വാഷിംഗ്ടണ്‍: പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് ആണവായുധം പ്രയോഗിക്കുകയില്ലെന്ന് ഉറപ്പുവരുത്തി അമേരിക്കന്‍ സര്‍ക്കാര്‍. ക്യാപിറ്റോള്‍ ആക്രമണത്തിന് പിന്നാലെ ട്രംപ് ആണവായുധങ്ങള്‍ പ്രയോഗിക്കാനുള്ള നടപടികള്‍ കൂടി സ്വീകരിക്കുമോയെന്ന ആശങ്കളുയര്‍ന്നിരുന്നു. ആണവായുധ വിഷയത്തില്‍ ഇറാനുമായുള്ള തര്‍ക്കങ്ങളും ആശങ്കക്ക് കാരണമായിരുന്നു. ഈ പശ്ചാത്തലത്തിലാണ് സ്പീക്കറുടെ നേതൃത്വത്തില്‍ നടപടികള്‍ സ്വീകരിച്ചത്.
തെരഞ്ഞെടുപ്പില്‍ പരാജയപ്പെട്ടെങ്കിലും ജനുവരി 20ന് പുതിയ പ്രസിഡന്റ് ഔദ്യോഗികമായി സ്ഥാനമേറ്റെടുക്കുന്നതുവരെ ട്രംപ് തന്നെയാണ് യു.എസ് മിലിട്ടറി തലവന്‍. ഓഫീസിലെ അവസാന നാളുകളില്‍ ആണവായുധങ്ങള്‍ പ്രയോഗിക്കാനുള്ള പ്രത്യേക അധികാരം ട്രംപ് ദുരുപയോഗം ചെയ്യില്ലെന്ന് ഉറപ്പു വരുത്താനുള്ള നടപടികളാണ് സ്പീക്കറുടെ നേതൃത്വത്തില്‍ സ്വീകരിച്ചത്.
സ്പീക്കര്‍ നാന്‍സി പെലോസി മിലിട്ടറി ചീഫുമായി ഈ വിഷയത്തില്‍ സംസാരിച്ചുവെന്നും ട്രംപിന് ആണവായുധങ്ങള്‍ ഉപയോഗിക്കാനാവില്ലെന്ന് ഉറപ്പാക്കിയെന്നും പാര്‍ലമെന്റ് വൃത്തങ്ങള്‍ അറിയിച്ചു.
യു.എസ് ഭരണഘടന പ്രകാരം ആണവായുധങ്ങള്‍ പ്രയോഗിക്കാനുള്ള പരമമായ അധികാരം പ്രസിഡന്റിന് മാത്രമാണ്. കോണ്‍ഗ്രസിനോ പെന്റഗണിനോ ജനങ്ങള്‍ക്കോ ഇതില്‍ ഇടപെടാനാകില്ല. പ്രസിഡന്റ് ന്യൂക്ലിയര്‍ ആക്രമണത്തിനുള്ള ഉത്തരവ് നല്‍കി കഴിഞ്ഞാല്‍ എതിര്‍പ്പുണ്ടായാലും മിലിട്ടറി ഉദ്യോഗസ്ഥര്‍ക്ക് അനുസരിച്ചേ മതിയാകൂ.
‘ന്യൂക്ലിയര്‍ ഫുട്‌ബോള്‍’എന്നറിയപ്പെടുന്ന ആണവായുധ ആക്രമണത്തിനുള്ള പ്രത്യേക കോഡുകളും നിര്‍ദേശങ്ങളും ഉപകരണങ്ങളുമടങ്ങിയ പ്രത്യേക ബാഗ് പ്രസിഡന്റിനൊപ്പം എപ്പോഴും കാണും.
ഡൊണാള്‍ഡ് ട്രംപ് നടത്തിയ ആഹ്വാനത്തിന് പിന്നാലെ അമേരിക്കന്‍ ചരിത്രത്തിലാദ്യമായി പാര്‍ലമെന്റ് മന്ദിരം ആക്രമിക്കപ്പെട്ടതിനെ തുടര്‍ന്നാണ് ട്രംപ് ആണവായുധവും പ്രയോഗിക്കുമോയെന്ന ആശങ്ക വ്യാപകമായത്. ഇറാനടക്കമുള്ള വിദേശരാജ്യങ്ങളുമായി നിലനില്‍ക്കുന്ന തര്‍ക്കങ്ങളും ഈ ആശങ്കക്ക് ആക്കം കൂട്ടിയിരുന്നു.
ഡൂള്‍ന്യൂസിനെ ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക