|

രണ്ടാം തവണയും ഞാന്‍ പരാജയപ്പെട്ടാല്‍ അമേരിക്കയില്‍ രക്തച്ചൊരിച്ചിലുണ്ടാവും: ഡൊണാള്‍ഡ് ട്രംപ്

ഡൂള്‍ന്യൂസ് ഡെസ്‌ക്

വാഷിങ്ടണ്‍: 2024 പ്രസിഡന്റ് തെരഞ്ഞെടുപ്പ് പ്രചരണത്തില്‍ മുന്‍ അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് നടത്തിയ പ്രസ്താവന വിവാദത്തില്‍. തെരഞ്ഞെടുപ്പില്‍ താന്‍ രണ്ടാം തവണയും പരാജയപ്പെട്ടാല്‍ അമേരിക്കന്‍ വ്യവസായത്തില്‍ രക്തച്ചൊരിച്ചില്‍ ഉണ്ടാകുമെന്നായിരുന്നു ട്രംപിന്റെ പ്രസ്താവന.

ഒഹായോയിലെ വണ്ടാലിയയില്‍ നടന്ന തെരഞ്ഞെടുപ്പ് പ്രചരണത്തിനിടയിലാണ് ട്രംപിന്റെ മുന്നറിയിപ്പ്. അമേരിക്കയിലെ ഓട്ടോ മൊബൈല്‍ വ്യവസായത്തിലും രാജ്യത്തുടനീളവും രക്തച്ചൊരിച്ചില്‍ ഉണ്ടാവുമെന്നാണ് ട്രംപ് പറഞ്ഞത്. ചൈനയില്‍ നിന്ന് യു.എസ് കാര്‍ നിര്‍മാതാക്കളെ രക്ഷിക്കാനുള്ള തന്റെ പദ്ധതികളെ കുറിച്ചും ട്രംപ് വ്യക്തമാക്കിയതായി അന്താരാഷ്ട്ര മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു.

‘ഞാനും ചൈനീസ് തലവനും സുഹൃത്തുക്കളാണ്. നിങ്ങള്‍ ഇപ്പോള്‍ മെക്‌സിക്കോയില്‍ നിര്‍മിച്ചുകൊണ്ടിരിക്കുന്ന വലിയ മോണ്‍സ്റ്റര്‍ കാര്‍ പ്ലാന്റുകളില്‍ അമേരിക്കന്‍ പൗരന്മാര്‍ക്ക് തൊഴില്‍ കൊടുക്കാന്‍ ചൈന ഉദ്ദേശിക്കുന്നില്ല. ആയതിനാല്‍ നിങ്ങളുടെ കാറുകള്‍ വില്‍ക്കാന്‍ ഞങ്ങളും ഉദ്ദേശിക്കുന്നില്ല,’ ഷി ജിന്‍പിങ്ങിനെ അഭിസംബോധന ചെയ്തുകൊണ്ട് പറഞ്ഞു.

വില്‍പ്പനക്കായി വരുന്ന ഓരോ ചൈനീസ് കാറിനും 100 ശതമാനം താരിഫ് ഏര്‍പ്പെടുത്താന്‍ ആണ് താന്‍ പദ്ധതിയിട്ടിരിക്കുന്നതെന്നും ട്രംപ് ചൂണ്ടിക്കാട്ടി. തെരഞ്ഞെടുപ്പില്‍ വീണ്ടും താന്‍ വിജയിക്കുകയാണെങ്കില്‍ ഈ കാറുകള്‍ യു.എസില്‍ വില്‍ക്കാന്‍ അനുമതി നല്‍കില്ലെന്നും മുന്‍ അമേരിക്കന്‍ പ്രസിഡന്റ് കൂട്ടിച്ചേര്‍ത്തു.

അമേരിക്ക നിലവില്‍ തകര്‍ച്ച നേരിടുകയാണെന്നും ഈ സാഹചര്യത്തില്‍ തന്നെ വോട്ട് ചെയ്തു വിജയിപ്പിക്കണമെന്നും ഡൊണാള്‍ഡ് ട്രംപ് ആവശ്യപ്പെട്ടു. തന്നെ തെരഞ്ഞെടുക്കാത്ത പക്ഷം രാജ്യത്ത് മുഴുവന്‍ രക്തച്ചൊരിച്ചില്‍ ഉണ്ടാവുമെന്നും ട്രംപ് പറഞ്ഞു. ഈ തെരഞ്ഞെടുപ്പില്‍ താന്‍ വിജയിച്ചില്ലെങ്കില്‍ ഇനി അമേരിക്കയില്‍ ഒരു തെരഞ്ഞെടുപ്പ് നടക്കും എന്നതില്‍ ഉറപ്പില്ലെന്നും ട്രംപ് മുന്നറിയിപ്പ് നല്‍കി.

അതേസമയം കഴിഞ്ഞ ദിവസം പ്രസിഡന്റ് തെരഞ്ഞെടുപ്പില്‍ ഡൊണാള്‍ഡ് ട്രംപ് മത്സരിക്കുന്നത് അംഗീകരിക്കാന്‍ കഴിയില്ലെന്ന് മുന്‍ യു.എസ് വൈസ് പ്രസിഡന്റ് മൈക്ക് പെന്‍സ് പറഞ്ഞിരുന്നു. പല വിഷയങ്ങളിലും ട്രംപുമായി അഭിപ്രായ വ്യത്യാസങ്ങള്‍ ഉണ്ടെന്നും മൈക്ക് പെന്‍സ് ചൂണ്ടിക്കാട്ടി.

രാഷ്ട്ര തലവനെന്ന നിലയിലുള്ള അദ്ദേഹത്തിന്റെ പ്രതിബദ്ധതകളില്‍ നിന്ന് ട്രംപ് വഴിമാറിപോയിരുന്നെന്നും മൈക്ക് പെന്‍സ് പറഞ്ഞു. പ്രസിഡന്റ് തെരഞ്ഞെടുപ്പിലേക്കുള്ള റിപ്പബ്ലിക്കന്‍ സ്ഥാനാര്‍ത്ഥികളുടെ പട്ടിക പൂര്‍ത്തിയായതിന് പിന്നാലെയായിരുന്നു പെന്‍സിന്റെ പ്രതികരണം.

Content Highlight: Donald Trump that if I fail for the second time, there will be bloodshed in America