിയത്. അടിയന്തര ഫോണ്‍ സംവിധാനം ഏര്‍പ്പെടുത്തിയിരിക്കുന്നത് അവിടെയാണ്. രണ്ട് ഫോണ്‍ മാത്രമാണ് ഇവിടെയുള്ളത്.

ഒരു മിനിറ്റാണ് പരമാവധി സംസാരിക്കാന്‍ കഴിയുന്ന സമയം. ടി.വി ചാനലുകളിലൂടെയും പത്രപ്പരസ്യങ്ങളിലൂടെയുമാണ് ഈ ഫോണ്‍ സേവനം തുടങ്ങിയിട്ടുണ്ടെന്ന വിവരം അധികൃതര്‍ ജനങ്ങളെ അറിയിച്ചത്.

ശ്രീനഗറിലെ ലാല്‍ ചൗക്കിലാണ് ഡെപ്യൂട്ടി കമ്മീഷണറുടെ ഓഫീസ്. ആര്‍ക്കു വേണമെങ്കിലും ഇവിടെയെത്തി ഫോണ്‍ ചെയ്യാമെന്ന് ഡെപ്യൂട്ടി കമ്മീഷണര്‍ ഷാഹിദ് ചൗധരി പറഞ്ഞു.

ഫോണ്‍ ചെയ്യാനെത്തിയ ഹവാല്‍ സ്വദേശിയായ ഫെഹ്മീദ പറയുന്നതിങ്ങനെ- ‘എന്റെ മകള്‍ ഈയാഴ്ച വരാനിരുന്നതാണ്. പക്ഷേ അവള്‍ ടിക്കറ്റ് ബുക്ക് ചെയ്തിരുന്നില്ല. പിന്നീട് ബന്ധപ്പെടാനും ഞങ്ങള്‍ക്കു കഴിഞ്ഞില്ല.

എല്ലാ ദിവസവും അവള്‍ വരുന്നുണ്ടോ എന്നു നോക്കി ഞങ്ങള്‍ വാതില്‍ക്കല്‍ നില്‍ക്കും. ചണ്ഡീഗഢില്‍ എവിടെയാണ് അവളെന്നു പോലും ഞങ്ങള്‍ക്കറിയില്ല. പക്ഷേ ഇന്നവളെ വിളിച്ചു. നാളെ വരുമെന്നാണ് പറയുന്നത്.’

പേര് വെളിപ്പെടുത്താത്ത ഒരു സ്ത്രീ പറഞ്ഞതിങ്ങനെയ- ‘ബെംഗളൂരുവിലുള്ള മകനെ വിളിക്കാന്‍ ഭര്‍ത്താവ് ഇവിടെ വരാനിരുന്നതാണ്. പക്ഷേ ഞാന്‍ വരാമെന്ന് അദ്ദേഹത്തോട് പറഞ്ഞു. കാരണം, സ്ത്രീകളെക്കാള്‍ കൂടുതല്‍ പുരുഷന്മാരെയാണ് ചെക്ക് പോയിന്റുകളില്‍ പിടിച്ചുനിര്‍ത്തുക.

അതുകൊണ്ട് ജവഹര്‍ നഗറില്‍ നിന്നു ഞാന്‍ വരികയും മകനെ വിളിക്കുകയും ചെയ്തു. അവനാദ്യം കരയുകയാണു ചെയ്തത്. അവനോട് സങ്കടപ്പെടേണ്ട എന്നു ഞാന്‍ പറഞ്ഞു. ഇവിടെ ഇങ്ങനെയൊരു സാഹചര്യമുള്ളപ്പോള്‍ പെരുന്നാളിന് വരേണ്ടെന്നാണു ഞാന്‍ അവനോടു പറഞ്ഞത്.’

രാവിലെ 10 മുതല്‍ വൈകിട്ട് അഞ്ചുവരെയാണ് ഫോണ്‍ വിളിക്കാനുള്ള സമയം. പലര്‍ക്കും സമയത്തിന് എത്തിച്ചേരാന്‍ സാധിച്ചിട്ടില്ല. റാവല്‍പോര സ്വദേശിയായ അഞ്ജും അഞ്ചുമണിക്കു ശേഷമാണ് ഇവിടെയെത്തിയത്.

അവര്‍ പറയുന്നതിങ്ങനെ- ‘എനിക്കു രണ്ടു പെണ്‍മക്കളാണ്. ഒരാള്‍ ജമ്മുവിലും മറ്റേയാള്‍ ദല്‍ഹിയിലും. ഒരാള്‍ മെഡിക്കല്‍ ഇന്റേണ്‍ഷിപ്പും മറ്റേയാള്‍ ജേണലിസവും ചെയ്യുന്നു. ഞായറാഴ്ച മുതല്‍ അവരോടു സംസാരിച്ചിട്ടില്ല. ഇവിടെയിപ്പോള്‍ ഉദ്യോഗസ്ഥരെന്നെ അകത്തേക്കു വിടുന്നില്ല.’

അഞ്ചുമണി കഴിഞ്ഞുവരുന്ന സ്ത്രീകളെ ഫോണ്‍ ചെയ്യാന്‍ അനുവദിക്കാത്തതിന്റെ കാരണം വനിതാ ഉദ്യോഗസ്ഥരില്ലാത്തതാണ്. സ്ത്രീകളുടെ ശരീര പരിശോധന നടത്തുന്ന വനിതാ ഉദ്യോഗസ്ഥര്‍ അഞ്ചുമണിയാകുമ്പോള്‍ പോകുകയും ചെയ്യും.

We use cookies to give you the best possible experience. Learn more