ടൈംബോംബിന് മുകളിലാണ് നമ്മള്‍ ഇരിക്കുന്നതെന്ന മുന്നറിയിപ്പാണ് ഞാന്‍ നല്‍കുന്നത്: പ്രകാശ് ഝാ
Dool Talk
ടൈംബോംബിന് മുകളിലാണ് നമ്മള്‍ ഇരിക്കുന്നതെന്ന മുന്നറിയിപ്പാണ് ഞാന്‍ നല്‍കുന്നത്: പ്രകാശ് ഝാ
ഡൂള്‍ന്യൂസ് ഡെസ്‌ക്
Wednesday, 1st August 2012, 2:49 pm


ഫെയ്‌സ് ടു ഫെയ്‌സ് / പ്രകാശ് ഝാ

മൊഴിമാറ്റം/ ജിന്‍സി


രാഷ്ട്രീയ പ്രാധാന്യമുള്ള വിഷയങ്ങള്‍ സിനിമയിലൂടെ കൈകാര്യം ചെയ്ത് ശ്രദ്ധ നേടിയ സംവിധായകനാണ് പ്രകാശ് ഝാ. 60 കാരനായ ഝാ 17 വര്‍ഷത്തെ സിനിമാ ജീവിതത്തിനിടയില്‍ ബീഹാറിലെ ജാതീയവും രാഷ്ട്രീയവുമായ പ്രശ്‌നങ്ങളും ഫ്യൂഡലിസവുമൊക്കെ  കൈകാര്യം ചെയ്തിട്ടുണ്ട്. ഇന്ത്യയില്‍ ഏറെ ചര്‍ച്ച ചെയ്യപ്പെടുന്ന മാവോയിസം എന്ന വിഷയം സിനിമയില്‍ കൈകാര്യം ചെയ്യാനൊരുങ്ങുകയാണ് ഝായിപ്പോള്‍. ഈ വിഷയം തിരഞ്ഞെടുക്കാനുള്ള സാഹചര്യങ്ങളെയും അതിന്റെ പ്രസക്തിയെയും കുറിച്ച് ഝാ സംസാരിക്കുന്നു…

[]

ഗ്രാമങ്ങളിലെ അടിച്ചമര്‍ത്തലിനെയും കരാര്‍ തൊഴിലിനെയും കുറിച്ചായിരുന്നു താങ്കളുടെ ആദ്യ ചിത്രം ദാമുല്‍ പറഞ്ഞത്. പതിനേഴ് വര്‍ഷത്തിനുശേഷം മറ്റൊരു തരത്തിലുള്ള അടിച്ചമര്‍ത്തലിന്റെ ഫലമായ മാവോയിസം എന്ന വിഷയം കൈകാര്യം ചെയ്യാനൊരുങ്ങുകയാണ് താങ്കള്‍. ഈ നീണ്ട കാലയളവിനുള്ളില്‍ എന്ത് തരത്തിലുള്ള രാഷ്ട്രീയമാറ്റങ്ങളാണ് ഇവിടെ താങ്കള്‍ക്ക് കാണാനായത്?

90കള്‍ വരെ രാഷ്ട്രീയ സംവിധാനങ്ങള്‍ നിയന്ത്രിച്ചിരുന്നത് ഉയര്‍ന്ന ക്ലാസിലുള്ളവരും മധ്യവര്‍ഗവുമാണ്. 90കള്‍ക്കുശേഷം സാമ്പത്തിക പരിഷ്‌കരണങ്ങള്‍ക്കൊപ്പം രാഷ്ട്രീയരംഗത്ത് ദലിതരുടെയും താഴ്ന്ന ജാതിയിലുള്ളവരുടെയും സാന്നിധ്യം കണ്ടുതുടങ്ങി. സാമ്പത്തിക വളര്‍ച്ച അതിന്റെ ഔന്നത്യത്തിലെത്തുന്നതാണ് മൂന്നാം ഘട്ടത്തില്‍ നാം കണ്ടത്. സാമ്പത്തിക വളര്‍ച്ചയും അസമമായ വളര്‍ച്ചയും പ്രതിഷേധ പ്രകടനങ്ങള്‍ക്കും എതിര്‍പ്പുകള്‍ക്കും ഇടയാക്കി. സ്വാതന്ത്ര്യത്തിനുശേഷമുള്ള ആദ്യ 50 വര്‍ഷങ്ങളിലെ നമ്മുടെ രാഷ്ട്രീയം മതത്തിലും ജാതിയിലും അധിഷ്ടിതമായിരുന്നെങ്കില്‍ ഇപ്പോള്‍ അത് സാമ്പത്തിക ഘടകങ്ങളെ ആശ്രയിച്ചുള്ളതാവാന്‍ തുടങ്ങി. മാവോയിസ്റ്റ് പ്രതിഷേധങ്ങളെക്കുറിച്ചുള്ള എന്റെ അടുത്ത ചിത്രത്തിന്റെ പ്രതിപാദ്യമിതാണ്.

2004ലും 2009ലും ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ മത്സരിച്ച് താങ്കള്‍
പരാജയപ്പെട്ടിരുന്നു. രാഷ്ട്രീയത്തിലേക്ക് താങ്കളെ ആകര്‍ഷിക്കുന്നതെന്താണ്?

രാഷ്ട്രീയത്തില്‍ പ്രവേശിക്കാന്‍ ഞാനൊരിക്കലും ആഗ്രഹിച്ചിട്ടില്ല. ഒരു മാറ്റമുണ്ടാക്കാനായി ഞാന്‍ പാര്‍ലമെന്റില്‍ എത്താന്‍ ആഗ്രഹിച്ചിരുന്നു. ബീഹാറില്‍ ജനിച്ചുവളര്‍ന്നയാളെന്ന നിലയില്‍ രാഷ്ട്രീയത്തിനിടയിലൂടെയാണ് ഞാന്‍ വളര്‍ന്നുവന്നത്. മുംബൈയില്‍ ജീവിക്കുന്ന പലര്‍ക്കും തങ്ങളുടെ എം.എല്‍.എ അല്ലെങ്കില്‍ എം.പി ആരെന്നറിയില്ല. ഇതില്‍ നിന്ന് വ്യത്യസ്തമായി ബീഹാറില്‍ ഒരു നേതാവ് എല്ലാവര്‍ക്കും പരിചിതനാണ്. എന്റെ അച്ഛന്‍ സൈന്യത്തിലായിരുന്നു. അതുകൊണ്ടുതന്നെ വലുതാവുമ്പോള്‍ ഒന്നുകില്‍ പ്രതിരോധമേഖല, അല്ലെങ്കില്‍ സിവില്‍ സര്‍വീസ് എന്നതായിരുന്നു എന്റെ തീരുമാനം. എന്നാല്‍ നാഷണല്‍ ഡിഫന്‍സ് അക്കാദമിയില്‍ ഞാന്‍ പോയെങ്കിലും അവിടെ ജോയിന്‍ ചെയ്തില്ല. സിവില്‍ സര്‍വിനോട് പിന്നീടെനിക്ക് വെറുപ്പായിരുന്നു. കാരണം ബിരുദം പോലും പൂര്‍ത്തിയാക്കാത്ത ഞാനെങ്ങനെയാണ് യു.പി.എസ്.സി പരീക്ഷയ്ക്ക് ഇരിക്കുക.

നിതീഷ് കുമാറുമായുള്ള നിങ്ങളുടെ സൗഹൃദം പരസ്യമാണ്. എന്നിട്ടും രാം വിലാസ് പാസ്വാനുമായി ചേര്‍ന്ന് താങ്കള്‍ ലോക്‌സഭയിലേക്ക് മത്സരിച്ചതെന്താണ്?

സത്യത്തില്‍ എനിക്ക് യു.പി.എയുടെ ഭാഗമാകാനായിരുന്നു ആഗ്രഹം. പക്ഷെ തിരഞ്ഞെടുപ്പിന് തൊട്ടുമുമ്പായിരുന്നു രാം വിലാസ് പാസ്വാനും യു.പി.എയുമായുള്ള പ്രശ്‌നങ്ങളുണ്ടായത്.

ഇന്ന് ആ തീരുമാനത്തില്‍ ഞാന്‍ ദു:ഖിക്കുന്നു. പക്ഷെ അന്ന് എനിക്ക് മുമ്പില്‍ മറ്റ് മാര്‍ഗമില്ലായിരുന്നു.

ഞാന്‍ ബി.ജെ.പിയില്‍ ചേരണമെന്ന് നിതീഷ്ജിയും ആഗ്രഹിച്ചിരുന്നു. അദ്ദേഹമെനിക്ക് സീറ്റും വാഗ്ദാനം ചെയ്തതാണ്. പക്ഷെ ബി.ജെ.പിയുമായി എനിക്ക് ആശയപരമായി ഒത്തുപോകാനാകില്ലെന്നതിനാല്‍ ഞാന്‍ ആ ഓഫര്‍ സ്വീകരിച്ചില്ല. എന്റെ ജീവിതത്തിലെ പത്ത് വര്‍ഷങ്ങള്‍, 50 മുതല്‍ 60 വയസുവരെ ഞാന്‍ രാഷ്ട്രീയത്തിനുവേണ്ടി മാറ്റിവെച്ചിതായിരുന്നു. ആ സമയത്ത് രാഷ്ട്രീയത്തില്‍ ചേക്കേറാന്‍ എനിക്ക് പദ്ധതിയും ഉണ്ടായിരുന്നു. ഇന്ന് ഞാന്‍ 60 കടന്നു. ഇപ്പോള്‍ എനിക്ക് ആ ആഗ്രഹമില്ല.

രാഷ്ട്രീയത്തില്‍ പ്രവേശിക്കാന്‍ ഞാനൊരിക്കലും ആഗ്രഹിച്ചിട്ടില്ല. ഒരു മാറ്റമുണ്ടാക്കാനായി ഞാന്‍ പാര്‍ലമെന്റില്‍ എത്താന്‍ ആഗ്രഹിച്ചിരുന്നു.

2014ലേക്ക് മത്സരിക്കാന്‍ നിതീഷ്‌കുമാര്‍ താങ്കള്‍ക്ക് അവസരം തന്നാല്‍ മറ്റൊരു തിരഞ്ഞെടുപ്പ് നേരിടാന്‍ താങ്കള്‍ തയ്യാറാണോ?

ഒന്നിനും എന്റെ മനസ് മാറ്റാനാവില്ല. കേവലം പാര്‍ലമെന്റില്‍ കയറിയിരിക്കാനല്ല ഞാന്‍ ആഗ്രഹിക്കുന്നത്. ഞാന്‍ നേടിയെടുത്തിട്ടുള്ള മൂല്യങ്ങള്‍ക്കനുസൃതമായ വ്യവസ്ഥകള്‍ വരണമെന്ന് ഞാന്‍ ആഗ്രഹിച്ചിരുന്നു. ഇന്ന് ഞാന്‍ ഇതിനോടൊപ്പം ( സിനിമയോടൊപ്പം) പ്രവര്‍ത്തിക്കുകയാണ്.

നിങ്ങളുടെ പുതിയ സിനിമ ചക്രവ്യൂ മാവോയിസത്തെക്കുറിച്ചാണ് പറയുന്നത്. ഇതിനുവേണ്ടിയുള്ള ഗവേഷണങ്ങളുടെ ഭാഗമായി താങ്കള്‍ ചുവന്ന പാതയിലൂടെ യാത്രചെയ്തു. എന്തായിരുന്നു ആ അനുഭവങ്ങള്‍?

ഈ സാമൂഹ്യ അരക്ഷിതാവസ്ഥയ്ക്ക് കാരണം നമ്മുടെ ഫ്യൂഡല്‍ മനസ്ഥിതിയാണ്. അത് കുറച്ചാളുകള്‍ക്ക് നേട്ടമുണ്ടാക്കാനും മറ്റുള്ളവരെ ചൂഷണം ചെയ്യാനുമുള്ള ഒരു വ്യവസ്ഥ സൃഷ്ടിക്കുന്നു. നമ്മുടെ ജനാധിപത്യം ഒരു തിരഞ്ഞെടുപ്പിലൂടെ ആരംഭിക്കുകയും അവസാനിക്കുകയും ചെയ്യുന്നു. ജനാധിപത്യത്തിന്റെ പ്രശ്‌നമെന്താണെന്ന് വെച്ചാല്‍ ശരിയായ അര്‍ത്ഥത്തില്‍ എല്ലാവര്‍ക്കും അതില്‍ പങ്കാളിത്തം നല്‍കിയില്ലെങ്കില്‍ അത് ഗുണം ചെയ്യില്ല.

തങ്ങള്‍ക്ക് കാടുകളില്‍ തന്നെ ജീവിക്കാമെന്നാണ് ഇന്ത്യയ്ക്ക് സ്വാതന്ത്ര്യം ലഭിക്കുന്നതിന് മുമ്പ് മാവോയിസ്റ്റുകളുടെ (ആദിവാസികളെയാണ് ഉദ്ദേശിക്കുന്നത്) മനസിലുണ്ടായിരുന്നത്.  സ്വാതന്ത്ര്യത്തിനുശേഷം സര്‍ക്കാര്‍ അവരുടെ ഭൂമി പിടിച്ചെടുത്തു. ഭേദപ്പെട്ട ഒരു ജീവിതം നയിക്കാന്‍ മറ്റ് മാര്‍ഗമില്ലാത്തതിനാല്‍ തങ്ങള്‍ പുറന്തള്ളപ്പെട്ടെന്ന തോന്നല്‍ അവരിലുണ്ടായി. അവരെ ചൂഷണം ചെയ്യുന്ന ഫോറസ്റ്റ് ഓഫീസുകാരെയും ഗാര്‍ഡുകളെയുമാണ് അവരുമായി ആശയവിനിമയം നടത്താന്‍ സര്‍ക്കാര്‍ തിരഞ്ഞെടുക്കുന്നത്. അവര്‍ അവരുടെ സ്വത്തുക്കളെയും പെണ്‍കുട്ടികളെയും തട്ടിപ്പറിക്കുന്നു.

ഇത്തിരി മണ്ണിനുവേണ്ടിയുള്ള  അവരുടെ യുദ്ധം ബംഗാളിലെ നക്‌സല്‍ബാരിയില്‍ നിന്നാരംഭിക്കുന്നു. സ്വന്തം ഭൂമി അവര്‍ക്ക് നല്‍കില്ലെന്ന് പറഞ്ഞപ്പോള്‍ നക്‌സലുകള്‍ ഒത്തുചേരുകയും അവരുടെ ഭൂപ്രഭുക്കളെ ഇല്ലാതാക്കുകയും ചെയ്തു. അങ്ങനെയാണ് ബലംപ്രയോഗത്തിലൂടെ ഭൂമി തിരികെപ്പിടിക്കുകയെന്ന രീതി അവര്‍ ഉപയോഗിക്കുന്നത്.

വികസനത്തിന്റെ നേട്ടങ്ങള്‍ അവര്‍ക്ക് നിഷേധിക്കപ്പെടുന്നു. കാക്കിയിട്ടവരും അവരെ ചൂഷണം ചെയ്യുന്നു. ഇത്തിരി മണ്ണിനുവേണ്ടിയുള്ള  അവരുടെ യുദ്ധം ബംഗാളിലെ നക്‌സല്‍ബാരിയില്‍ നിന്നാരംഭിക്കുന്നു. സ്വന്തം ഭൂമി അവര്‍ക്ക് നല്‍കില്ലെന്ന് പറഞ്ഞപ്പോള്‍ നക്‌സലുകള്‍ ഒത്തുചേരുകയും അവരുടെ ഭൂപ്രഭുക്കളെ ഇല്ലാതാക്കുകയും ചെയ്തു. അങ്ങനെയാണ് ബലംപ്രയോഗത്തിലൂടെ ഭൂമി തിരികെപ്പിടിക്കുകയെന്ന രീതി അവര്‍ ഉപയോഗിക്കുന്നത്.

250 ജില്ലകള്‍ ചേര്‍ന്നതാണ് റെഡ് കോറിഡോറെന്നറിയിപ്പെടുന്നത്. ഈ മേഖലയെ മാത്രം കേന്ദ്രീകരിച്ച് സംഘട്ടനങ്ങള്‍ നടക്കുന്നിടത്തോളം അത് നമ്മളെ ബാധിക്കില്ല. എന്നാലിപ്പോള്‍ മനേസറിലെ മാരുതി പ്ലാന്റില്‍ നടന്ന സംഘട്ടനം നക്‌സലുകള്‍ നടത്തിയതാണെന്ന സംശയം ഉയര്‍ന്നിരിക്കുകയാണ്. അതുകൊണ്ടുതന്നെ കാട്ടില്‍ നിന്നുള്ള സംഘര്‍ഷങ്ങള്‍ വ്യവസായ മേഖലയിലേക്ക് പടരുകയാണ്.

മാവോയിസ്റ്റുകളുടെ കൂട്ടത്തില്‍ മുംബൈ നാഗ്പൂര്‍, ഓസ്മാനിയ, ജെ.എന്‍.യു യൂണിവേഴ്‌സിറ്റികളില്‍ നിന്നുള്ള വിദ്യാസമ്പന്നരുമുണ്ട്. നമ്മുടെ സമീപ്രദേശങ്ങളിലേക്കും ഈ പ്രക്ഷോഭം പടരുമോയെന്നുള്ളതാണ് എന്റെ ആശങ്ക.  ഈ അതൃപ്തി ധാരാവിയിലേക്ക് പടരുകയാണെങ്കില്‍ എങ്ങനെയാണ് നമ്മള്‍ മുംബൈയെ സംരക്ഷിക്കുക?

എന്റെ സിനിമയിലൂടെ ഈ പ്രശ്‌നം പൊതുജനങ്ങള്‍ക്ക് മുന്നില്‍ കൊണ്ടുവരാനാണ് ഞാന്‍ ശ്രമിക്കുന്നത്. പൊട്ടിത്തെറിക്കാനായി കാത്തിരിക്കുന്ന ടൈം ബോംബിന്റെ മുകളിലാണ് നമ്മള്‍ ഇരിക്കുന്നതെന്ന് നമ്മുടെ ജനതയ്ക്ക് മുന്നറിയിപ്പ് നല്‍കുകയാണ് ഞാന്‍ ചെയ്യുന്നത്.

കടപ്പാട്/ ടൈംസ് ഓഫ് ഇന്ത്യ