| Saturday, 16th January 2021, 10:16 am

ജനാധിപത്യത്തിന്റെ 'വല്യേട്ടന്‍' നാണം കെടുമ്പോള്‍,നവംബര്‍ 3 മുതല്‍ അമേരിക്കയില്‍ സംഭവിച്ചത്

ശ്രിന്‍ഷ രാമകൃഷ്ണന്‍

വാഷിംഗ്ടണ്‍ ഡി.സിയില്‍ ഇപ്പോള്‍ അടിയന്തരാവസ്ഥയാണ്. ആയുധധാരികളായ യു.എസ് പട്ടാളം വൈറ്റ് ഹൗസിലും, ക്യാപിറ്റോള്‍ മന്ദിരത്തിലും അമേരിക്കന്‍ നഗരങ്ങളിലും റോന്ത് ചുറ്റുന്നു.

പൊതുജനങ്ങള്‍ക്ക് അസൗകര്യമുണ്ടാക്കാതിരിക്കാന്‍ ശ്രദ്ധിക്കണമെന്ന് നിര്‍ദേശവുമുണ്ട് അവര്‍ക്ക്. ലോകത്താകമാനം ജനാധിപത്യം കയറ്റുമതി ചെയ്യുന്നവരെന്ന് സ്വയം വിശേഷിപ്പിക്കുന്ന അമേരിക്ക ഇപ്പോള്‍ സ്വന്തം രാജ്യത്തെ ജനാധിപത്യം സംരക്ഷിക്കാനായി പട്ടാളക്കാവലിലാണുള്ളത്.

വാഷിംഗ്ടണില്‍ വീടിനുള്ളില്‍ കുറച്ചുദിവസത്തേക്ക് എങ്കിലും അടച്ചിരിക്കേണ്ടിവരുന്ന അമേരിക്കന്‍ പൗരന്മാര്‍ക്ക് മനസിലാകുന്നതല്ല ലോക പൊലീസ് ചമഞ്ഞ് അമേരിക്ക തടവിലാക്കിയ അനേകം ജീവിതങ്ങള്‍ നേരിട്ട മനുഷ്യാവകാശ ലംഘനങ്ങള്‍.

എങ്കിലും ലോകത്തിന് മുന്നില്‍ മഹത്തായ ജനാധിപത്യത്തിന്റെ ഉത്തമ ഉദാഹരണമാണ് അമേരിക്ക എന്ന സങ്കല്‍പത്തിന് ചെറുതല്ലാത്ത വിധത്തില്‍ ഒറ്റയ്ക്ക് പരുക്കേല്‍പ്പിച്ചിട്ടാണ് ഡൊണാള്‍ഡ് ട്രംപ് പടിയിറങ്ങുന്നത്. ട്രംപിന്റെ അധികാര ദുര്‍മോഹം യു.എസിലെ ദുര്‍ബലമായ തെരഞ്ഞെടുപ്പ് സംവിധാനത്തെയും തുറന്നുകാട്ടി.

മാസങ്ങള്‍ നീണ്ടുനിന്ന നാടകീയതയ്ക്കൊടുവിലാണ് അമേരിക്കയിലെ തെരഞ്ഞെടുപ്പ് പ്രക്രിയകള്‍ക്ക് പരിസമാപ്തിക്കുറിക്കുന്നത്. അതാകട്ടെ ഇപ്പോഴും പൂര്‍ണമായെന്ന് പറയാനും കഴിയില്ല. ചെറുതും വലുതുമായി 60 ഓളം ഹരജികള്‍ അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപും അനുയായികളും തെരഞ്ഞെടുപ്പില്‍ അട്ടിമറി നടന്നുവെന്നും ഫലം റദ്ദ് ചെയ്യണമെന്നും ആവശ്യപ്പെട്ട് സമര്‍പ്പിച്ചു.

എങ്ങിനെയെങ്കിലും കുറച്ച് വോട്ടുകള്‍ കണ്ടെത്തിതരണമെന്ന് ജോര്‍ജിയയിലെ തെരഞ്ഞെടുപ്പ് ഉദ്യോഗസ്ഥനോട് കെഞ്ചുന്ന ഡൊണാള്‍ഡ് ട്രംപിന്റെ ശബ്ദ സന്ദേശമുള്‍പ്പെടെ പുറത്തുവന്നു. തെരഞ്ഞെടുപ്പ് അട്ടിമറിക്കാന്‍ ട്രംപ് ശ്രമങ്ങള്‍ നടത്തുന്നുവെന്ന റിപ്പോര്‍ട്ടുകള്‍ ഇടയ്ക്കും തലക്കുമായി ചില അമേരിക്കന്‍ മാധ്യമങ്ങളില്‍ പ്രത്യക്ഷപ്പെട്ടു.

ഓവല്‍ ഹൗസില്‍ വൈറ്റ് ഹൗസിലെ ഉദ്യോഗസ്ഥരെ ഒഴിവാക്കി ട്രംപ് നടത്തിയ യോഗങ്ങള്‍ ഇതിന്റെ ഭാഗമാണെന്നും അഭ്യൂഹങ്ങള്‍ പരന്നു. മാര്‍ച്ച് ഫോര്‍ ട്രംപ് റാലിക്ക് ട്രംപ് തുടക്കമിട്ടു. പക്ഷേ അപ്പോഴൊന്നും അമേരിക്കയില്‍ ഒന്നും സംഭവിക്കില്ലെന്ന് ലോകം വിശ്വസിച്ചു.

പക്ഷേ ഇലക്ട്രല്‍ വോട്ടുകളെണ്ണി പ്രസിഡന്റിനെ ഔദ്യോഗികമായി പ്രഖ്യാപിക്കുന്ന ദിവസം അമേരിക്ക കത്തി, പാര്‍ലമെന്റ് മന്ദിരമായ ക്യാപിറ്റോളില്‍ ട്രംപ് അനുകൂലികള്‍ അക്രമം അഴിച്ചുവിട്ടു. ആറ് പേര്‍ കൊല്ലപ്പെട്ടു.

വൈസ് പ്രസിഡന്റിനെയും മറ്റ് പാര്‍ലമെന്റ് അംഗങ്ങളെയും സുരക്ഷ കണക്കിലെടുത്ത് ക്യാപിറ്റോളില്‍ നിന്ന് മാറ്റേണ്ടി വന്നു. പാര്‍ലമെന്റില്‍ ഡെമോക്രാറ്റുകള്‍ എവിടെ നിങ്ങളുടെ പ്രസിഡന്റെന്ന് റിപ്പബ്ലിക്കന്‍സിനോട് ചോദിച്ചു.

ഈ സമയവും ട്രംപ് തന്റെ വിദ്വേഷ പരാമര്‍ശങ്ങള്‍ തുടരുകയായിരുന്നു. മകള്‍ ഇവാങ്ക അക്രമത്തെ അപലപിച്ചെങ്കിലും പ്രതിഷേധക്കാരെ രാജ്യസ്നേഹികളെന്ന് വിളിച്ചു. അങ്ങിനെ ലോകത്തിന് മുന്നില്‍ അമേരിക്കയെന്ന ആധുനിക ജനാധിപത്യ രാഷ്ട്രം സമാനതകളില്ലാതെ തലകുനിച്ച് നില്‍ക്കേണ്ടി വന്നു.

നവംബര്‍ മൂന്നിന് അവസാനിച്ച തെരഞ്ഞെടുപ്പിന് പിന്നാലെ അമേരിക്കയില്‍ സംഭവിച്ചത് ചരിത്രത്തിലിന്നോളം ആ രാജ്യം നേരിടാത്ത പ്രതിസന്ധികളായിരുന്നു. തെരഞ്ഞെടുപ്പ് അട്ടിമറിക്കാനും ജനങ്ങളുടെ വിധി തിരുത്തിയെഴുതാനും അമേരിക്കയില്‍ ട്രംപ് ഒറ്റയ്ക്ക് നേതൃത്വം നല്‍കി.

ജനാധിപത്യപരമായി തെരഞ്ഞെടുക്കപ്പെട്ട സര്‍ക്കാരുകളെ അട്ടിമറിക്കുന്നത് അമേരിക്കയ്ക്ക് പുതിയ കാര്യമല്ലെങ്കിലും സ്വന്തം രാജ്യത്ത് ഇത്തരം നീക്കങ്ങള്‍ അപ്രതീക്ഷിതം തന്നെയായിരുന്നു. എന്തായിരുന്നു അമേരിക്കയില്‍ സംഭവിച്ചത് ഡൂള്‍ എക്സ്പ്ലെയിനര്‍ പരിശോധിക്കുന്നു.

നവംബറില്‍ ആരംഭിച്ച തെരഞ്ഞെടുപ്പ് പ്രക്രിയയുടെ അവസാനത്തില്‍ ഡിസംബര്‍ 14ന് ജോ ബൈഡനെ വിജയിയായി ഇലക്ട്രല്‍ കോളേജ് ഔദ്യോഗികമായി പ്രഖ്യാപിച്ചു. 50 സംസ്ഥാനങ്ങളില്‍ നിന്നുമുള്ള എല്ലാ വോട്ടുകളും ഔദ്യോഗികമായി എണ്ണിത്തിട്ടപ്പെടുത്തിയ ശേഷമായിരുന്നു ബൈഡനെ പുതിയ പ്രസിഡന്റായി ഇലക്ട്രല്‍ കോളേജ് പ്രഖ്യാപിച്ചത്. ബൈഡന് 303 ഇലക്ട്രല്‍ വോട്ടുകളും ട്രംപിന് 232 വോട്ടുകളുമാണ് ലഭിച്ചത്.

പക്ഷെ ആദ്യ തെരഞ്ഞെടുപ്പ് ഫല സൂചനകള്‍ വന്നുതുടങ്ങിയപ്പോള്‍ തന്നെ തെരഞ്ഞെടുപ്പില്‍ അട്ടിമറി ആരോപണവുമായി ഡൊണാള്‍ഡ് ട്രംപ് മുന്നോട്ടുവന്നു. കേവല ഭൂരിപക്ഷത്തിന് ആവശ്യമായ 270 വോട്ടുകള്‍ ഡെമോക്രാറ്റിക് പ്രസിഡന്‍ഷ്യല്‍ സ്ഥാനാര്‍ത്ഥി ബൈഡന്‍ ഉറപ്പാക്കിയപ്പോഴും ട്രംപ് തോല്‍വി സമ്മതിക്കാന്‍ തയ്യാറായില്ല.

വിജയിച്ചത് താനാണെന്നും അട്ടിമറി നടന്നുവെന്നും ട്രംപ് നിരന്തരം വാദങ്ങള്‍ ഉന്നയിച്ചു. തെരഞ്ഞെടുപ്പ് ഫലവുമായി ബന്ധപ്പെട്ട അന്തിമ റിപ്പോര്‍ട്ടുകള്‍ പുറത്തു വന്നതിന് പിന്നാലെയും ട്രംപ് ഇത് തന്നെ ആവര്‍ത്തിച്ചു. ട്വിറ്റര്‍ ട്രംപിന്റെ ട്വീറ്റുകള്‍ക്ക് വാണിങ്ങ് നല്‍കി. ട്രംപിന്റെ തെരഞ്ഞെടുപ്പ് ട്വീറ്റുകള്‍ വ്യാജമാണെന്ന് പ്രത്യേകം മാര്‍ക്ക് ചെയ്തു.പക്ഷേ അതുകൊണ്ടൊന്നും അയാള്‍ അവസാനിപ്പിച്ചില്ല.

വോട്ടെണ്ണല്‍ നടന്നുകൊണ്ടിരിക്കെ തന്നെ പെന്‍സില്‍വേനിയ, മിഷിഗന്‍, ജോര്‍ജിയ എന്നീ സംസ്ഥാനങ്ങളിലെ വോട്ടെണ്ണലില്‍ ക്രമക്കേട് ആരോപിച്ച് ട്രംപ് അനുകൂലികള്‍ കോടതിയെ സമീപിച്ചു. അടിയന്തിര ഹര്‍ജിയുമായി ജോര്‍ജിയയിലാണ് ആദ്യം കോടതിയെ സമീപിച്ചത്.

തെരഞ്ഞെടുപ്പ് നിയമം നടപ്പാക്കി വോട്ടെണ്ണലിലെ സത്യസന്ധത സംരക്ഷിക്കണമെന്ന് ആവശ്യപ്പെട്ട റിപ്പബ്ലിക്കന്‍ പാര്‍ട്ടി സംസ്ഥാന ചെയര്‍മാന്‍ ഡേവിഡ് ഷെഫറാണ് അടിയന്തര ഹരജി സമര്‍പ്പിച്ചത്.

ഇവിടെ തുടങ്ങി ഏകദേശം അറുപതോളം ഹരജികള്‍ തെരഞ്ഞെടുപ്പിനെതിരെ സമര്‍പ്പിക്കപ്പെട്ടുവെന്നാണ് ബി.ബി.സിയുടെ റിപ്പോര്‍ട്ടില്‍ പറയുന്നത്. ഇവിടെയും നിര്‍ത്തിയില്ല, ട്രംപും ട്രംപനുകൂലികളും തെരഞ്ഞെടുപ്പ് റദ്ദാക്കാന്‍ കഴിയാവുന്നതെല്ലാം ചെയ്തു.

ഇതിനിടയിലാണ് ഓവല്‍ ഹൗസിലെ ഗൂഢാലോചനയെക്കുറിച്ച് സി.എന്‍.എന്‍ റിപ്പോര്‍ട്ട് വരുന്നത്. നിലവിലെ അധികാരങ്ങള്‍ ഉപയോഗിച്ച് ട്രംപ് അട്ടിമറി നീക്കങ്ങള്‍ക്ക് ശ്രമം നടത്തുന്നുവെന്നായിരുന്നു റിപ്പോര്‍ട്ടുകള്‍.

ഗൂഢാലോചന തിയറിസ്റ്റെന്ന് അറിയപ്പെട്ട അമേരിക്കയിലെ അഭിഭാഷക സിഡ്നി പവലടക്കം വാഷിംഗ്ടണിലെത്തിയത് വലിയ അഭ്യൂഹങ്ങള്‍ക്ക് വഴിവെച്ചു. ഇതിനെല്ലാമിടയില്‍ വൈസ് പ്രസിഡന്റ് മൈക്ക് പെന്‍സിന് തെരഞ്ഞെടുപ്പ് റദ്ദ് ചെയ്യാനുള്ള അധികാരമുണ്ടെന്ന് ട്രംപ് പറഞ്ഞു. പക്ഷേ അപ്പോഴേക്കും റിപ്പബ്ലിക്കന്‍ പാര്‍ട്ടിക്കിടയില്‍ തന്നെ ട്രംപിനെതിരെ വിമര്‍ശനങ്ങള്‍ രൂപപ്പെട്ടിരുന്നു.

ട്രംപനുകൂലികള്‍ പാര്‍ട്ടിയില്‍ എണ്ണെത്തില്‍ കുറഞ്ഞു. ഈ മനുഷ്യന്‍ പാര്‍ട്ടിക്ക് ഏല്‍പ്പിച്ച ആഘാതം ചെറുതല്ലെന്ന് റിപ്പബ്ലിക്കന്‍സ് തന്നെ പറയാന്‍ തുടങ്ങി. ട്രംപിനെതിരെ വിമര്‍ശനങ്ങള്‍ കൂടി വന്നു. ഇതിനിടയില്‍ അധികാരം കൈമാറുന്നതിന് ട്രംപ് തടസ്സം നില്‍ക്കുന്നുവെന്ന് പരസ്യമായി പറഞ്ഞ് ബൈഡന്‍ മുന്നോട്ട് വന്നു. ഇന്റലിജന്‍സ് വിവരങ്ങള്‍ ഉള്‍പ്പെടെ കൈമാറുന്നില്ല എന്നായിരുന്നു ബൈഡന്റെ ആരോപണം.

ഇതിന് പിന്നാലെയാണ് ചെറിയൊരു കച്ചിത്തുരുമ്പ് ട്രംപിന് കിട്ടിയത്. 11 റിപ്പബ്ലിക്കന്‍ വോട്ടര്‍മാര്‍ ഇലക്ട്രല്‍ കോളേജ് വോട്ടുകള്‍ കണക്കിലെടുക്കില്ലെന്ന തീരുമാനമെടുത്തു.

റിപ്പബ്ലിക്കന്‍ പാര്‍ട്ടിക്കിടയില്‍ തന്നെ തഴയപ്പെട്ട ട്രംപ് ഇതൊരു അവസരമാക്കിയെടുക്കുകയും മാര്‍ച്ച് ഫോര്‍ ട്രംപ് എന്ന പുതിയ പ്രതിഷേധ സമരത്തിന് ആഹ്വാനം ചെയ്യുകയും ചെയ്തു. ഇതിനിടെ അവസാനത്തെ ശ്രമമെന്ന രീതിയില്‍ 11,780 വോട്ട് എനിക്ക് അത്രമാത്രം മതി അത് കണ്ടെത്തി തരൂ എന്ന് ട്രംപ് ജോര്‍ജിയിയിലെ തെരഞ്ഞെടുപ്പ് ഉദ്യോഗസ്ഥനോട് ആവശ്യപ്പെടുന്ന ശബ്ദ സന്ദേശം വലിയ കോലാഹലം തന്നെ തീര്‍ത്തു.

ഈ വിവാദങ്ങള്‍ ഒടുങ്ങുന്നതിന് മുന്‍പ് 2021 ജനുവരി ആറിന് ലിബറല്‍ ജനാധിപത്യത്തിന് പേരുകേട്ട അമേരിക്കയ്ക്ക് വലിയ പ്രഹരമേല്‍പ്പിച്ച് ആ രാജ്യത്തിന്റെ ചരിത്രത്തില്‍ ഇതുവരെ ഇല്ലാത്ത സുരക്ഷാ ലംഘനങ്ങള്‍ യു.എസ് ക്യാപിറ്റോള്‍ മന്ദിരത്തില്‍ തന്നെ നടന്നു.

ആ കലാപം അമേരിക്കയെ അക്ഷരാര്‍ത്ഥത്തില്‍ നാണം കെടുത്തി. ട്രംപിനെതിരായി ഒറ്റകെട്ടായി ലോകം നേതാക്കള്‍ തിരിഞ്ഞു. അമേരിക്കയിലെ ജനാധിപത്യം സംരക്ഷിക്കണമെന്ന ആവശ്യം ഉയര്‍ന്നു. അതൊരു വലിയ വിരോധാഭാസം കൂടിയായിരുന്നു.

ഇനിയും ഇയാളെ വെച്ചു പൊറുപ്പിക്കുകയാണോ എന്ന് റിപ്പബ്ലിക്കന്‍ പാര്‍ട്ടിക്കുമേല്‍ ചോദ്യം ഉയര്‍ന്നു. പക്ഷേ ട്രംപിന് വേണ്ടി കയ്യടിക്കാനും ആളുകളുണ്ടായി. ഇനി സമയമില്ല വേഗം ഭരണഘടനയുടെ 25ാമത് ഭേദഗതി ഉപയോഗിച്ച് ട്രംപിനെ പുറത്താക്കൂ എന്നാവശ്യപ്പെട്ട് മൈക്ക് പെന്‍സിനു മേല്‍ സമ്മര്‍ദ്ദമേറി.

അമേരിക്ക പിരിമുറുക്കത്തിലായി. ജനുവരി ആറിലെ ആറ് പേരുടെ മരണത്തിനിടയാക്കിയ ക്യാപിറ്റോള്‍ കലാപത്തിന് പിന്നാലെ മണിക്കൂറുകള്‍ നീണ്ട നാടകീയതയ്ക്കൊടുവില്‍ ജൊ ബൈഡനെ റിപ്പബ്ലിക്കന്‍ വൈസ് പ്രസിഡന്റ് മൈക്ക് പെന്‍സ് പുതിയ പ്രസിഡന്റായി പ്രഖ്യാപിച്ചു.

പെന്‍സില്‍വാനിയയിലെയും അരിസോണയിലെയും വോട്ടുകള്‍ക്കെതിരെ ഉയര്‍ന്ന എതിര്‍പ്പ് സൈനറ്റും ജനപ്രതിനിധി സഭയും നിരസിച്ചതിനെ തുടര്‍ന്നാണ് ഇലക്ട്രല്‍ വോട്ടുകള്‍ അംഗീകരിച്ചത്. അക്രമികളെ പുറത്താക്കിയതിന് ശേഷം അലങ്കോലപ്പെട്ട കെട്ടിടം വൃത്തിയാക്കിയാണ് വോട്ടെണ്ണല്‍ പുനരാരംഭിച്ചതും ബൈഡനെ പ്രസിഡന്റാക്കുന്നതും.

റിപ്പബ്ലിക്കന്‍ പാര്‍ട്ടിയില്‍ തന്നെ ട്രംപിന്റെ ക്യാബിനറ്റ് അംഗങ്ങളടക്കം കൂട്ടരാജിവെച്ചിരുന്നു. ഇനിയും നാണംകെടാന്‍ വയ്യെന്നായിരുന്നു അവര്‍ പറഞ്ഞത്. സമ്മര്‍ദ്ദങ്ങള്‍ക്കൊടുവില്‍ ട്രംപിന് പരാജയം സമ്മതിക്കേണ്ടി വന്നു. പക്ഷേ ഇതുകൊണ്ടൊന്നും തീര്‍ന്നില്ല.

കലാപത്തിന് ആഹ്വാനം ചെയ്തുവെന്ന് കാണിച്ച് ട്രംപിനെ യു.എസ് ജനപ്രതിനിധി സഭ ഇംപീച്ച് ചെയ്തു. അമേരിക്കയുടെ 245 വര്‍ഷത്തെ ചരിത്രത്തിനിടയില്‍ രണ്ട് തവണം ഇംപീച്ച് ചെയ്യപ്പെട്ട ഏക പ്രസിഡന്റായി ട്രംപ്. പ്രമേയത്തെ അനുകൂലിച്ച് പത്ത് റിപ്പബ്ലിക്കന്‍ അംഗങ്ങളും ട്രംപിനെതിരെ വോട്ട് ചെയ്തു.

ഇനി സെനറ്റും വിധിയെഴുതണം. അതൊരുപക്ഷേ ബൈഡന്‍ അധികാരത്തിലേറിയതിന് ശേഷമായിരിക്കും. ജനപ്രിതനിധി സഭയില്‍ ഇംപീച്ച്മെന്റ് പാസായതു പോലെ എളുപ്പമാകില്ല സെനറ്റില്‍. ഇതിനിടയില്‍ ട്രംപ് ആണവ ആക്രമണം നടത്തുമോ എന്നും യുദ്ധത്തിന് ആഹ്വാനം ചെയ്യുമോ എന്നും വരെ ഭയപ്പെട്ടു ലോകവും അമേരിക്കയും ഒരു പോലെ.

അവസാന കാലയളവില്‍ ട്രംപ് ആണവായുധങ്ങള്‍ പ്രയോഗിക്കില്ലെന്ന് ഉറപ്പുവരു്ത്താന്‍ സ്പീക്കറുടെ നേതൃത്വത്തില്‍ പ്രത്യേക നടപടികളും സ്വീകരിച്ചിരുന്നു.

ഇനി ജനുവരി ഇരുപതിലേക്ക് ലോകം ഉറ്റുനോക്കുകയാണ്. ജനാധിപത്യപരമായി തെരഞ്ഞെടുക്കപ്പെട്ട സര്‍ക്കാരിനെ പട്ടാളക്കാവലില്‍ അധികാരത്തിലേറ്റാനാണ് നേരത്തെ പറഞ്ഞ സൈനികരെല്ലാം വാഷിംഗ്ടണില്‍ തമ്പടിച്ചിരിക്കുന്നത്. അമേരിക്ക താറുമാറാക്കിയ രാജ്യങ്ങളിലെ ജനങ്ങളും ഇതെല്ലാം കാണുന്നുണ്ട്.

ജനാധിപത്യത്തിന് അമേരിക്ക ഏര്‍പ്പെടുത്തുന്ന കാവല്‍ അവര്‍ വീക്ഷിക്കുന്നുണ്ട്. പക്ഷേ പോകുന്ന പോക്കിലും ഉപരോധത്തിലൂടെയും അധികാര ദുര്‍വിനിയോഗത്തിലൂടെയും കാലാകാലങ്ങളായി വേട്ടയാടുന്ന രാജ്യങ്ങളെയെല്ലാം അമേരിക്ക വീണ്ടും ഉപദ്രവിച്ചിട്ടുണ്ട്. അത് ട്രംപില്‍ മാത്രം ഒതുങ്ങുന്ന കുറ്റവുമല്ല. അമേരിക്കയുടെ കുറ്റമാണ്. അതിന് അയാളെ മാത്രം ഒറ്റയ്ക്ക് കുറ്റപ്പെടുത്താനാകില്ല.

പക്ഷേ 2020ലെ അമേരിക്കന്‍ പ്രസിഡന്റ് തെരഞ്ഞടുപ്പില്‍ ട്രംപ് കൊണ്ടുവന്ന ആഗോള ശ്രദ്ധ യു.എസിലെ ദുര്‍ബലമായ തെരഞ്ഞെടുപ്പ് സംവിധാനത്തെ തുറന്നുകാട്ടാന്‍ സഹായിക്കുന്നതാണ്. ലോകത്തെ ജനാധിപത്യവത്കരിക്കണമെങ്കില്‍ അമേരിക്കയല്ല അനുകരിക്കേണ്ട മാതൃകയെന്ന നിരീക്ഷണങ്ങള്‍ ഒരുപരിധിവരെ ശരിവെച്ചുകൂടിയാണ് അയാള്‍ പടിയിറങ്ങുന്നത്.

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

ശ്രിന്‍ഷ രാമകൃഷ്ണന്‍