'ഇന്ത്യന്‍ ആരാധകരെപോലെ പെരുമാറരുത്, നമ്മുടേത് മഹത്തായ സംസ്‌കാരവും ചരിത്രവുമാണ്'; പെല്ലേക്കല്ലെ സംഭവത്തില്‍ വിവാദ പരാമര്‍ശവുമായി മുന്‍ ലങ്കന്‍ നായകന്‍ അര്‍ജുന രണതുംഗ
Daily News
'ഇന്ത്യന്‍ ആരാധകരെപോലെ പെരുമാറരുത്, നമ്മുടേത് മഹത്തായ സംസ്‌കാരവും ചരിത്രവുമാണ്'; പെല്ലേക്കല്ലെ സംഭവത്തില്‍ വിവാദ പരാമര്‍ശവുമായി മുന്‍ ലങ്കന്‍ നായകന്‍ അര്‍ജുന രണതുംഗ
ഡൂള്‍ന്യൂസ് ഡെസ്‌ക്
Wednesday, 30th August 2017, 8:22 pm

കൊളംബോ: ലങ്കന്‍ ആരാധകരോട് ഇന്ത്യന്‍ ആരാധകരെ പോലെ പെരുമാറരുതെന്ന് ശ്രീലങ്കയുടെ ലോകകപ്പ് വിന്നിംഗ് ക്യാപ്റ്റനായ അര്‍ജുന രണതുംഗ. ഇന്ത്യയ്‌ക്കെതിരായ മൂന്നാം ഏകദിനത്തില്‍ ലങ്ക പരാജയപ്പെടുമെന്ന് വ്യക്തമായതിന് പിന്നാലെ ലങ്കന്‍ ആരാധകര്‍ ഗ്രൗണ്ടിലേക്ക് ബോട്ടിലുകളും മറ്റും വലിച്ചെറിഞ്ഞ് പ്രതിഷേധിച്ചിരുന്നു. ഇതിനെതിരെയാണ് രണതുംഗയുടെ പ്രതികരണം.

പെല്ലെക്കെല്ലയില്‍ അരങ്ങേറിയ അനിഷ്ട സംഭവത്തിന് പിന്നാലെ മത്സരം അരമണിക്കൂര്‍ നിര്‍ത്തിവെച്ചിരുന്നു. ഇത്തരം സംഭവങ്ങള്‍ ആവര്‍ത്തിക്കരുതെന്നായിരുന്നു മുന്‍ നായകന്റെ പ്രതികരണം. ലങ്കന്‍ ആരാധകര്‍ ക്രിക്കറ്റിനെ ഒരുപാട് സ്‌നേഹിക്കുന്നവരാണെന്നും തോല്‍ക്കുമ്പോള്‍ വിഷമം സ്വാഭാവികമാണെന്നും പറഞ്ഞ രണതുംഗ സംഭവത്തില്‍ ലങ്കന്‍ ടീമിലെ ഓരോ അംഗവും അതീവ ദു:ഖിതനാണെന്നും പറഞ്ഞു.


Also Read:  ഹാദിയയെ സന്ദര്‍ശിക്കാനെത്തിയ യുവതികള്‍ക്കെതിരെ നിയമ വിരുദ്ധമായി സംഘം ചേരലിനും സമാധാനന്തരീക്ഷം തര്‍ക്കത്തതിനും പരാതി


“നമ്മുടെ ആരാധകരോട് എനിക്ക് ഒരപേക്ഷയേയുള്ളൂ, ഇന്ത്യന്‍ ആരാധകരെപ്പോലെ പെരുമാറരുത്. നമുക്ക് മഹത്തായ ചരിത്രവും സംസ്‌കാരവുമാണുള്ളത്. ഇത്തരം പെരുമാറ്റം നമ്മുടെ സംസ്‌കാരത്തിന് യോജിച്ചതല്ല”. എന്നായിരുന്നു രണതുംഗയുടെ പ്രസ്താവന.

1996 കുപ്രസിദ്ധമായ ഇന്ത്യ-ശ്രീലങ്ക ലോകകപ്പ് സെമി ഫൈനല്‍ മത്സരത്തില്‍ ലങ്കന്‍ ടീമിനെ നയിച്ചത് രണതുംഗയായിരുന്നു. അന്ന് ഇന്ത്യന്‍ ആരാധകര്‍ ഗ്രൗണ്ടിലേക്ക് ബോട്ടിലുകളും മറ്റും വലിച്ചെറിഞ്ഞതിനെ തുടര്‍ന്ന് കളിയവസാനിപ്പിച്ച് ലങ്കയെ വിജയികളായി പ്രഖ്യാപിക്കുകയായിരുന്നു.