| Tuesday, 7th March 2017, 8:15 am

ഹിന്ദുസംസ്‌കാര വിരുദ്ധം; പിറന്നാള്‍ കേക്ക് മുറിച്ച് ജന്മദിനം ആഘോഷിക്കരുതെന്ന് കേന്ദ്ര മന്ത്രി

ഡൂള്‍ന്യൂസ് ഡെസ്‌ക്


പാറ്റ്‌ന: ഹിന്ദുക്കള്‍ കേക്ക് മുറിച്ച് ജന്മദിനം ആഘോഷിക്കരുതെന്ന് കേന്ദ്ര മന്ത്രി ഗിരിരാജ് സിംഗ്. കേക്കുമുറിക്കുന്നത് ഇന്ത്യന്‍ സംസ്‌കാരത്തിന്റെ ഭാഗമല്ലെന്നും നിര്‍ഭാഗ്യവശാലാണ് ഇന്ത്യക്കാര്‍ ഈ ആചാരം പിന്തുടരുന്നതെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.

പാശ്ചാത്യ സംസ്‌കാരത്തിന്റെ ഭാഗമായ കേക്കുമുറിക്കല്‍ ഉപേക്ഷിക്കുമെന്ന് ഇന്ത്യക്കാര്‍ പ്രതിജ്ഞയെടുക്കണമെന്നും ഗിരിരാജ് പറഞ്ഞു. കേക്ക് മുറിക്കുന്നതിനു പകരം ക്ഷേത്രങ്ങളില്‍ പോയി പ്രാര്‍ത്ഥന നടത്തുകയാണ് വേണ്ടതെന്നും അദ്ദേഹം പറഞ്ഞു.

ബിഹാറിലെ ഔറംഗാബാദില്‍ ഒരു പൊതുപരിപാടിയില്‍ പങ്കെടുത്ത് സംസാരിക്കവെയായിരുന്നു മന്ത്രിയുടെ പ്രസ്താവന. ഗ്രാമങ്ങളില്‍ പോലും ഇന്ത്യന്‍ സംസ്‌കാരത്തിന് ഇടിവ് സംഭവിക്കുകയാണെന്നും മന്ത്രി പറഞ്ഞു.

കുട്ടികള്‍ അമ്മമാരെ മമ്മിയെന്നും അച്ഛന്മാരെ പപ്പായെന്നും വിളിക്കുന്നത് വ്യാപകമാകുന്നുവെന്നും ഇത് ബന്ധങ്ങളിലെ അടുപ്പം നഷ്ടമാക്കുന്നുവെന്നും മന്ത്രി അഭിപ്രായപ്പെട്ടു. ഹിന്ദുമതത്തെ സംരക്ഷിക്കാന്‍ എല്ലാ ഹിന്ദുക്കളും ഒരുമിച്ച് നില്‍ക്കണമെന്നും മന്ത്രി പറഞ്ഞു.


Also Read: ഇറാഖിനെ ഒഴിവാക്കി ട്രംപിന്റെ പുതിയ കുടിയേറ്റ നിയന്ത്രണ ബില്‍


രാജ്യത്തെ മുസ്‌ലിം ജനസംഖ്യ 21 കവിഞ്ഞെന്നും അതോടെ ഇസ്‌ലാം മതം ന്യൂനപക്ഷ മതമല്ലാതായി മാറിയെന്നെും വിഷയത്തില്‍ രാജ്യ വ്യാപകമായി സംവാദങ്ങള്‍ നടത്തണമെന്നും മന്ത്രി പറഞ്ഞു.

We use cookies to give you the best possible experience. Learn more