| Saturday, 9th January 2021, 2:21 pm

രണ്ടാം തവണയും 'പുറത്താക്കപ്പെടാന്‍' ട്രംപ്; ഇംപീച്ച്‌മെന്റ് നടപടികളില്‍ താല്‍പര്യം കാണിക്കാതെ ബൈഡന്‍

ഡൂള്‍ന്യൂസ് ഡെസ്‌ക്

വാഷിംഗ്ടണ്‍: ക്യാപിറ്റോള്‍ ആക്രമണത്തിന്റെ പശ്ചാത്തലത്തില്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിനെ പുറത്താക്കണമെന്നാവശ്യവുമായി ഡെമോക്രാറ്റുകള്‍ രംഗത്ത്. എന്നാല്‍ പുറത്താക്കുന്നതിനുള്ള ഇംപീച്ച്‌മെന്റ് നടപടികളില്‍ നിയുക്ത പ്രസിഡന്റ് ജോ ബൈഡന് താല്‍പര്യമില്ലെന്നാണ് പുറത്തുവരുന്ന റിപ്പോര്‍ട്ടുകള്‍.

ട്രംപ് പ്രസിഡന്റ് ജോലിക്ക് പറ്റിയ ആളല്ലെന്ന് തനിക്ക് നേരത്തെ തന്നെ തോന്നിയിരുന്നെന്ന് ബൈഡന്‍ പറഞ്ഞു. എന്നാല്‍ നിലവില്‍ ട്രംപിനെ പുറത്താക്കുന്നതിനേക്കാള്‍ പ്രസിഡന്റ് പദവി സ്വീകരിക്കുന്നതിനാണ് മുന്‍ഗണന നല്‍കുന്നതെന്നും അദ്ദേഹം പറഞ്ഞു. സ്പീക്കര്‍ നാന്‍സി പെലോസിയടക്കമുള്ള ഡെമോക്രാറ്റ് നേതാക്കളുമായുള്ള കൂടിക്കാഴ്ചക്ക് ശേഷം സംസാരിക്കുകയായിരുന്നു അദ്ദേഹം.

‘പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് ഈ പണിക്ക് പറ്റിയ ആളല്ലെന്ന് എനിക്ക് നാളുകളായി തോന്നുന്നുണ്ടായിരുന്നു. അതുകൊണ്ടാണ് ഞാന്‍ മത്സരിച്ചത്. ട്രംപ് ആറ് മാസം കൂടി അധികാരത്തിലുണ്ടായിരുന്നെങ്കില്‍ ഏതു വിധേനെയും അദ്ദേഹത്തെ പുറത്താക്കുന്നതിനുള്ള നടപടികള്‍ സ്വീകരിക്കുമായിരുന്നു. പക്ഷെ രണ്ടാഴ്ചക്കുള്ളില്‍ പ്രസിഡന്റ് പദവി ഔദ്യോഗികമായി സ്വീകരിക്കുമെന്നിരിക്കേ അക്കാര്യങ്ങളില്‍ കൂടുതല്‍ ശ്രദ്ധിക്കേണ്ടതുണ്ട്.’ ബൈഡന്‍ പറഞ്ഞു.

സ്പീക്കര്‍ നാന്‍സി പെലോസിയും സെനറ്റ് ലീഡര്‍ ചക്ക് ഷൂമറും 25ാം ഭേദഗതി നടപ്പിലാക്കി പ്രസിഡന്റിനെ പുറത്താക്കണമെന്ന് നേരത്തെ തന്നെ ആവശ്യപ്പെട്ടിരുന്നു. പ്രസിഡന്റിനെ പുറത്താക്കി വൈസ് പ്രസിഡന്റിന് താല്‍ക്കാലിക ചുമതല നല്‍കുന്ന ഭേദഗതിയാണിത്.

തിങ്കളാഴ്ച ട്രംപിനെതിരെ ഇംപീച്ച്‌മെന്റ് നടപടികളുണ്ടാകുമെന്നാണ് ഇപ്പോള്‍ പുറത്തുവരുന്ന റിപ്പോര്‍ട്ടുകള്‍. ക്യാപിറ്റോളില്‍ അക്രമം നടത്തിയവരോട് ഞാന്‍ നിങ്ങളെ സ്‌നേഹിക്കുന്നുവെന്നും ഏറെ പ്രിയപ്പെട്ടവരാണെന്നും ട്രംപ് പറഞ്ഞിരുന്നു. നമ്മുടെ രാജ്യം തിരിച്ചുപിടിക്കാനായി പോരാടണം ഞാനും നിങ്ങള്‍ക്കൊപ്പം അണിനിരക്കുമെന്നെല്ലാമായിരുന്നു ആക്രമണത്തിന് തൊട്ടുമുന്‍പ് ജനങ്ങളെ അഭിസംബോധന ചെയ്ത് ട്രംപ് സംസാരിച്ചത്. ഇത്തരത്തില്‍ ആക്രമണത്തിന് ആഹ്വാനം നല്‍കിയെന്ന് കൂടി ചൂണ്ടിക്കാട്ടിയാണ് ട്രംപിനെ പുറത്താക്കാനൊരുങ്ങുന്നത്.

2024ലെ തെരഞ്ഞെടുപ്പില്‍ മത്സരിക്കുന്നതില്‍ നിന്നു കൂടി ട്രംപിനെ വിലക്കുന്നതാവും ഈ നടപടി. ഇംപീച്ച്‌മെന്റ് നടപ്പിലായാല്‍ അമേരിക്കയുടെ ചരിത്രത്തില്‍ ആദ്യമായി രണ്ട് തവണ പുറത്താക്കല്‍ നേരിട്ട പ്രസിഡന്റാകും ട്രംപ്. 2019ല്‍ ട്രംപിനെതിരെ ഇംപീച്ച്‌മെന്റ് പാസാക്കിയിരുന്നെങ്കിലും സെനറ്റില്‍ റിപ്പബ്ലിക്കന്‍സിന് ഭൂരിപക്ഷമുള്ളതിനാല്‍ നടപ്പിലാകാതെ പോകുകയായിരുന്നു.

ഡൊണാള്‍ഡ് ട്രംപ് വൈറ്റ് ഹൗസ് ഒഴിയാന്‍ പതിനാല് ദിവസം മാത്രം ബാക്കി നില്‍ക്കേയാണ് ക്യാപിറ്റോള്‍ മന്ദിരത്തില്‍ അമേരിക്കന്‍ ചരിത്രത്തില്‍ ആദ്യമായി ഇത്രവലിയ ആക്രമണം നടക്കുന്നത്. ക്യാപിറ്റോള്‍ കെട്ടിടത്തില്‍ മുദ്രാവാക്യം വിളിച്ചെത്തിയ ട്രംപ് അനുകൂലികള്‍ സായുധ പൊലീസുമായി ഏറ്റുമുട്ടുകയായിരുന്നു. നവംബറില്‍ നടന്ന പ്രസിഡന്റ് തെരഞ്ഞെടുപ്പിന്റെ ഫലം അംഗീകരിക്കില്ലെന്ന് ആഹ്വാനം ചെയ്തുകൊണ്ടായിരുന്നു ഇവരുടെ ആക്രമണം. ആക്രമണത്തെ അപലിച്ച് ലോകരാഷ്ട്രങ്ങള്‍ രംഗത്തെത്തിയിരുന്നു.

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

Content Highlight: Donald Trump to be impeached again, Joe Biden shows no interest

We use cookies to give you the best possible experience. Learn more