| Monday, 30th January 2017, 5:02 pm

മിസ്റ്റര്‍ പ്രസിഡന്റ്, ഇത് ഭീരുത്വമാണ്; അങ്ങേയറ്റം അപകടകരവും: ട്രംപിന്റെ മുസ്‌ലിം വിലക്കിനെതിരെ ന്യൂയോര്‍ക്ക് ടൈംസ് എഡിറ്റോറിയലിന്റെ പൂര്‍ണരൂപം

ഡൂള്‍ന്യൂസ് ഡെസ്‌ക്

സിറിയന്‍ അഭയാര്‍ത്ഥികളെയും ഏഴ് പ്രധാന മുസ്‌ലിം രാഷ്ട്രങ്ങളിലെയും ജനങ്ങള്‍ അമേരിക്കയില്‍ പ്രവേശിക്കുന്നത് നിരോധിച്ചുകൊണ്ടുള്ള പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന്റെ തീരുമാനത്തിലെ ക്രൂരത ഒന്ന് ചിന്തിച്ചുനോക്കൂ. സ്വന്തം മണ്ണിലെ കൂട്ടക്കുരുതിയും സ്വേച്ഛാധിപത്യവും കണ്ട് മനംമടുത്ത് ഏറെ പ്രതീക്ഷയോടെ യു.എസിലേക്കു കുടിയേറുന്ന കുടുംബങ്ങളില്‍ ഈ തീരുമാനം സൃഷ്ടിക്കുന്ന പരിക്കും ദുരിതങ്ങളും കാണാന്‍ അധികം മണിക്കൂറുകളൊന്നും വേണ്ടിവന്നില്ല.

“യു.എസിലേക്കുള്ള വിദേശ തീവ്രവാദികളുടെ കടന്നുകയറ്റത്തില്‍ നിന്നും രാജ്യത്തെ രക്ഷിക്കുക” എന്ന പരിഹാസ്യമായ തലക്കെട്ടോടെ കൊണ്ടുവന്ന ട്രംപിന്റെ സ്വേച്ഛാപരമായ, ഭീരുത്വം നിറഞ്ഞ, സ്വയം തോല്‍പ്പിക്കുന്ന ഈ നയത്തിന്റെ ആദ്യ വിപത്ത് ഉത്തരവ് വന്ന് മണിക്കൂറുകള്‍ക്കകം ശനിയാഴ്ച പുലര്‍ച്ചെ അമേരിക്കന്‍ എയര്‍പോര്‍ട്ടുകളില്‍ ദൃശ്യമായി. ശനിയാഴ്ച വൈകുന്നേരത്തോടെ ബ്രൂക്‌ലിനിലെ ഒരു ഫെഡറല്‍ ജഡ്ജ് എയര്‍പോര്‍ട്ടുകളില്‍ കുടുങ്ങി കിടക്കുന്നവരെ സ്വന്തം രാജ്യങ്ങളിലേക്ക് തിരിച്ചയക്കേണ്ടതില്ലെന്നു പറഞ്ഞ് ഈ ഉത്തരവ് അടിയന്തരമായി സ്റ്റേ ചെയ്തു.

എന്നാല്‍ ട്രംപിന്റെ ഉത്തരവുമായി ബന്ധപ്പെട്ട മറ്റുവിഷങ്ങളുടെയെല്ലാം ഭാവി പരിശോധിക്കപ്പെടാതെ പോകുകയാണ്. ഈ അഭയാര്‍ത്ഥികളെ സംബന്ധിച്ച് ഇത് അവരുടെ അങ്ങേയറ്റത്തെ ദുര്‍വിധിയാണ്. വര്‍ഷങ്ങള്‍ നീണ്ട കഠിനവും സൂക്ഷ്മവുമായ നടപടിക്രമങ്ങളാണ് അതിന്റെ അന്തിമഘട്ടത്തിലെത്തി നില്‍ക്കെ ഡൊണാള്‍ഡ് ട്രംപിന്റെ രാഷ്ട്രീയ നിലപാടോടെ തകര്‍ന്നിരിക്കുന്നത്.

വിസ പ്രകാരം അമേരിക്കയില്‍ ജീവിക്കാന്‍ അനുമതി ലഭിച്ച ആയിരക്കണക്കിന് കുടിയേറ്റക്കാരുടെ ജീവിതത്തെയും കരിയറിനെയും ഈ നിരോധനം ബാധിക്കും. ട്രംപിന്റെ നയത്തിനെതിരെ ശനിയാഴ്ച നഗരത്തിന്റെ വിവിധ ഭാഗങ്ങളില്‍ പ്രതിഷേധം നടന്നിരുന്നു. നിയമാനുസൃതമായി സ്ഥിരതാമസത്തിന് അനുമതി ലഭിച്ചവരെ ട്രംപിന്റെ നയം ബാധിക്കില്ലെന്നു പറഞ്ഞുകൊണ്ട് വൈറ്റ്ഹൗസ് ഈ നയത്തിന്റെ വ്യാപ്തി അല്പം (അധികമൊന്നുമില്ല) വെട്ടിച്ചുരുക്കിയെന്നു മാത്രം.

ഹോളോ കാസ്റ്റ് സ്മരണാദിനത്തില്‍ പുറത്തിറക്കിയ ഈ ഉത്തരവ് പ്രസിഡന്റിന്റെ കഠിനഹൃദയവും ചരിത്രത്തോടും, സ്വന്തം മൂല്യങ്ങളെക്കുറിച്ചുള്ള അമേരിക്കയുടെ ആഴമേറിയ പാഠങ്ങളോടുമുള്ള താത്പര്യമില്ലായ്മയുമാണ് തുറന്നുകാട്ടുന്നത്.

യാതൊരു യുക്തിയും ഇല്ലാത്തതാണ് ഈ ഉത്തരവ്. കാരണമിത് സെപ്റ്റംബര്‍ 11ലെ ആക്രമണത്തെ ഓര്‍മിപ്പിക്കുന്നു. ട്രംപിന്റെ ബന്ധുക്കള്‍ക്ക് കച്ചവടമുള്ള, വിമാനം തട്ടിക്കൊണ്ടു പോയ, പദ്ധതിയിട്ട രാജ്യങ്ങളെ അമേരിക്കയിലേക്ക് പ്രവേശനം വിലക്കിയ ലിസ്റ്റില്‍ നിന്ന് ഒഴിവാക്കിയെന്നതാണ്.

ട്രംപിന്റെ ഈ നയം പ്രത്യേകം ഏതെങ്കിലും മതത്തെ പരാമര്‍ശിക്കുന്നില്ല. എന്നാല്‍ മുസ്‌ലീങ്ങള്‍ ഒഴികെയുള്ള മറ്റ് മതവിശ്വാസികളെ അംഗീകരിക്കാന്‍ സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍ക്ക് വിവേചനാധികാരം നല്‍കുക വഴി ഇത് പ്രകടമായും മുസ്‌ലീങ്ങളെ ഒഴിവാക്കുകയെന്ന ഭരണഘടനാ വിരുദ്ധമായ നിലപാടാണ് എന്നത് വ്യക്തമാണ്.

ട്രംപിന്റെ തെരഞ്ഞെടുപ്പ് പ്രചരണ ഘട്ടത്തില്‍ പ്രചരിക്കപ്പെട്ട പരദേശീ സ്പര്‍ദ്ധയും ഇസ്‌ലാമോഫോബിയയും അദ്ദേഹത്തിന്റെ പ്രസിഡന്‍സിയിലും കളങ്കമായി നിലനില്‍ക്കുമെന്നാണ് ഈ ഉത്തരവിന്റെ ഭാഷ വ്യക്തമാക്കുന്നത്. അമേരിക്കയുടേതല്ലാതിരുന്ന ഇവ ഇന്ന് അമേരിക്കന്‍ നയമായി മാറിയിരിക്കുന്നു.

“രാജ്യത്തേക്ക് പ്രവേശനാനുമതി ലഭിക്കുന്നവര്‍ രാജ്യത്തെയും അതിന്റെ അടിസ്ഥാന തത്വങ്ങളെയും വെറുക്കുന്നവരാകരുതെന്ന് യു.എസ് ഉറപ്പുവരുത്തേണ്ടതുണ്ട്. ” എന്നാണ് ഉത്തരവില്‍ പറയുന്നത്. മുസ്‌ലീങ്ങളെ ഭീഷണിയായി തന്നെ കാണണം എന്ന തെറ്റായ ധാരണയാണ് ഇത് സൃഷ്ടിക്കുന്നത്.

സ്ത്രീകള്‍ക്കെതിരെ ഹിംസ നടത്തുന്ന, വംശത്തിന്റെയും ലിംഗത്തിന്റെയും ലൈംഗികതയുടെയും പേരില്‍ ജനങ്ങളെ പീഡിപ്പിക്കുന്നവരില്‍ നിന്നും അമേരിക്കയെ സംരക്ഷിക്കാന്‍ ഈ ഉത്തരവ് ആവശ്യപ്പെടുന്നു. അങ്ങനെയാവുമ്പോള്‍ സ്ത്രീകളെ ലൈംഗികമായി അധിക്ഷേപിച്ചെന്ന് വീമ്പു പറഞ്ഞ പ്രസിഡന്റും സ്വവര്‍ഗാനുരാഗികളോട് വിവേചനം കാണിക്കുന്ന നയങ്ങളെ പിന്തുണച്ച വൈസ് പ്രസിഡന്റുമാണ് ഏറ്റവുമധികം ഭയക്കേണ്ടത്.

ഈ പുതിയ നയത്തിലെ അന്യായം  കോടതി തുറന്നുകാട്ടണം. കോണ്‍ഗ്രസും ട്രംപിന്റെ മന്ത്രിസഭയിലെ ഉത്തരവാദിത്തപ്പെട്ട അംഗങ്ങളും ഇത് എത്രയും പെട്ടെന്ന് പുനപരിശോധിക്കേണ്ടതാണ്. അതിന് ഇപ്പറഞ്ഞതിലും ശക്തമായ ഒരു കാരണം കൂടിയുണ്ട്: ഇത് അങ്ങേയറ്റം അപകടകരമാണ്. അമേരിക്ക ലക്ഷ്യമിടുന്നത് തീവ്രവാദികള്‍ക്കെതിരെയുള്ള യുദ്ധമെന്നതിനേക്കാള്‍ ഇസ്‌ലാമിനെതിരെയുള്ള യുദ്ധമാണെന്ന ധാരണ കൂടുതല്‍ വിശ്വാസ്യതയോടെ തീവ്രവാദി ഗ്രൂപ്പുകള്‍ക്ക് ഈ ഉത്തരവിലൂടെ കൊട്ടിഘോഷിക്കാം. ഭീരുവായ കരുത്തില്ലാത്ത അമേരിക്കയേക്കാള്‍ കൂടുതലൊന്നും അവര്‍ ആഗ്രഹിക്കുന്നില്ല.

ഈ നിരോധനം അമേരിക്കയ്‌ക്കെതിരെ പൊരുതാനുള്ള അവരുടെ ശ്രമങ്ങള്‍ക്ക് ആക്കംകൂട്ടുന്നുണ്ടെങ്കില്‍ ഇതിന് പ്രകോപനമാകുന്നത് സ്ഥിരബുദ്ധിയില്ലാത്ത മുന്‍പരിചയമില്ലാത്ത ഒരു പ്രസിഡന്റിന്റെ ഭാഗത്തുനിന്നുണ്ടായ ഈ അമിത പ്രതികരണമാണ്.

അമേരിക്കയുടെ മുതിര്‍ന്ന നേതാവ് തങ്ങളുടെ വിശ്വാസത്തെ കളങ്കപ്പെടുത്തി രംഗത്തുവന്ന സാഹചര്യത്തില്‍ മിഡില്‍ ഈസ്റ്റിലെ അമേരിക്കന്‍ സഖ്യകക്ഷികള്‍ അമേരിക്കയോട് സഹകരിക്കണോ വേണ്ടയോ എന്നത് യഥോചിതം തീരുമാനിക്കും. തങ്ങളുടെ ദേശത്ത് ബോംബ് വര്‍ഷിക്കാന്‍ ധൈര്യം കാണിക്കുകയും അതേസമയം ദുരിതമനുഭവിക്കുന്ന തങ്ങളുടെ ദേശക്കാര്‍ക്ക് അഭയം നല്‍കാന്‍ ഭയക്കുകയും ചെയ്യുന്ന ഒരു സര്‍ക്കാറിനെ പിന്തുണയ്ക്കുന്നതിന്റെ ഗുണദോഷങ്ങളെക്കുറിച്ച് അമേരിക്കന്‍ സൈനിക ഓപ്പറേഷനെ പിന്തുണയ്ക്കുന്ന അഫ്ഗാനികളും ഇറാഖികളും പുനപരിശോധിക്കും.

പ്രതിഷേധിക്കാതെ മൗനാനുവാദം നല്‍കിക്കൊണ്ട് ഈ നിരോധനത്തെ പിന്താങ്ങുന്ന യു.എസ് കോണ്‍ഗ്രസിലെ റിപ്പബ്ലിക്കന്‍സിനെ ചരിത്രം രേഖപ്പെടുത്തുക ഭീരുക്കളായാണ്.

ട്രംപിന്റെ പ്രതിരോധ സെക്രട്ടറി ജിം മാറ്റിസിനെപ്പോലെ ഈ നയം വിമര്‍ശിച്ച് മറ്റാരും മുന്നോട്ടുവന്നിരുന്നില്ല. തെരഞ്ഞെടുപ്പു വേളയില്‍ മുസ്‌ലിം നിരോധനം എന്ന പ്രഖ്യാപിത നയത്തിന്റെ അപകടങ്ങള്‍ മാറ്റിസിന് വ്യക്തമായിരുന്നു. “നമുക്ക് യുക്തിയില്‍ വിശ്വാസം നഷ്ടപ്പെട്ടോ” എന്ന് അമേരിക്കയുടെ സഖ്യകക്ഷികള്‍ അതിശയപ്പെടുമെന്നായിരുന്നു അദ്ദേഹം അന്ന് പറഞ്ഞത്. “ഇത്തരം കാര്യങ്ങള്‍ ഇപ്പോള്‍ തന്നെ നമുക്ക് വലിയ കോട്ടങ്ങള്‍ ഉണ്ടാക്കുന്നുണ്ടെന്നും അന്താരാഷ്ട്ര വ്യവസ്ഥയില്‍ ഞെട്ടല്‍ സൃഷ്ടിക്കുന്നുണ്ടെന്നും” അദ്ദേഹം വിശദീകരിച്ചിരുന്നു.

എന്നാല്‍ മാറ്റിസ് ഇപ്പോള്‍ പുലര്‍ത്തുന്ന മൗനം അമേരിക്കയുടെ സുരക്ഷയില്‍ ആശങ്കയുള്ള എല്ലാവരെയും ഭീതിപ്പെടുത്തുന്നതാണ്. ഈ വിവാദത്തിലേക്ക് സ്വയം വലിച്ചിഴക്കാതിരിക്കുന്നതാണ് നല്ലതെന്ന് മാറ്റിസിനും മറ്റ് മുതിര്‍ന്ന സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍ക്കും അറിയാം. അങ്ങനെ ചെയ്യുന്നത് പ്രഫഷണല്‍ കീര്‍ത്തിയ്ക്കു ഭംഗം വരുത്തുമെന്നും. അമേരിക്കന്‍ മൂല്യങ്ങളെ ഇല്ലാതാക്കുന്നതും സഹവര്‍ത്തികളായ പൗരന്മാര്‍ക്ക് കോട്ടംതട്ടുന്നതുമായ ഒരു തെറ്റിന് കൂട്ടുനില്‍ക്കാന്‍ അവരെ പ്രേരിപ്പിക്കുന്നത് ഇതാവാം.

We use cookies to give you the best possible experience. Learn more