കഴുതയിറച്ചി കഴിച്ചാല്‍ ലൈംഗിക ശക്തി കൂടുമെന്ന പ്രചാരണം; ആന്ധ്രയില്‍ കഴുതകളെ കൂട്ടത്തോടെ കാണാതാവുന്നു
വിശാഖപട്ടണം: ആന്ധ്രാപ്രദേശില്‍ കഴുതകളെ കൂട്ടത്തോടെ കാണാതായതിനെ തുടര്‍ന്ന് അധികൃതര്‍ നടത്തിയ അന്വേഷണത്തില്‍ ലഭിച്ചത് നിര്‍ണായക വിവരങ്ങള്‍. കഴുതകളെ കശാപ്പ് ചെയ്യുന്ന ശാലകള്‍ സംസ്ഥാനത്ത് കൂടിയെന്നാണ് അന്വേഷണ സംഘം കണ്ടെത്തിയത്.
കഴുതയിറച്ചി കഴിച്ചാല്‍ ലൈംഗിക ശക്തി കൂടുമെന്ന പ്രചാരണം ശക്തമായതോടെയാണ് കശാപ്പ് വര്‍ധിച്ചതെന്നാണ് റിപ്പോര്‍ട്ട്. ആന്ധ്രയില്‍ പടിഞ്ഞാറന്‍ ഗോദാവരി, കൃഷ്ണപ്രകാശം, ഗുണ്ടൂര്‍ എന്നീ ജില്ലകളില്‍ നിന്നാണ് ഇത്തരം കേസുകള്‍ ഏറ്റവും കൂടുതലായി റിപ്പോര്‍ട്ട് ചെയ്തിട്ടുള്ളത്.
2011ലെ ഫുഡ് സേഫ്റ്റി സ്റ്റാന്റേഡ് അനുസരിച്ച് കഴുതകളെ ഭക്ഷിക്കാനാകില്ല. കഴിച്ചാല്‍ കടുത്ത ശിക്ഷയുമുണ്ട്. ഭാരം ചുമക്കുന്ന മൃഗത്തിന്റെ മാംസം കഴിച്ചാല്‍ പൗരുഷം വര്‍ധിക്കും തുടങ്ങിയ അശാസ്ത്രീയമായ കാര്യങ്ങളും കഴുതയെ കഴിക്കുന്നതിന് കാരണമായി ആളുകള്‍ പറയുന്നുണ്ട്.
10000 മുതല്‍ 15000 രൂപ വരെയാണ് പൂര്‍ണ്ണവളര്‍ച്ചയെത്തിയ ഒരു കഴുതയെ വാങ്ങാന്‍ ചിലവാകുക. സംസ്ഥാനത്തെ കഴുതകളുടെ എണ്ണം ഇപ്പോള്‍ വെറും 5000 ആയി കുറഞ്ഞുവെന്നാണ് കണക്ക്. കശാപ്പ് ചെയ്യുന്ന റാക്കറ്റ് നടത്തുന്നത് ക്രിമിനല്‍ സംഘങ്ങളാണെന്നും റിപ്പോര്‍ട്ടുകളുണ്ട്.
ആന്ധ്രയില്‍ കഴുതകളുടെ എണ്ണം ഗണ്യമായി കുറഞ്ഞുവരുന്ന സാഹചര്യത്തില്‍ രാജസ്ഥാന്‍, ഉത്തര്‍പ്രദേശ്, തമിഴ്‌നാട്, മഹാരാഷ്ട്ര, കര്‍ണാടക, എന്നീ സംസ്ഥാനങ്ങളില്‍ നിന്ന് ആന്ധ്രയിലേക്ക് മൃഗങ്ങളെ കൊണ്ടുവരേണ്ട അവസ്ഥയാണെന്ന് അനിമല്‍ റെസ്‌ക്യൂ ഓര്‍ഗനൈസേഷന്‍ എന്ന എന്‍.ജി.ഒയുടെ അധികൃതര്‍ പറയുന്നു.
കശാപ്പുശാലകള്‍ സന്ദര്‍ശിച്ച് വീഡിയോയും ഫോട്ടോകളും സഹിതം അധികാരികള്‍ക്ക് പരാതി നല്‍കിയിട്ടുണ്ടെന്നും എന്‍.ജി.ഒ പറഞ്ഞു.
ഡൂള്‍ന്യൂസിനെ ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
Content Highlight: Donkeys are disappearing from Andhra Pradesh