ന്യൂദല്‍ഹി: വിടുവായത്തം പറഞ്ഞ് പാര്‍ട്ടിയെ പ്രതിരോധത്തിലാക്കുന്ന ബി.ജെ.പി നേതാക്കള്‍ക്ക് താക്കീതുമായി പ്രധാനമന്ത്രി നരേന്ദ്രമോദി. മാധ്യമങ്ങള്‍ക്ക് മുന്നില്‍ വിവാദ പ്രസ്താവനകളിറക്കുന്നത് ഒഴിവാക്കണമെന്ന് നമോആപ്പിലൂടെ നടത്തിയ കോണ്‍ഫറന്‍സില്‍ ബി.ജെ.പി എം.പിമാരോടും എം.എല്‍.എമാരോടും മോദി പറഞ്ഞു.
നമ്മള്‍ തെറ്റുവരുത്തുകയും മാധ്യമങ്ങള്‍ക്ക് മസാല നല്‍കുകയുമാണ്. ക്യാമറ കണ്ടാലുടന്‍ വലിയ സാമൂഹ്യ ശാസ്ത്രജ്ഞരും വിദഗ്ധരുമാണെന്ന ഭാവത്തില്‍ അബദ്ധങ്ങള്‍ പറയുകയും മാധ്യമങ്ങള്‍ക്കാവശ്യമായ മസാലകള്‍ നല്‍കുകയുമാണ് പലരും ചെയ്യുന്നത്.. ഈ വിവരംകെട്ട പ്രസ്താവനകളാണ് മാധ്യമങ്ങള്‍ വിമര്‍ശനത്തിനായി ഉപയോഗിക്കുന്നത്. ഇത് മാധ്യമങ്ങളുടെ കുറ്റമല്ലെന്നും മോദി പറഞ്ഞു.
കഠ്വ സംഭവവും പുരാണകാലത്ത് ഇന്ത്യയില്‍ ഇന്റര്‍നെറ്റുണ്ടായിരുന്നെന്ന ത്രിപുര മുഖ്യമന്ത്രി ബിപ്ലബ് ദേബിന്റെ പ്രസ്താവനയും പരിണാമ സിദ്ധാന്തം തെറ്റാണെന്നുള്ള കേന്ദ്രമന്ത്രി സത്യപാല്‍ സിങ്ങിന്റെ പരാമര്‍ശങ്ങളുടെയെല്ലാം സാഹചര്യത്തിലാണ് സ്വന്തം അണികള്‍ക്കെതിരായ മോദിയുടെ വിമര്‍ശനം.
ഒന്നോ രണ്ടോ ബലാത്സംഗ കേസുകള്‍ ഇന്ത്യ പോലുള്ള ഒരു രാജ്യത്ത് വലിയ ചര്‍ച്ചയാക്കേണ്ടതില്ലെന്ന കേന്ദ്രമന്ത്രി സന്തോഷ് ഗംഗ്വാറിന്റെ പ്രസ്താവനയും ഇന്ന് വിവാദത്തിന് വഴി വെച്ചിരുന്നു.
ബി.ജെ.പി നേതാക്കളുടെ അതിരുവിട്ട പ്രസ്താവനകള്‍ക്കെതിരെ മോദി നേരത്തെയും രംഗത്ത് വന്നിരുന്നു. അനവസരങ്ങളില്‍ മൗനമെന്ന കല പരിശീലിക്കണമെന്നും മൈക്ക് വ്യക്തിയെ സംസാരിക്കാന്‍ നിര്‍ബന്ധിപ്പിക്കുന്ന യന്ത്രമല്ലെന്നും മോദി പറഞ്ഞിരുന്നു.