ലീഗ് വണ്ണിലെ സൂപ്പര്‍ക്ലബ്ബായ പി.എസ്.ജിയില്‍ കുറച്ചുനാള്‍ മുമ്പ് പെനാല്‍ട്ടി എടുക്കുന്നതിനെ ചൊല്ലി എംബാപെയും നെയ്മറും തമ്മില്‍ തര്‍ക്കം നിലനിന്നിരുന്നു. മോണ്ട്‌പെല്ലിയറിനെതിരെയുള്ള രണ്ടാം മത്സരത്തിലായിരുന്നു ഇരുവരും തമ്മില്‍ പെനാല്‍ട്ടിയുടെ പേരില്‍ തര്‍ക്കമുണ്ടാകുന്നത്.
മത്സരത്തിന് ശേഷം ഡ്രസിങ് റൂമിലേക്കും ഇത് നീണ്ടുനിന്നിരുന്നു എന്നായിരുന്നു റിപ്പോര്‍ട്ടുകള്‍. എന്നാല്‍ മൂന്നാം മത്സരത്തില്‍ ലില്ലെക്കെതിരെ മികച്ച കെമിസ്ട്രി ആയിരുന്നു മുന്നേറ്റ നിര കാണിച്ചത്. ഏഴ് ഗോളാണ് ആ മത്സരത്തില്‍ പി.എസ്.ജി സ്വന്തമാക്കിയത്.
സൂപ്പര്‍താരങ്ങളെ കൊണ്ട് നിറഞ്ഞ ടീമിലെ സൂപ്പര്‍ ഗോള്‍കീപ്പറാണ് ഇറ്റാലിയന്‍ താരമായ ജി. ഡോണറുമ. ടീമില്‍ പ്രശ്‌നങ്ങളൊന്നുമില്ലെന്ന് തുറന്നുപറഞ്ഞിരിക്കുകയാണ് അദ്ദേഹം. ടീമില്‍ പെനാല്‍ട്ടിയുടെ പേരില്‍ പ്രശ്‌നം അരങ്ങേറിയപ്പോള്‍ വേണമെങ്കില്‍ താന്‍ പെനാല്‍ട്ടി എടുക്കാമെന്ന് തമാശരൂപേണ പറഞ്ഞതായും ഡോണറുമ കൂട്ടിച്ചേര്‍ത്തു. ഇത്തരത്തിലുള്ള പ്രശ്‌നങ്ങള്‍ വലിയ ടീമുകളില്‍ സംഭവിക്കാറുള്ളതാണെന്നും അദ്ദേഹം പറയുന്നു.
‘ഞാന്‍ കിലിയനോടും നെയ്മറിനോടും പറഞ്ഞു, അവര്‍ക്ക് വേണമെങ്കില്‍ ഞാന്‍ പെനാല്‍ട്ടി എടുക്കാം. ഈ പ്രശ്‌നങ്ങള്‍ മികച്ച ടീമുകളില്‍ സംഭവിക്കുന്ന കാര്യങ്ങളാണ്. ഇപ്പോള്‍ ടീമില്‍ കുഴപ്പമൊന്നുമില്ല, ലില്ലെയ്‌ക്കെതിരായ കഴിഞ്ഞ മത്സരത്തില്‍ ടീമിന്റെ ഐക്യം എല്ലാവരും കണ്ടതാണ്. ടീം ഐക്യത്തിലാണ്, അത് പുരോഗമിക്കുകയും എല്ലാവരെയും സഹായിക്കുകയും ചെയ്യും,’ ഡോണറുമ പറഞ്ഞു.
എംബാപെയും നെയ്മറും ഇതിഹാസ താരങ്ങളാണെന്നും അവര്‍ തമ്മില്‍ മികച്ച ബന്ധമുണ്ടെന്നും അദ്ദേഹം പറഞ്ഞു.
‘എംബാപെയും നെയ്മറും അവിശ്വസനീയവും ഇന്റലിജന്റുമായ രണ്ട് കളിക്കാരാണ്. അവര്‍ തമ്മില്‍ വളരെ നല്ല ബന്ധമുണ്ട്. പ്രധാന കാര്യം ഇത് നേരെയാക്കുകയും ഐക്യപ്പെടുത്തുകയുമായിരുന്നു. നമ്മുടെ ലക്ഷ്യങ്ങള്‍ നേടുന്നതിന് ടീമിലെ എല്ലാവരും ഒരേ ദിശയില്‍ സഞ്ചരിക്കേണ്ടതുണ്ട്. അതാണ് ഏറ്റവും പ്രധാനപ്പെട്ട കാര്യം,’ ഡോണറുമ കൂട്ടിച്ചേര്‍ത്തു.
മികച്ച തുടക്കമാണ് പി.എസ്.ജിക്ക് സീസണില്‍ ലഭിച്ചിരിക്കുന്നത്. ആദ്യ മൂന്ന് മത്സരത്തിലും വിജയിച്ചുകൊണ്ടാണ് പി.എസ്.ജി മുന്നേറുന്നത്. കഴിഞ്ഞ സീസണില്‍ മോശം പ്രകടനം കാഴ്ചവെച്ച നെയ്മറും മെസിയും ഈ സീസണില്‍ പുതിയ കോച്ചായ ക്രിസ്‌റ്റോഫ് ഗാള്‍ട്ടിയറിന്റെ കീഴില്‍ മികച്ച പ്രകടനമാണ് പുറത്തെടുക്കുന്നത്.
Content Highlight: Donarumma says he Asked Neymar And Mbape for Penalty