സ്ഥാനാരോഹണ ചടങ്ങില്‍ കുറഞ്ഞ ആളുകള്‍ മാത്രമേ പങ്കെടുത്തുള്ളൂവെന്ന് റിപ്പോര്‍ട്ട് ചെയ്ത മാധ്യമപ്രവര്‍ത്തകര്‍ക്കെതിരെയായിരുന്നു ട്രംപിന്റെ വിമര്‍ശനം.
വാഷിങ്ടണ്‍: ഭൂമിയില്‍ വിശ്വാസ്യത തീരെയില്ലാത്ത കൂട്ടരാണ് മാധ്യമപ്രവര്‍ത്തകരെന്ന് അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ്. തെറ്റായ റിപ്പോര്‍ട്ട് നല്‍കുന്നവര്‍ക്ക് മുന്നറിയിപ്പ് നല്‍കുന്നതായും മാധ്യമങ്ങളുമായി യുദ്ധം പ്രഖ്യാപിച്ചിരിക്കുകയാണെന്നും ട്രംപ് പറഞ്ഞു.
സ്ഥാനാരോഹണ ചടങ്ങില്‍ കുറഞ്ഞ ആളുകള്‍ മാത്രമേ പങ്കെടുത്തുള്ളൂവെന്ന് റിപ്പോര്‍ട്ട് ചെയ്ത മാധ്യമപ്രവര്‍ത്തകര്‍ക്കെതിരെയായിരുന്നു ട്രംപിന്റെ വിമര്‍ശനം.
ചടങ്ങില്‍ ധാരാളം ആളുകള്‍ പങ്കെടുത്തു. വേദിക്ക് പുറത്തും നിറയെ ആളുകളായിരുന്നു. എന്നാല്‍ ഇന്നു രാവിലെ ടെലിവിഷന് തുറന്നു നോക്കിയപ്പോള്‍ കാലിയായ മൈതാനമാണ് അവര്‍ കാണിച്ചത്. ട്രംപ് പറഞ്ഞു.
ഒബാമയുടെയും ട്രംപിന്റെയും സ്ഥാനാരോഹണ ചടങ്ങുകള്‍ താരതമ്യപ്പെടുത്തി മാധ്യമങ്ങള്‍ പുറത്തുവിട്ട ചിത്രം
ട്രംപിന്റെ ചടങ്ങുകള്‍ റിപ്പോര്‍ട്ട് ചെയ്ത മാധ്യമങ്ങള്‍ക്കെതിരെ പ്രസ് സെക്രട്ടറി സീന്‍ സ്‌പൈസറും രംഗത്തെത്തി. ചാനലുകള്‍ തെറ്റായ റിപ്പോര്‍ട്ടാണ് നല്‍കിയിരിക്കുന്നതെന്നും സമാധാനം പറയേണ്ട ഉത്തരവാദിത്വം മാധ്യമങ്ങള്‍ക്കുണ്ടെന്നും സ്‌പൈസര്‍ പറഞ്ഞു. അതേ സമയം മാധ്യമപ്രവര്‍ത്തകരുടെ മറ്റു ചോദ്യങ്ങള്‍ക്ക് ഉത്തരം നല്‍കാതെ ഒഴിഞ്ഞു മാറുകയാണ് സ്‌പൈസര്‍ ചെയ്തത്.
നേരത്തെ വാര്‍ത്താ സമ്മേളനത്തിനിടെ സി.എന്‍.എന്‍ മാധ്യമപ്രവര്‍ത്തകനെ ട്രംപ് അപമാനിച്ചിരുന്നു.