| Sunday, 4th June 2017, 12:54 pm

ലണ്ടന്‍ ഭീകരാക്രമണം; മുസ്‌ലീം രാജ്യങ്ങളില്‍ നിന്നുള്ള പൗരന്‍മാരെ വിലക്കണമെന്ന് വീണ്ടും ട്രംപ്

ഡൂള്‍ന്യൂസ് ഡെസ്‌ക്

വാഷിങ്ടണ്‍: ലണ്ടന്‍ ഭീകരാക്രമണത്തിന് പിന്നാലെ മുസ്‌ലീം രാജ്യങ്ങളില്‍ നിന്നുള്ള പൗരന്‍മാരെ വിലക്കണമെന്ന ആവശ്യം ശക്തമാക്കി അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ്.

“”നമ്മള്‍ കൂടുതല്‍ കരുതലോടെയിരിക്കണം. കൂടുതല്‍ കര്‍ക്കശമാകണം. നമുക്ക് നമ്മുടെ അവകാശങ്ങള്‍ തിരിച്ചുകിട്ടണം. കൂടുതല്‍ സുരക്ഷയ്ക്കായി നമുക്ക് യാത്രാ വിലക്ക് ഏര്‍പ്പെടുത്തേണ്ടതുണ്ട്””ട്രംപിന്റെ ട്വീറ്റ് പറയുന്നു. ആക്രമണണത്തിനോടുള്ള പ്രതികരണമെന്ന നിലയിലാണ് ട്രംപിന്റെ ട്വീറ്റ്.


Dont Miss നടി സുരഭിയ്ക്ക് അശ്വരഥത്തില്‍ സ്വീകരണം; നടപടിക്ക് മൃഗക്ഷേമ ബോര്‍ഡിന്റെ നിര്‍ദേശം 


ഭീകരാക്രമണമുണ്ടായ ശേഷം ട്രംപ് ആദ്യം ഡ്രഡ്ജ്റിപ്പോര്‍ട്ടിന്റെ ട്വീറ്റ് റീട്വീറ്റ് ചെയ്യുകയാണ് ചെയ്തത്. ഇതിന് ശേഷം ലണ്ടന്‍ ഭീകരാക്രമണ ഇരകള്‍ക്ക് പിന്തുണ പ്രഖ്യാപിച്ച്് ട്വീറ്റ് ചെയ്തു.

“അമേരിക്കയ്ക്ക് ചെയ്യാന്‍ കഴിയുന്ന ഏത് സഹായവും ഞങ്ങള്‍ ചെയ്യും. ഞങ്ങള്‍ നിങ്ങളോടൊപ്പമുണ്ട്. ദൈവം അനുഗ്രഹിക്കട്ടെ” എന്നായിരുന്നു ട്വീറ്റ്.

ആറ് മുസ്ലീം രാജ്യങ്ങളില്‍ നിന്നുള്ളവര്‍ക്ക് വിലക്കേര്‍പ്പെടുത്തുന്ന തീരുമാനം പുനസ്ഥാപിക്കാനാവശ്യപ്പെട്ട് ട്രംപ് ഭരണകൂടം ഈയാഴ്ച ആദ്യം സുപ്രീം കോടതിയെ സമീപിച്ചിരുന്നു.

ഇത്തരം ആക്രമണങ്ങള്‍ സാധാരണ ജനങ്ങളെയാണു ലക്ഷ്യമിടുന്നതെന്ന് യു.എസ് സ്റ്റേറ്റ് ഡിപ്പാര്‍ട്ട്‌മെന്റ് പ്രതികരിച്ചു. യു.കെ പൊലീസ് ഭീകരപ്രവര്‍ത്തനങ്ങള്‍ക്കെതിരെ നടത്തുന്ന ശ്രമങ്ങള്‍ അറിയാം. യു.കെ ആവശ്യപ്പെട്ടാല്‍ എന്തു സഹായവും നല്‍കാന്‍ യു.എസ് തയാറാണ്. എല്ലാ അമേരിക്കക്കാരും യുകെയിലെ ജനങ്ങള്‍ക്കൊപ്പമാണെന്നും സ്റ്റേറ്റ് ഡിപ്പാര്‍ട്ട്‌മെന്റ് പറഞ്ഞു.

ലണ്ടന്‍ ആക്രമണത്തില്‍ ഇന്ത്യന്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയും ദുഃഖം രേഖപ്പെടുത്തി. ആക്രമണം ഞെട്ടിക്കുന്നതും കടുത്ത വേദനയുണ്ടാക്കുന്നതുമാണെന്നു മോദി ട്വിറ്ററില്‍ കുറിച്ചു. ആക്രമണത്തില്‍ കൊല്ലപ്പെട്ടവരുടെ കുടുംബത്തിന്റെ ദുഃഖത്തില്‍ പങ്കുചേരുന്നു. പരുക്കേറ്റവര്‍ക്കുവേണ്ടി പ്രാര്‍ഥിക്കുന്നുവെന്നും മോദി പറഞ്ഞു.

We use cookies to give you the best possible experience. Learn more