കൊല്‍ക്കത്ത: രാജ്യത്തെ മദ്രസകള്‍ തീവ്രവാദം പ്രോത്സാഹിപ്പിക്കുന്ന ഇടങ്ങള്‍ അല്ലെന്ന് ജംഇയ്യത്തുല്‍ ഉലമ ഹിന്ദ് ബംഗാള്‍ ഘടകം പ്രസിഡന്റ് സിദ്ദീഖുല്ല ചൗധരി. തീവ്രവാദ പ്രവര്‍ത്തനത്തിനു പിന്നില്‍ മുസ്‌ലിംങ്ങള്‍ ആണെന്ന പ്രചരണങ്ങള്‍ രാജ്യത്തെ ഹിന്ദു- മുസ്‌ലിം ബന്ധങ്ങളെ തകര്‍ക്കുമെന്നും അദ്ദേഹം പറഞ്ഞു. മദ്രസകളെ തീവ്രവാദത്തിന്റെ ഉദ്ഭവകേന്ദ്രമാണെന്നുള്ള പ്രചരണത്തിനെതിരെ കൊല്‍ക്കത്തയില്‍ സംഘടിപ്പിച്ച റാലിയില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
കഴിഞ്ഞ ഒക്്‌ടോബര്‍ രണ്ടിന് നടന്ന ബര്‍ദാന്‍ സ്‌ഫോടനത്തെ തുടര്‍ന്ന് ഉണ്ടായ പ്രചരണത്തിന് മറുപടി നല്‍കാന്‍ ജംഇയ്യത്തുല്‍ ഉലമ ഹിന്ദ് ആണ് റാലി സംഘടിപ്പിച്ചിരുന്നത്. ലക്ഷക്കണക്കിന് പ്രവര്‍ത്തകരാണ് റാലിക്കായി കൊല്‍ക്കത്തയില്‍ ഒത്തുകൂടിയിരുന്നത്.
കഴിഞ്ഞ ഒക്ടോബര്‍ രണ്ടിന് ഗാന്ധിജയന്തി ദിനത്തിലായിരുന്നു ബര്‍ദാന്‍ ജില്ലയിലെ ഖാഗ്രഗറില്‍ സ്്‌ഫോടനം നടന്നിരുന്നത്. സംഭവത്തില്‍ ജമാഅത്തുല്‍ മുജാഹിദീന്‍ ബംഗ്ലാദേശിന്റെ രണ്ട് പ്രവര്‍ത്തകര്‍ കൊല്ലപെടുകയും ചെയ്തിരുന്നു.
ഇതിനെ തുടര്‍ന്ന് സംഭവം അന്വേഷിക്കുന്ന എന്‍.ഐ.എ സംഘം പ്രതികള്‍ ബര്‍ദാന്‍, മുര്‍ഷിദാബാദ് എന്നീ ജില്ലകളിലെ മദ്രസകളില്‍ പരിശീലനം നേടിയെന്നും ആരോപിച്ചിരുന്നു.