വാഷിംഗ്ടണ്‍: മെക്‌സിക്കന്‍ അതിര്‍ത്തിയില്‍ മതില്‍ പണിയണമെന്ന ആവശ്യം അംഗീകരിക്കാന്‍ ഡെമോക്രാറ്റുകള്‍ തയ്യാറായില്ലെങ്കില്‍ ഫെഡറല്‍ ഗവണ്‍മെന്റ് പ്രവര്‍ത്തനരഹിതമാക്കാനും മടിക്കില്ലെന്ന് ഡൊണാള്‍ഡ് ട്രംപ്. ഭരണകൂടം ആവശ്യപ്പെടുന്ന രീതിയിലുള്ള മാറ്റങ്ങള്‍ കുടിയേറ്റ നിയമങ്ങളില്‍ കൊണ്ടുവരാന്‍ വിസമ്മതിച്ചാല്‍ സര്‍ക്കാരുകളുടെ പ്രവര്‍ത്തനം തന്നെ മരവിപ്പിക്കുമെന്നാണ് ട്രംപിന്റെ വെല്ലുവിളി.
“അതിര്‍ത്തിയിലെ സുരക്ഷയ്ക്കു വേണ്ടിയെടുക്കുന്ന തീരുമാനങ്ങളെ ഡെമോക്രാറ്റുകള്‍ പിന്തുണച്ചില്ലെങ്കില്‍ സര്‍ക്കാരിനെ പ്രവര്‍ത്തനരഹിതമാക്കാന്‍ പോലും ഞാന്‍ മടിക്കില്ല. മെക്‌സിക്കന്‍ അതിര്‍ത്തിയിലെ നിര്‍ദ്ദിഷ്ട മതിലും ഈ തീരുമാനങ്ങളുടെ ഭാഗം തന്നെയാണ്. മെറിറ്റിന്‍ അധിഷ്ഠിതമായ കുടിയേറ്റ വ്യവസ്ഥകളിലേക്ക് നമ്മള്‍ പുരോഗമിക്കേണ്ടതുണ്ട്. രാജ്യത്തേക്ക് കടന്നു വരേണ്ടത് മികച്ച പൗരന്മാരാണ്.” ട്രംപ് ട്വിറ്ററില്‍ കുറിച്ചു.
ഇതാദ്യമല്ല സര്‍ക്കാര്‍ പ്രവര്‍ത്തനരഹിതമാക്കുമെന്ന വെല്ലുവിളി ട്രംപ് ഉയര്‍ത്തുന്നത്. സാമ്പത്തിക വിഷയങ്ങളിലും നയതന്ത്ര തീരുമാനങ്ങളിലും തന്റെ മുന്‍ഗണനകള്‍ക്ക് അംഗീകാരം ലഭിക്കാനായി പലവട്ടം ട്രംപ് പ്രയോഗിച്ചിട്ടുള്ള തന്ത്രമാണിത്.
Also Read: പലസ്തീന്‍ ബാലിക അഹദ് തമീമി ജയില്‍മോചിതയായി
എന്നാല്‍, നവംബറില്‍ നടക്കാനിരിക്കുന്ന കോണ്‍ഗ്രഷനല്‍ തെരഞ്ഞെടുപ്പിനു മുന്നെയായി ഫെഡറല്‍ സര്‍ക്കാരിന്റെ പ്രവര്‍ത്തനങ്ങള്‍ക്ക് തടസ്സം സൃഷ്ടിക്കുന്നത് ജനഹിതം റിപ്പബ്ലിക്കന്മാര്‍ക്കെതിരെ തിരിക്കാന്‍ കാരണമായേക്കും എന്നാണ് പൊതുവെയുള്ള വിലയിരുത്തല്‍.
കുടിയേറ്റ നിയമത്തില്‍ കര്‍ശനമായ മാറ്റങ്ങള്‍ കൊണ്ടുവരാനാണ് ട്രംപിന്റെ നീക്കം. മതില്‍ പണിയുക, വിസ അനുവദിക്കുന്ന രീതിയില്‍ സമൂലമായ മാറ്റങ്ങള്‍ വരുത്തുക എന്നിവയടക്കമുള്ള പദ്ധതികളാണ് ട്രംപ് ആസൂത്രണം ചെയ്യുന്നത്.
Also Read: പാകിസ്താന്‍ ഭരണകൂടത്തില്‍ ഇനിയൊരു കമ്മ്യൂണിസ്റ്റ് ശബ്ദം കൂടി
കോണ്‍ഗ്രസ് നിയന്ത്രിക്കുന്നത് റിപ്പബ്ലിക്കന്മാരാണെങ്കിലും മോഡറേറ്റുകളും കണ്‍സര്‍വേറ്റീവുകളും തമ്മിലുള്ള അഭിപ്രായവ്യത്യാസങ്ങള്‍ ഭരണപരമായ കാര്യങ്ങളില്‍ തടസ്സങ്ങള്‍ സൃഷ്ടിക്കുന്ന അവസ്ഥയിലേക്കാണ് സ്ഥിതിഗതികള്‍ നീങ്ങുന്നത്. ഇതിനു മുന്‍പ് സമാനമായ സാഹചര്യങ്ങളില്‍ സര്‍ക്കാര്‍ പ്രവര്‍ത്തനങ്ങള്‍ ജനുവരിയില്‍ മൂന്നു ദിവസത്തേക്ക് മരവിപ്പിച്ചിരുന്നു.
മുസ്‌ലിം രാജ്യങ്ങളില്‍ നിന്നുള്ളവര്‍ക്ക് യാത്രാവിലക്ക് ഏര്‍പ്പെടുത്തുന്നതുമുതല്‍ നിയമവിരുദ്ധമായി കുടിയേറ്റം നടത്തുന്ന കുടുംബങ്ങളിലെ കുട്ടികളെയും മാതാപിതാക്കളെയും തമ്മില്‍ പിരിക്കുന്നതു വരെ, ട്രംപിന്റെ നയങ്ങളെല്ലാം കടുത്ത വിമര്‍ശനങ്ങള്‍ക്കിരയായവയാണ്.