[]മുംബൈ: ആദര്‍ശ് ഫ്‌ളാറ്റ് കുംഭകോണവുമായി ബന്ധപ്പെട്ട ജുഡീഷ്യല്‍ കമ്മീഷന്‍ റിപ്പോര്‍ട്ട് തള്ളിയ മഹാരാഷ്ട്ര സര്‍ക്കാര്‍ നടപടി പുനപരിശോധിക്കണമെന്ന് കോണ്‍ഗ്രസ് ഉപാദ്ധ്യക്ഷന്‍ രാഹുല്‍ ഗാന്ധി.
റിപ്പോര്‍ട്ടു തള്ളിയ സര്‍ക്കാര്‍ നിലപാടിനോടു യോജിപ്പില്ലെന്നും കുറ്റക്കാരെ സംരക്ഷിക്കുന്ന നിലപാട് കോണ്‍ഗ്രസ് സ്വീകരിക്കില്ലെന്നും രാഹുല്‍ പറഞ്ഞു.
കോണ്‍ഗ്രസ് ഭരിക്കുന്ന സംസ്ഥാനങ്ങളില്‍ ഫെബ്രുവരിയോടെ ലോകായുക്ത നടപ്പിലാക്കുമെന്നും പൊതുവിതരണ സമ്പ്രദായം ശക്തിപ്പെടുത്തുമെന്നും അദ്ദേഹം പറഞ്ഞു.
ദല്‍ഹിയില്‍ വിളിച്ചുചേര്‍ത്ത കോണ്‍ഗ്രസ് മുഖ്യമന്ത്രിമാരുടെ യോഗത്തിന് ശേഷം മാധ്യമപ്രവര്‍ത്തകരുമായി സംസാരിക്കുകയായിരുന്നു അദ്ദേഹം.
ദേശീയ രാഷ്ട്രീയ രംഗത്ത് ഏറെ വിവാദങ്ങള്‍ സൃഷ്ടിച്ചതായിരുന്നു ആദര്‍ശ് ഫ് ളാറ്റ് അഴിമതി. കാര്‍ഗില്‍ യുദ്ധത്തില്‍ വീരചരമം വരിച്ച പട്ടാളക്കാരുടെ വിധവകള്‍ക്കും കുടുംബങ്ങള്‍ക്കുമായി മഹാരാഷ്ട്രയിലെ കൊളാബയില്‍ നിര്‍മ്മിച്ച ഫ്‌ളാറ്റ് സമുച്ചയത്തില്‍ ഏറെയും രാഷ്ട്രീയക്കാരും അവരുടെ ബന്ധുക്കളും സ്വന്തമാക്കിയെന്നായിരുന്നു പരാതി.
കഴിഞ്ഞ ഡിസംബര്‍ 20നാണ് ആദര്‍ശ് ഫ് ളാറ്റ് കുംഭകോണവുമായി ബന്ധപ്പെട്ട ജുഡീഷ്യല്‍ കമ്മിറ്റി റിപ്പോര്‍ട്ട് മഹാരാഷ്ട്ര സര്‍ക്കാര്‍ തള്ളിയത്. രാഷ്ട്രീയ പ്രമുഖരുടെ തണലിലാണ് ആദര്‍ശ് കെട്ടിട അഴിമതി നടന്നതെന്ന് വ്യക്തമാക്കുന്ന റിപ്പോര്‍ട്ട് സ്വീകാര്യമല്ലെന്ന് മന്ത്രിസഭാ അംഗങ്ങള്‍ ഐകകണ്‌ഠ്യേന അഭിപ്രായപ്പെടുകയായിരുന്നു.
സര്‍ക്കാറിന്റെ ഈ നിലപാട് പുനപരിശോധിക്കണമെന്നാണ് മഹാരാഷ്ട്ര മുഖ്യമന്ത്രി പൃഥ്വിരാജ് ചവാനോട് യോഗത്തില്‍ രാഹുല്‍ഗാന്ധി ആവശ്യപ്പെട്ടത്. ഇക്കാര്യത്തില്‍ സഹപ്രവര്‍ത്തകരുമായി ആലോചിച്ച ശേഷം ഉചിതമായ തീരുമാനമെടുക്കുമെന്നായിരുന്നു ചവാന്റെ മറുപടി.
കേന്ദ്ര ആഭ്യന്തരമന്ത്രി സുശീല്‍കുമാര്‍ ഷിന്‍ഡെ, മുന്‍ സംസ്ഥാന മുഖ്യമന്ത്രിമാരായ അശോക് ചവാന്‍, വിലാസ്‌റാവു ദേശ്മുഖ് തുടങ്ങിയ പ്രമുഖ കോണ്‍ഗ്രസ് നേതാക്കളുടെയും ജിതേന്ദ്ര അവാദെ എം.എല്‍.എ അടക്കമുള്ള എന്‍.സി.പി നേതാക്കളുടെയും പേര് റിപ്പോര്‍ട്ടില്‍ പരാമര്‍ശിക്കുന്നുണ്ട്.
രാഷ്ട്രീയക്കാരുടെ പിന്‍ബലത്തില്‍ ഉദ്യോഗസ്ഥര്‍ ചട്ടങ്ങള്‍ ലംഘിച്ച് കെട്ടിടനിര്‍മിതിക്ക് അനുമതി നല്‍കിയതായും പ്രതിഫലമായി ഫ്‌ളാറ്റുകള്‍ സ്വന്തമാക്കിയതായും റിപ്പോര്‍ട്ടില്‍ വെളിപ്പെടുത്തിയിരുന്നു.