| Sunday, 24th September 2017, 9:59 am

ദേശീയ ഗാനം ആലപിക്കാതെ പ്രതിഷേധിച്ച ഫുട്‌ബോള്‍ താരങ്ങള്‍ക്ക് ട്രംപിന്റെ തെറിയഭിഷേകം; പ്രതിഷേധം വര്‍ണ്ണ വിവേചനത്തിനെതിരെ

ഡൂള്‍ന്യൂസ് ഡെസ്‌ക്

വാഷിംഗ്ടണ്‍; നാഷണല്‍ ഫുട്‌ബോള്‍ ലീഗ് താരങ്ങളെ തെറിവിളിച്ച് അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ്. അമേരിക്കയുടെ ദേശിയഗാനമായ ദ സ്റ്റാര്‍ സ്പ്രാങ്ക്ള്‍ഡ് ബാന്നര്‍ ആലപിക്കാന്‍ വിസമ്മതിച്ചതിലായിരുന്നു താരങ്ങള്‍ക്കെതിരെ ട്രംപിന്റെ തെറിയഭിഷേകം. താരങ്ങളെ ടീമില്‍ നിന്ന് പുറത്താക്കാന്‍ ടീം ഉടമകളോട് ആവശ്യപ്പെടുകയും ചെയ്തു.

അമേരിക്കയില്‍ ഇന്നും നിലനില്‍ക്കുന്ന കടുത്ത വര്‍ണ്ണ വിവേചനത്തിനും പൊലീസ് അതിക്രമത്തിനുമെതിരെയുള്ള പ്രതിഷേധമായാണ് താരങ്ങള്‍ ദേശീയ ഗാനം ആലപിക്കുന്നതില്‍ നിന്നും വിട്ടു നിന്നത്. അമേരിക്കന്‍ ഫുട്‌ബോള്‍ താരമായ കോളിന്‍ കോപ്പര്‍നിക്കാണ് പ്രതിഷേധത്തിന് തുടക്കം കുറിച്ചത്.

ഇത്തരം സംഭവങ്ങള്‍ നടന്നാല്‍ ആരാധകര്‍ ഗ്യാലറി വിട്ടു പോകണമെന്നും ട്രംപ് അലബാമയില്‍ നടന്ന പ്രസംഗത്തില്‍ ആവശ്യപ്പെട്ടു. രാജ്യത്തിന്റെ പതാകയെ അപമാനിക്കുന്ന “നായിന്റെ മക്കളെ” ടീമില്‍ നിന്ന് പുറത്താക്കുകയാണ് വേണ്ടത്. അത്തരക്കാരെ ടീമില്‍ നിന്ന് പുറത്താക്കുന്ന മുതലാളിമാരെ രാജ്യം ആദരിക്കുമെന്നും ട്രംപ് പറഞ്ഞു.


Also Read: ‘രക്തമൊലിക്കുന്ന മുഖവുമായി റൂണി’; എതിര്‍ ടീം താരത്തിന്റെ അടിയേറ്റ് രക്തം വന്നിട്ടും ഫൗള്‍ നല്‍കാതെ റഫറി, ചിത്രങ്ങള്‍ കാണാം


അതേസമയം, പ്രതിഷേധത്തിന് തുടക്കം കുറിച്ച കോളിന് ഈ സീസണില്‍ ഇതുവരേയും കളിക്കാന്‍ കഴിഞ്ഞിട്ടില്ല. കോളിന് പിന്തുണയുമായി നിരവധി താരങ്ങളാണ് ദേശീയ ഗാനം ബഹിഷ്‌കരിച്ച് രംഗത്തെത്തിയത്. കൂടുതലും കറുത്ത വര്‍ഗ്ഗക്കാരാണ് ഇവര്‍.

വര്‍ണ്ണ വിവേചനത്തിനെതിരെ രാജ്യമെമ്പാടും ചര്‍ച്ച ചെയ്യണമെന്ന് ആഗ്രഹിക്കുന്നത് കൊണ്ടാണ് ഇത്തരത്തിലൊരു പ്രതിഷേധമാര്‍ഗ്ഗം സ്വീകരിച്ചതെന്നും കോളിന്‍ പറയുന്നു.

അതേസമയം കളി കാണുന്നത് കാണികള്‍ അവസാനിപ്പിച്ചാല്‍ ഇതെല്ലാം അവസാനിക്കുമെന്നും ട്രംപ് പറയുന്നു. ട്രംപിന്റെ പ്രസ്താവനയ്‌ക്കെതിരെ നിരവധി പേര്‍ രംഗത്തെത്തിയിട്ടുണ്ട്.

We use cookies to give you the best possible experience. Learn more