കഴുതയെ വാഹനത്തില്‍ കൊണ്ടുപോയവരെ ഗോ സംരക്ഷകര്‍ മര്‍ദ്ദിച്ചു; കഴുതയെന്ന് മനസിലായപ്പോള്‍ സംഘം രക്ഷപ്പെട്ടു
Daily News
കഴുതയെ വാഹനത്തില്‍ കൊണ്ടുപോയവരെ ഗോ സംരക്ഷകര്‍ മര്‍ദ്ദിച്ചു; കഴുതയെന്ന് മനസിലായപ്പോള്‍ സംഘം രക്ഷപ്പെട്ടു
ഡൂള്‍ന്യൂസ് ഡെസ്‌ക്
Tuesday, 5th September 2017, 8:24 am

 

ജയ്പുര്‍: രാജസ്ഥാനില്‍ കഴുതയെ വാഹനത്തില്‍ കൊണ്ടുപോയവരെ ഗോ സംരക്ഷകര്‍ പിന്തുടര്‍ന്ന് മര്‍ദ്ദിച്ചു. പശുവിനെ കടത്തുകയാണെന്ന് കരുതിയെത്തിയ സംഘമാണ് ബാര്‍മറില്‍ നിന്ന് വാഹനത്തിലുള്ളവരെ മര്‍ദ്ദിച്ചത്. എന്നാല്‍ വാഹനത്തിനുള്ളില്‍ കഴുതയാണെന്ന് വ്യക്തമായതോടെ സംഘം സ്ഥലത്ത് നിന്നു രക്ഷപ്പെടുകയും ചെയ്തു.


Also Read: നെടുമ്പാശേരിയില്‍ വിമാനം റണ്‍വേയില്‍ നിന്ന് തെന്നി മാറി; അപകടത്തില്‍പ്പെട്ടത് അബുദാബിയില്‍ നിന്നെത്തിയ വിമാനം


കഴിഞ്ഞദിവസം രാത്രിയായിരുന്നു സംഭവം. ജലോര്‍ ജില്ലയിലെ സയ്ലയിലുള്ള കാന്തിലാല്‍ ഭീലിന്റെ കഴുതയെ കഴിഞ്ഞയാഴ്ച കാണാതായിരുന്നു. ഭീല്‍ ഇതുസംബന്ധിച്ച് പൊലീസില്‍ പരാതി നല്‍കുകയും ചെയ്തു. തുടര്‍ന്ന് നടത്തിയ അന്വേഷണത്തില്‍ കഴുത സിന്ധരി പ്രദേശത്തെ ഒരു ബസ് സ്റ്റാന്‍ഡിലുണ്ടെന്ന് വിവരം ലഭിച്ചു.

ഇതേത്തുടര്‍ന്ന് സ്ഥലത്തെത്തിയ അദ്ദേഹവും സുഹൃത്തുക്കളും കഴുതയെ വാഹനത്തില്‍ കയറ്റി വീട്ടിലേക്ക് മടങ്ങുമ്പോഴാണ് അക്രമം. കഴുതയുമായി ഇവര്‍ വാഹനത്തില്‍ പോകുന്നതുകണ്ട ഗോ രക്ഷാ പ്രവര്‍ത്തകര്‍ മറ്റൊരു വാഹനത്തില്‍ പിന്തുടരുകയായിരുന്നു. ആളൊഴിഞ്ഞ സ്ഥലത്തുവച്ച് ഇവരെ തടഞ്ഞുനിര്‍ത്തിയ സംഘം ക്രൂര മര്‍ദ്ദനത്തിനും ഇരയാക്കി.


Dont Miss: ബിയര്‍ ലോറിയും കാറും കൂട്ടിയിടിച്ചു; സ്ഥലത്തെത്തിയവര്‍ പരിക്കേറ്റവരെ ആശുപത്രിയിലെത്തിക്കാതെ ബിയര്‍ കടത്തി


ഇതിനിടെ വാഹനത്തിലുള്ളത് കഴുതയാണെന്ന് വ്യക്തമായതോടെ അക്രമികള്‍ സ്ഥലം വിടുകയും ചെയ്തു. സംഭവത്തില്‍ പൊലീസ് കേസെടുത്തിട്ടുണ്ട്. അക്രമികള്‍ക്കുവേണ്ടി തിരച്ചില്‍ തുടങ്ങിയെന്ന് പൊലീസ് വ്യക്തമാക്കി.

സംഭവത്തില്‍ എസ്.സി, എസ്.ടി വിഭാഗക്കാര്‍ക്കെതിരായ അക്രമം തടയുന്നതിനുള്ള വകുപ്പുള്‍പ്പെടെ ചേര്‍ത്താണ് കേസെടുത്തിട്ടുള്ളതെന്ന് പൊലീസ് പറഞ്ഞു. ഡി.എസ്.പി രംനിവാസ് സുന്ദയുടെ മേല്‍നോട്ടത്തിലാണ് അന്വേഷണം നടക്കുന്നത്. മര്‍ദ്ദനത്തില്‍ പരിക്കേറ്റവരെ പ്രഥമ ശുശ്രൂഷയ്ക്ക് ശേഷം വിട്ടയച്ചു.