സിം- ആഫ്രോ ടി-10 ലീഗില്‍ സൂപ്പര്‍ താരം ഡോണോവാന്‍ ഫെരേരയുടെ വെടിക്കെട്ടില്‍ വിജയം സ്വന്തമാക്കി ഹരാരെ ഹരികെയ്ന്‍സ്. കഴിഞ്ഞ ദിവസം ഹരാരെയുടെ ഹോം ഗ്രൗണ്ടില്‍ നടന്ന മത്സരത്തില്‍ ടേബിള്‍ ടോപ്പര്‍മാരായ കേപ് ടൗണ്‍ സാംപ് ആര്‍മിയെ സൂപ്പര്‍ ഓവറില്‍ പരാജയപ്പെടുത്തിയാണ് ഫേരേരയും ടീമും കരുത്ത് കാട്ടിയത്.
കഴിഞ്ഞ ദിവസം ഹരാരെയില്‍ നടന്ന മത്സരത്തില്‍ 33 പന്തില്‍ നിന്നും പുറത്താകാതെ 87 റണ്‍സാണ് ഫെരേര അടിച്ചുകൂട്ടിയത്. ആറ് ബൗണ്ടറിയും എട്ട് സിക്‌സറും ഉള്‍പ്പെടെ 263.64 എന്ന തകര്‍പ്പന്‍ സ്‌ട്രൈക്ക് റേറ്റിലാണ് താരം റണ്‍സടിച്ചുകൂട്ടിയത്.
ഫെരേര ആകെ അടിച്ച എട്ട് സിക്‌സറില്‍ അഞ്ച് സിക്‌സറും ഒറ്റ ഓവറില്‍ തന്നെയാണ് പിറന്നത്, അതും ഹരാരെ ഇന്നിങ്‌സിന്റെ അവസാന ഓവറില്‍. കരീം ജനത് എറിഞ്ഞ അവസാന ഓവറിലെ ആദ്യ പന്തില്‍ റണ്‍സ് നേടാന്‍ സാധിക്കാതെ പോയതിന്റെ സങ്കടം ഫെരേര തീര്‍ത്തത് തുടര്‍ന്നുള്ള അഞ്ച് പന്തിലും സിക്‌സര്‍ നേടിക്കൊണ്ടാണ്.
0, 6, 6, 6, 6, 6 എന്നിങ്ങനെ 30 റണ്‍സാണ് ഹരാരെ ഇന്നിങ്‌സിലെ അവസാന ഓവറില്‍ ഫെരേര അടിച്ചുകൂട്ടിയത്.
ഹരാരെ ആകെ നേടിയ 115 റണ്‍സില്‍ 87 റണ്‍സും സ്വന്തമാക്കിയത് ഫെരേര തന്നെയായിരുന്നു. അതായത് ടീം ടോട്ടലിന്റെ 76 ശതമാനത്തോളം റണ്‍സും പിറന്നത് ഫെരേരയുടെ ബാറ്റില്‍ നിന്നും തന്നെയെന്നര്‍ത്ഥം.
ഒടുവില്‍ നിശ്ചിത ഓവറില്‍ ആറ് വിക്കറ്റ് നഷ്ടത്തില്‍ 115 റണ്‍സാണ് ഹരാരെ നേടിയത്.
116 റണ്‍സ് ലക്ഷ്യവുമായിറങ്ങിയ കേപ് ടൗണും 115 റണ്‍സിന് പുറത്തായപ്പോള്‍ മത്സരം സൂപ്പര്‍ ഓവറിലേക്ക് വഴിമാറി. സൂപ്പര്‍ ഓവറില്‍ ആദ്യം ബാറ്റ് ചെയ്ത കേപ് ടൗണ്‍ ഏഴ് റണ്‍സിന് പുറത്തായപ്പോള്‍ ഹരാരെ അനായാസം ലക്ഷ്യം കണ്ടു.
ഈ വിജയത്തോടെ പോയിന്റ് ടേബിളില്‍ മൂന്നാം സ്ഥാനത്ത് തുടരാനും ഹരാരെക്കായി. ഹരാരെ ഇന്നിങ്‌സിനെ ഒറ്റയ്ക്ക് ചുമലിലേറ്റിയ ഡോണോവാന്‍ ഫെരേര തന്നെയാണ് മത്സരത്തിലെ താരം.
ഐ.പി.എല്ലില്‍ രാജസ്ഥാന്‍ റോയല്‍സിന്റെ താരമായിരുന്നു ഫെരേര. എന്നാല്‍ ഒറ്റ മത്സരത്തില്‍ പോലും ബാറ്റ് ചെയ്യാന്‍ താരത്തിന് അവസരം ലഭിച്ചിരുന്നില്ല. രാജസ്ഥാന്റെ അവസാന മത്സരത്തില്‍ മാത്രമാണ് ഫെരേര കളത്തിലിറങ്ങിയത്. അതും സബ്സ്റ്റിറ്റിയൂട്ട് ഫീല്‍ഡറുടെ റോളില്‍.
ഇറങ്ങിയത് സബ്‌സ്റ്റിറ്റിയൂട്ടിന്റെ റോളിലാണെങ്കിലും ഒരു തകര്‍പ്പന്‍ ക്യാച്ചും സ്വന്തമാക്കി, രാജസ്ഥാന്റെ വിജയത്തില്‍ നിര്‍ണായകമായാണ് ഫെരേര തിളങ്ങിയത്.
ഐ.പി.എല്ലിന്റെ സൗത്ത് ആഫ്രിക്കന്‍ കൗണ്ടര്‍ പാര്‍ട്ടായ എസ്.എ 20യില്‍ ജോബെര്‍ഗ് സൂപ്പര്‍ കിങ്‌സിന്റെ താരമാണ് ഫെരേര.
ടി-20 ഫോര്‍മാറ്റിലും മികച്ച സ്റ്റാറ്റുകളാണ് താരത്തിനുള്ളത്. 37 മത്സരത്തിലെ 31 ഇന്നിങ്സില്‍ നിന്നും 31.95 ശരാശരിയില്‍ 703 റണ്‍സാണ് താരം നേടിയത്. എസ്.എ 20യില്‍ ഡര്‍ബന്‍ സൂപ്പര്‍ ജയന്റ്സിനെതിരെ നേടിയ 82* ആണ് ഉയര്‍ന്ന സ്‌കോര്‍.
Content Highlight: Donovan Ferreira’s brilliant knock in Zim Afro T10 League