| Monday, 4th September 2023, 1:11 pm

ദക്ഷിണാഫ്രിക്കയുടെ ഭാവി സഞ്ജുവിന്റെ വലംകൈയില്‍ ഭദ്രം; തോല്‍വിയിലും കരിയറിലെ ആദ്യ മത്സരം റോയലാക്കി മടക്കം

സ്പോര്‍ട്സ് ഡെസ്‌ക്

ഓസ്‌ട്രേലിയയുടെ സൗത്ത് ആഫ്രിക്കന്‍ പര്യടനത്തിലെ ടി-20 പരമ്പര വൈറ്റ് വാഷ് ചെയ്ത് സന്ദര്‍ശകര്‍. കഴിഞ്ഞ ദിവസം കിങ്‌സ്മീഡില്‍ നടന്ന മത്സരത്തില്‍ അഞ്ച് വിക്കറ്റിന് വിജയിച്ചതോടെയാണ് ഓസീസ് പരമ്പര ക്ലീന്‍ സ്വീപ് ചെയ്ത് സ്വന്തമാക്കിയത്.

പരമ്പരയിലെ ആദ്യ രണ്ട് മത്സരത്തിലും പരാജയപ്പെട്ട് പരമ്പര നഷ്ടപ്പെടുത്തിയ സൗത്ത് ആഫ്രിക്ക മുഖം രക്ഷിക്കാനുള്ള വിജയം തേടിയാണ് മൂന്നാം മത്സരത്തിനിറങ്ങിയത്. എന്നാല്‍ ആദ്യ ഓവറില്‍ തന്നെ ആതിഥേയര്‍ക്ക് പ്രഹരമേറ്റു.

ഇന്നിങ്‌സിലെ രണ്ടാം പന്തില്‍ തന്നെ തെംബ ബാവുമയെ ഗോള്‍ഡന്‍ ഡക്കാക്കി മാര്‍കസ് സ്‌റ്റോയിന്‌സ് തുടങ്ങി. ടീം സ്‌കോര്‍ ഒന്നില്‍ നില്‍ക്കവെയായിരുന്നു ബാവുമ മടങ്ങിയത്. മൂന്നാം ഓവറിലെ രണ്ടാം പന്തില്‍ മാത്യൂ ബ്രീറ്റ്‌സ്‌കിയെയും പ്രോട്ടീസിന് നഷ്ടമായി. ടീം സ്‌കോര്‍ 12ല്‍ നില്‍ക്കവെ ഏഴ് പന്തില്‍ നിന്നും അഞ്ച് റണ്‍സ് നേടിയാണ് താരം മടങ്ങിയത്.

ഓപ്പണര്‍ റീസ ഹെന്‍ഡ്രിക്‌സും ക്യാപ്റ്റന്‍ ഏയ്ഡന്‍ മര്‍ക്രവും ചെറുത്തുനിന്നപ്പോള്‍ യുവതാരം ഡോണോവന്‍ ഫെരേരയുടെ ഇന്നിങ്‌സായിരുന്നു സ്‌പോട്‌ലൈറ്റ് സ്റ്റീലര്‍. കരിയറിലെ ആദ്യ അന്താരാഷ്ട്ര ടി-20യില്‍ ബാറ്റേന്തുകയാണ് എന്ന ആശങ്കയൊട്ടുമില്ലാതെ രാജസ്ഥാന്‍ റോയല്‍സിന്റെ സൂപ്പര്‍ താരം ഓസീസ് ബൗളര്‍മാരെ കടന്നാക്രമിച്ചു.

21 പന്തില്‍ അഞ്ച് സിക്‌സറിന്റെയും ഒരു ബൗണ്ടറിയുടെയും അകമ്പടിയോടെ 48 റണ്‍സാണ് ഫെരേര സ്വന്തമാക്കിയത്. 228.57 എന്ന തകര്‍പ്പന്‍ സ്‌ട്രൈക്ക് റേറ്റിലാണ് താരം റണ്ണടിച്ചുകൂട്ടിയത്.

ഒടുവില്‍ 20ാം ഓവറിലെ മൂന്നാം പന്തില്‍ ടീം സ്‌കോര്‍ 181ല്‍ നില്‍ക്കവെ അര്‍ഹിച്ച അര്‍ധ സെഞ്ച്വറിക്ക് രണ്ട് റണ്‍സകലെ താരം റണ്‍ ഔട്ടായി മടങ്ങുകയായിരുന്നു.

പ്രോട്ടീസിനായി റീസ ഹെന്‍ഡ്രിക്‌സ് 30 പന്തില്‍ 42 റണ്‍സടിച്ചപ്പോള്‍ ക്യാപ്റ്റന്‍ മര്‍ക്രം 23 പന്തില്‍ 41 റണ്‍സ് നേടി പുറത്തായി.

ഒടുവില്‍ നിശ്ചിത ഓവറില്‍ എട്ട് വിക്കറ്റ് നഷ്ടത്തില്‍ 190 റണ്‍സാണ് പ്രോട്ടീസ് നേടിയത്.

ഓസീസ് ഇന്നിങ്‌സിലെ ആദ്യ പന്തില്‍ തന്നെ മാറ്റ് ഷോര്‍ട്ടിനെ വിക്കറ്റിന് മുമ്പില്‍ കുടുക്കി മടക്കിയ മര്‍ക്രം പ്രോട്ടീസിന് പ്രതീക്ഷ നല്‍കി. 12 പന്തില്‍ 15 റണ്‍സുമായി ക്യാപ്റ്റന്‍ മിച്ചല്‍ മാര്‍ഷും പുറത്തായപ്പോള്‍ ആ പ്രതീക്ഷ ഇരട്ടിയായി.

എന്നാല്‍ ഓസീസിന്റെ മീശക്കാരന്‍ അത്രപെട്ടെന്ന് തോറ്റുകൊടുക്കാന്‍ ഒരുക്കമായിരുന്നില്ല. 48 പന്തില്‍ നിന്നും ആറ് സിക്‌സറും എട്ട് ഫോറുമായി 91 റണ്‍സോടെ ട്രാവിസ് ഹെഡ് തകര്‍ത്തടിച്ചു. ഒപ്പം സപ്പോര്‍ട്ടുമായി വിക്കറ്റ് കീപ്പര്‍ ജോഷ് ഇംഗ്ലിസുമെത്തിയതോടെ മത്സരം പ്രോട്ടീസിന്റെ കയ്യില്‍ നിന്നും വഴുതി മാറി.

22 പന്തില്‍ നാല് സിക്‌സറും ഒരു ബൗണ്ടറിയും അടക്കം 22 പന്തില്‍ 42 റണ്‍സുമായി ഇംഗ്ലിസ് തിളങ്ങിയപ്പോള്‍ 21 പന്തില്‍ 37 റണ്‍സുമായി മാര്‍കസ് സ്റ്റോയിനിസ് പുറത്താകാതെ നിന്നു.

ഒടുവില്‍ 13 പന്തും അഞ്ച് വിക്കറ്റും കയ്യിലിരിക്കെ ഓസീസ് പ്രോട്ടീസിനെ ഒരിക്കല്‍ക്കൂടി നാണംകെടുത്തി. പരമ്പരയിലെ ആദ്യ മത്സരം 111 റണ്‍സിന് വിജയിച്ച ഓസീസ് രണ്ടാം മത്സരം എട്ട് വിക്കറ്റിനും വിജയിച്ചിരുന്നു.

അഞ്ച് മത്സരങ്ങളുടെ ഏകദിന പരമ്പരയാണ് ഇനി ഓസ്‌ട്രേലിയയുടെ സൗത്ത് ആഫ്രിക്കന്‍ പര്യടനത്തിലുള്ളത്. സെപ്റ്റംബര്‍ ഏഴിനാണ് പരമ്പരയിലെ ആദ്യ മത്സരം. മംഗൗങ് ഓവലാണ് വേദി.

Content highlight: Donovan Ferreira’s brilliant innings on debut match

We use cookies to give you the best possible experience. Learn more