ലഖ്‌നൗ: സമാജ് വാദി പാര്‍ട്ടി സ്ഥാനാര്‍ത്ഥിയായ ഭാര്യയ്ക്ക് വോട്ട് തേടി തെരഞ്ഞെടുപ്പ് പ്രചരണത്തില്‍ പങ്കെടുത്തിന്റെ പേരില്‍ കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥിയും നടനുമായ ശത്രുഘ്‌നന്‍ സിന്‍ഹ വിമര്‍ശനം നേരിട്ടുകൊണ്ടിരിക്കുകയാണ്. ലഖ്‌നൗവില്‍ കോണ്‍ഗ്രസിന് വേണ്ടി പ്രചരണം നടത്താതെ എസ്.പി സ്ഥാനാര്‍ത്ഥിയായ ഭാര്യയ്ക്ക് വേണ്ടി വോട്ട് ചോദിച്ചതിനെയായിരുന്നു ചിലര്‍ വിമര്‍ശിച്ചത്.
എന്നാല്‍ താന്‍ തെറ്റായി ഒന്നും ചെയ്തിട്ടില്ലെന്നും വെറുതെ വിവാദം ഉണ്ടാക്കാനുള്ള ചിലരുടെ ശ്രമമാണ് ഇതിന് പിന്നിലെന്നും സിന്‍ഹ പറഞ്ഞു.
” കഴിഞ്ഞ മാസം കോണ്‍ഗ്രസില്‍ ചേരുമ്പോള്‍ ഞാന്‍ പാര്‍ട്ടി നേതാക്കളോട് ഇക്കാര്യം പറഞ്ഞിരുന്നു. എന്റെ ഭാര്യയ്ക്ക് വേണ്ട എല്ലാ പിന്തുണയും നല്‍കുമെന്നും അവര്‍ക്ക് വേണ്ടി പ്രചരണ പരിപാടിയില്‍ പങ്കെടുക്കുമെന്നും അറിയിച്ചിരുന്നു. അവര്‍ സമ്മതിച്ചതുമാണ്. കോണ്‍ഗ്രസിന്റെ മുതിര്‍ന്ന നേതാക്കളൊന്നും എന്റെ നടപടിയെ ഇതുവരെ ചോദ്യം ചെയ്തിട്ടുമില്ല. അവര്‍ക്ക് സത്യമെന്താണെന്ന് അറിയാം. എന്നാല്‍ ലഖ്‌നൗവിലെ കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥിയായ ആചാര്യ പ്രമോദ് കൃഷ്ണം എനിക്കെതിരെ വിമര്‍ശനമുന്നയിച്ചതായി കണ്ടു.
മെയ് 6 ന് ലഖ്‌നൗവിലെ തെരഞ്ഞെടുപ്പ് കഴിയുന്നതോടെ എന്റെ ഭാര്യ പാറ്റ്‌നയിലെത്തി എനിക്ക് വേണ്ടിയും പ്രചരണം നടത്തും. അതില്‍ അവര്‍ക്ക് ഒരു ബുദ്ധിമുട്ടുമില്ല. എന്നെ സംബന്ധിച്ച് കുടുംബത്തിന് തന്നെയാണ് പ്രഥമ പരിഗണന- സിന്‍ഹ പറഞ്ഞു.
ലഖ്‌നൗവില്‍ എത്തി കാമ്പയിന്‍ നടത്തിയതുവഴി പതിധര്‍മമാണ് ഞാന്‍ നിര്‍വഹിച്ചത്. പാറ്റ്‌നയില്‍ എത്തി എനിക്ക് വേണ്ടി വോട്ട് ചോദിക്കുക വഴി അവര്‍ പത്‌നി ധര്‍മവും നിറവേറ്റും. – സിന്‍ഹ പറഞ്ഞു.
ലഖ്‌നൗവില്‍ തനിക്ക് നേരത്തെ തന്നെ സമാജ് വാദി പാര്‍ട്ടി സീറ്റ് വാഗ്ദാനം ചെയ്തതാണെന്നും എന്നാല്‍ പാറ്റ്‌ന സാഹിബില്‍ നിന്നും മാറില്ലെന്ന് ജനങ്ങള്‍ക്ക് നല്‍കിയ വാക്ക് പാലിക്കാനാണ് താന്‍ ഇവിടെ തന്നെ മത്സരിക്കുന്നതെന്നും സിന്‍ഹ പറഞ്ഞു.
ബി.ജെ.പി നേതാവും കേന്ദ്രമന്ത്രിയുമായ രവിശങ്കര്‍ പ്രസാദിനെതിരെയാണ് സിന്‍ഹ മത്സരിക്കുന്നത്.
” പാറ്റ്‌നയുമായി എത്രയോ വര്‍ഷങ്ങള്‍ക്ക് മുന്‍പുള്ള ബന്ധമാണ്. സിനിമയില്‍ എത്തിയ ശേഷം മുംബൈയിലേക്ക് പോകേണ്ടി വന്നപ്പോഴും പാറ്റ്‌നയുമായുള്ള ബന്ധം ഉപേക്ഷിച്ചിട്ടില്ല. എന്നും ഇവിടെ എത്താറുണ്ട്. ഒരു ബന്ധുവിനെപ്പോലെ തന്നെയാണ് ഇവിടുത്തുകാര്‍ എന്നെ പരിഗണിക്കാറ്. അവര്‍ക്ക് ഞാന്‍ ബീഹാറി ബാബുവാണ്. കോണ്‍ഗ്രസിന് വേണ്ടി രാജ്യത്തിന്റെ ഏത് ഭാഗത്ത് പോയി കാമ്പയിന്‍ ചെയ്യാനും താന്‍ തയ്യാറാണെന്നും തന്നെ കൊണ്ട് കഴിയുന്നതെല്ലാം പാര്‍ട്ടിക്ക് വേണ്ടി ചെയ്യുമെന്നും സിന്‍ഹ പറഞ്ഞു.