| Sunday, 12th January 2020, 8:15 am

ഖാംനഈയുടെ രാജി ആവശ്യപ്പെട്ട് ഇറാനില്‍ പ്രതിഷേധം; പിന്തുണയുമായി ട്രംപ്

ഡൂള്‍ന്യൂസ് ഡെസ്‌ക്

വാഷിംഗ്ടണ്‍: ടെഹ്‌റാനില്‍ ഉക്രൈന്‍ പാസഞ്ചര്‍ വിമാനം തകര്‍ന്നതിന്റെ ഉത്തരവാദിത്തം ഇറാന്‍ ഏറ്റെടുത്തതിന് പിന്നാലെ പരമോന്നത നേതാവ് ആയത്തൊള്ള അലി ഖാംനഈയുടെ രാജി ആവശ്യപ്പെട്ട് ഇറാനില്‍ പ്രതിഷേധം ശക്തമാകുന്നു.

പ്രതിഷേധത്തെ പിന്തുണച്ച് അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപും രംഗത്തെത്തിയിട്ടുണ്ട്.

പ്രതിഷേധങ്ങള്‍ അടിച്ചമര്‍ത്താന്‍ ഇറാന്‍ പൊലീസ് ശ്രമിക്കുന്നതിനെതിരെയാണ് ട്രംപ് പ്രതികരിച്ചിരിക്കുന്നത്.

വാര്‍ത്തകള്‍ ടെലഗ്രാമില്‍ ലഭിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

” ഇറാനില്‍ നടന്നുകൊണ്ടിരിക്കുന്ന പ്രതിഷേധങ്ങളുടെ അടിസ്ഥാനത്തില്‍ മനുഷ്യാവകാശ സംഘടനകളെ വസ്തുതകള്‍ നിരീക്ഷിക്കാനും റിപ്പോര്‍ട്ട് തയ്യാറാക്കാനും ഇറാന്‍ അനുവദിക്കണം.”, ട്രംപ് ട്വീറ്റ് ചെയ്തു.

ടെഹ്‌റാനില്‍ വിമാനം തകര്‍ന്നു വീണ് മരിച്ച 176 ആളുകള്‍ക്കുള്ള ആദര സൂചകമായി ഒത്തുകൂടിയ നൂറുകണക്കിന് വിദ്യാര്‍ത്ഥികളെ ഇറാന്‍ പൊലീസ് പിരിച്ചുവിട്ടതിന് പിന്നാലെയാണ് ട്രംപ് പ്രതികരണവുമായി എത്തിയത്.

” ധീരരായ, ദീര്‍ഘകാലമായി ദുരിതംഅനുഭവിക്കുന്ന ഇറാനിലെ ജനതയ്ക്ക്: ഞാന്‍ പ്രസിഡന്റ് സ്ഥാനത്ത് എത്തിയ നാള്‍മുതല്‍ നിങ്ങളുടെ കൂടെ നില്‍ക്കുന്നുണ്ട്. തുടര്‍ന്നും എന്റെ ഭരണകൂടം നിങ്ങള്‍ക്കൊപ്പം നില്‍ക്കും.”, ട്രംപ് പറഞ്ഞു.

ഞങ്ങള്‍ നിങ്ങളുടെ പ്രതിഷേധങ്ങള്‍ വളരെ അടുത്ത നിന്ന് വീക്ഷിക്കുന്നുണ്ടെന്നും നിങ്ങളുടെ ധീരതയില്‍ നിന്ന് പ്രചോദനം ഉള്‍ക്കൊണ്ടെന്നും ട്രംപ് കൂട്ടിച്ചേര്‍ത്തു.

176 പേരുടെ മരണത്തിനിടയായ ഉക്രൈന്‍ പാസഞ്ചര്‍ വിമാനം തകര്‍ന്നുവീണതില്‍ ഇറാന്‍ കുറ്റസമ്മതം നടത്തിയിരുന്നു. വിമാനം തകര്‍ന്നതിന് പിന്നില്‍ തങ്ങളാണെന്നും എന്നാല്‍ മനപ്പൂര്‍വം ചെയ്ത കൃത്യമല്ലെന്നും ഇറാന്‍ സൈന്യം പുറത്തിറക്കിയ പ്രസ്താവനയില്‍ വ്യക്തമാക്കിയിരുന്നു. കുറ്റക്കാര്‍ക്കെതിരെ നടപടി സ്വീകരിക്കുമെന്നും ഇറാന്‍ വ്യക്തമാക്കിയിരുന്നു.

ഉക്രൈന്‍ ഇന്റര്‍നാഷണല്‍ എയര്‍പോട്ടിന്റെ നിയന്ത്രണ പരിധിയിലായിരുന്ന വിമാനമാണ് ബുധനാഴ്ച യാത്ര ആരംഭിക്കുന്നതിനിടെ തകര്‍ന്നുവീണത്.

ഡൂൾന്യൂസ് യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യാനായി ഇവിടെ ക്ലിക്ക് ചെയ്യൂ

We use cookies to give you the best possible experience. Learn more