ന്യൂദല്‍ഹി: 2000 രൂപ നോട്ടുകള്‍ തീവ്രവാദികളും ഖനന മാഫിയകളും അഴിമതിക്കാരും മാവോയിസ്റ്റുകളുമാണ് ഉപയോഗിക്കുന്നതെന്നും കൂടുതല്‍ നോട്ടുകള്‍ കൈമാറുന്നവരെ അധികാരികള്‍ തിരിച്ചറിയണമെന്നും ബി.ജെ.പി നേതാവും അഭിഭാഷകനുമായ അശ്വിനി ഉപാധ്യായ. തിരിച്ചറിയല്‍ രേഖയോ ഫോമുകളോ പൂരിപ്പിക്കാതെ 2000 രൂപയുടെ നോട്ടുകള്‍ മാറ്റിവാങ്ങാന്‍ അനുവദിക്കുന്ന ആര്‍.ബി.ഐയുടെയും എസ്.ബി.ഐയുടെ നടപടിക്കെതിരെ അദ്ദേഹം ദല്‍ഹി ഹൈക്കോടതിയെ സമീപിച്ചു.
തിരിച്ചറിയല്‍ രേഖയോ ഫോമോ പൂരിപ്പിച്ച് നല്‍കാതെ 2000 രൂപയുടെ നോട്ടുകള്‍ മാറ്റി വാങ്ങാന്‍ അനുവദിക്കുന്നത് ഏകപക്ഷീയവും യുക്തിരഹിതവുമാണെന്നും ഇത് റദ്ദാക്കണമെന്നും ഉപാധ്യായ പറഞ്ഞു.
ഇന്ത്യയിലെ ഭൂരിഭാഗം ജനങ്ങള്‍ക്കും ആധാര്‍ കാര്‍ഡ് നല്‍കിയിട്ടുണ്ട്. എല്ലാ ഇന്ത്യന്‍ കുടുംബങ്ങള്‍ക്കും ബാങ്ക് അക്കൗണ്ടുമുണ്ട്. 2000 രൂപ നോട്ടുകള്‍ മാറ്റുന്നതിനായി തിരിച്ചറിയല്‍ രേഖകള്‍ കാണിക്കേണ്ടതില്ലെന്ന് ഉദ്യോഗസ്ഥര്‍ പറയുന്നതിന് ഒരു കാരണവുമില്ലെന്ന് ഹരജിയില്‍ പറയുന്നു.
ചീഫ് ജസ്റ്റിസ് സതീഷ് ചന്ദ്ര ശര്‍മ്മ, ജസ്റ്റിസ് സുബ്രഹ്‌മണ്യം പ്രസാദ് എന്നിവരുള്‍പ്പെട്ട ബെഞ്ചിന് മുന്‍പാകെയാണ് ഹരജി നല്‍കിയിരിക്കുന്നത്. ഹരജി ചൊവ്വാഴ്ച പരിഗണിക്കും.
‘അടുത്തിടെ എല്ലാ വീട്ടുകാര്‍ക്കും ആധാര്‍ കാര്‍ഡും ബാങ്ക് അക്കൗണ്ടും ഉണ്ടെന്ന് കേന്ദ്രം അറിയിച്ചിരുന്നു. പിന്നെ എന്തിനാണ് തിരിച്ചറിയല്‍ രേഖയില്ലാതെ 2000 രൂപ നോട്ടുകള്‍ മാറ്റിവാങ്ങാന്‍ ആര്‍.ബി.ഐ അനുവദിക്കുന്നത്. 80 കോടി ബി.പി.എല്‍ കുടുംബത്തിന് സൗജന്യ ധാന്യങ്ങള്‍ ലഭിക്കുന്നുണ്ടെന്നും പറയുന്നു. ഇതിനര്‍ത്ഥം 80 കോടി ഇന്ത്യക്കാര്‍ 2000 രൂപ നോട്ടുകള്‍ ഉപയോഗിക്കുന്നില്ല എന്നതാണ്,’ ഹരജിയില്‍ പറയുന്നു.
അഴിമതിയും ബിനാമി ഇടപാടുകളും ഇല്ലാതാക്കാനും പൗരന്റെ മൗലികാവകാശം സംരക്ഷിക്കുന്നതിനുമായി കള്ളപ്പണത്തിനെതിരെ നടപടിയെടുക്കണമെന്ന് കേന്ദ്രത്തിന് നിര്‍ദേശം നല്‍കണമെന്നും ഹരജിയില്‍ ആവശ്യപ്പെടുന്നു.
2000 രൂപ നോട്ടുകള്‍ മാറ്റിയെടുക്കുന്നതിനോ നിക്ഷേപിക്കുന്നതിനോ തിരിച്ചറിയല്‍ രേഖകളോ ഫോമുകളോ ആവശ്യമില്ലെന്ന് എസ്.ബി.ഐ ഇന്നലെ സര്‍ക്കുലറിലൂടെ വ്യക്തമാക്കിയിരുന്നു. ഒരു തവണ 20,000 രൂപ എന്ന രീതിയില്‍ നോട്ടുകള്‍ മാറ്റി നല്‍കാമെന്നാണ് എസ്.ബി.ഐ വ്യക്തമാക്കിയിരുന്നത്. നോട്ടുകള്‍ മാറ്റാന്‍ ഒരാള്‍ക്ക് എത്ര തവണ വേണമെങ്കിലും വരി നില്‍ക്കാമെന്നും എസ്.ബി.ഐ പുറത്തിറക്കിയ സര്‍ക്കുലറില്‍ പറയുന്നു.
Contenthighlight: Dont allow exchange of 2000 without id proof; petition filed in delhi highcourt