'കഷണ്ടിയെന്ന് വിളിച്ച് കളിയാക്കാറുണ്ടോ? എങ്കില്‍ ഞങ്ങള്‍ക്ക് ചിലത് പറയാനുണ്ട്'; കഷണ്ടി പരിഹാസങ്ങള്‍ക്കെതിരെ മലപ്പുറത്ത് നിന്നും ഒരു സംഘം
Kerala News
'കഷണ്ടിയെന്ന് വിളിച്ച് കളിയാക്കാറുണ്ടോ? എങ്കില്‍ ഞങ്ങള്‍ക്ക് ചിലത് പറയാനുണ്ട്'; കഷണ്ടി പരിഹാസങ്ങള്‍ക്കെതിരെ മലപ്പുറത്ത് നിന്നും ഒരു സംഘം
ഡൂള്‍ന്യൂസ് ഡെസ്‌ക്
Monday, 28th October 2019, 12:07 pm

മലപ്പുറം: മൊട്ടയെന്നോ, കഷണ്ടിയെന്നോ ,ഗഞ്ചയെന്നോ, വിളിച്ച് ആളുകളെ കളിയാക്കുന്നവരോട് കേരളത്തിലെ ഒരു കൂട്ടം മനുഷ്യര്‍ക്ക് ചിലത് പറയാനുണ്ട്. കഷണ്ടിയെന്ന വിളി കേട്ട് മടുത്ത 49 കാരനായ മുനീര്‍ ബുഗാരി മലപ്പുറത്തു നിന്നും തുടക്കമിട്ട ഒരു വാട്‌സ് ആപ്പ് ഗ്രൂപ്പുണ്ട്. കഷണ്ടിയുള്ള വ്യത്യസ്ത പ്രായക്കാരായ ഒരുപാട് ആളുകളാണ് ഇന്ന് ആ സംഘത്തിലുള്ളത്.

കഷണ്ടിയുള്ള ആളുകളെ പരിഹസിക്കുകയും മാനസികമായി തളര്‍ത്തുകയും ചെയ്യുന്ന സമൂഹത്തിനെതിരെ പോരാടാനാണ് മുനീര്‍ തുടക്കമിട്ടത്. ഒരു വര്‍ഷം മുന്‍പ് ‘കഷണ്ടി സംഗമം’ എന്ന പേരില്‍ ഒരു വാട്ട്‌സ് ആപ്പ് ഗ്രൂപ്പ് തുടങ്ങുകയായിരുന്നു.

ഡൂൾന്യൂസ് യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യാനായി ഇവിടെ ക്ലിക്ക് ചെയ്യൂ

ഇന്ന് ആ ഒരു ഗ്രൂപ്പില്‍ വിവിധ രാജ്യങ്ങളിലുള്ള മലയാളികളുണ്ട്. അവരെല്ലാം ഒത്തുചേര്‍ന്ന് കഴിഞ്ഞ ദിവസം ഒരു ഗെറ്റ് ടുഗദര്‍ ഉണ്ടായി. സൗന്ദര്യ വര്‍ധക ലോഷനുകളെ പറ്റിയോ മരുന്നുകളെ പറ്റിയോ അല്ല അവരവിടെ ചര്‍ച്ച ചെയ്തത്. പിന്നെയോ?

കഷണ്ടി പരിഹാസങ്ങള്‍ക്ക് അറുതി വരുത്തുന്നതിനായി മാര്‍ഗങ്ങള്‍ സ്വീകരിക്കുകയും അവ ഊര്‍ജിതമായി നടപ്പിലാക്കുകയും ചെയ്യുകയായിരുന്നു അവര്‍.

ബുഗാരിക്ക് തന്റെ ഇക്കാലം വരെയുള്ള ജീവിതാനുഭവങ്ങള്‍ തന്നെ മതിയാകുമായിരുന്നു ഇങ്ങനെയൊരു ഗ്രൂപ്പ് ഉണ്ടാക്കാന്‍. ’21നും 65 നും ഇടയില്‍ പ്രായമുളള തന്റെ സൂഹൃത്തുക്കള്‍ തന്നെ പറഞ്ഞിട്ടുള്ളത് മുടി നഷ്ടപ്പെട്ടതില്‍ തങ്ങള്‍ക്ക് മാനസികമായി വലിയ പ്രശ്‌നങ്ങള്‍ അനുഭവിക്കേണ്ടി വരുന്നുവെന്നാണ്.

ചില ചെറുപ്പക്കാര്‍ പറയുന്നത് ആളുകള്‍ മൊട്ടയെന്നും കഷണ്ടിയെന്നും വിളിച്ച് കളിയാക്കുമ്പോള്‍ ആത്മവിശ്വാസം തന്നെ നഷ്ടപ്പെടുന്നുവെന്നാണ്.’ ബുഗാരി പറയുന്നു.

ഇത്തരത്തില്‍ പരിഹാസ്യങ്ങള്‍ക്ക് വിധേയമാവുന്നത് കൊണ്ടാണ് മിക്ക ആളുകളും വിഗ്ഗുകള്‍ക്കും മരുന്നുകള്‍ക്കും പുറകെ പായുന്നത്. എന്നാല്‍ ഈ മരുന്നുകള്‍ ഇവരുടെ ആരോഗ്യത്തിന് തന്നെ പ്രശ്‌നമാണ്.

വാര്‍ത്തകള്‍ ടെലഗ്രാമില്‍ ലഭിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

കമ്പനികളാണെങ്കില്‍ ലാഭത്തിന് വേണ്ടി പരസ്യം ചെയ്യാനും ഇത്തരെ ആളുകളെ ഉപയോഗിക്കുന്നു. കഷണ്ടിയുള്ള ആളുകളുടെ ദൗര്‍ബല്യത്തെയാണ് കമ്പനികള്‍ വിറ്റ് കാശാക്കുന്നതെന്നും ബുഗാരി പറയുന്നു.

ഇത്തരം ആളുകള്‍ക്ക് ആത്മവിശ്വാസത്തോടെ നടക്കാന്‍ കഴിയണമെന്നാണ് തങ്ങളുടെ ഗ്രൂപ്പിന്റെ ലക്ഷ്യമെന്നും ബുഗാരി കൂട്ടിച്ചേര്‍ക്കുന്നു.